നിങ്ങള്‍ കാണിച്ച ആ തന്റേടം.. നട്ടെല്ലുള്ള ഒരാണിനും വിയോജിക്കാന്‍ പറ്റില്ല, അവന് അമ്മയും സഹോദരിയും ഭാര്യയും മകളും ഉണ്ടെങ്കില്‍; സംവിധായകന്റെ കുറിപ്പ്
സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം നടത്തിയ ആളെ കൈകാര്യം ചെയ്ത നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയ്ക്ക് പിന്തുണയുമായി സംവിധായകന്‍ ആലപ്പി അഷറഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. യൂട്യൂബില്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതും,മതങ്ങളെ അക്ഷേപിക്കുന്നതുമായ ചാനലുകള്‍ അസഹനീയമായ് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. നിയമം വെറും നോക്കുകുത്തിയായെന്നും ഒരു കര്‍ശന ശുദ്ധീകരണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട സമയം കഴിഞ്ഞുവെന്നും അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.
അതേസമയം, ഈ സംഭവത്തിലെ എല്ലാ രീതിയോടും ഭാഗ്യലക്ഷ്മിയോട് യോജിപ്പുണ്ടെന്നു ഞാന്‍ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നിങ്ങള്‍ കാണിച്ച ആ തന്റേടം… നട്ടെല്ലുള്ള ഒരാണിനും വിയോജിക്കാന്‍ പറ്റില്ല … അവന് അമ്മയും സഹോദരിയും ഭാര്യയും മകളും ഉണ്ടെങ്കില്‍…’-അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സാംസ്‌ക്കാരിക നായകന്മാരോട് ഒരു വാക്ക്… അപമാനഭാരം കൊണ്ട് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത ശേഷമല്ല നിങ്ങള്‍ മുതല കണ്ണീരൊഴുക്കേണ്ടത്…
പതിറ്റാണ്ടുകള്‍ക്ക് മുന്‍പു്…
ഞാന്‍ ജഖ ആന്റണിക്കും ജയനുമൊക്കെ വേണ്ടി ഡബ്ബിംഗ് ആരംഭിച്ച കാലത്ത് ഒരു പാവടയും ഉടുപ്പും ധരിപ്പിച്ച് നല്ലത് പോലെ അണിയിച്ചൊരുക്കി കൊച്ച് മിടുക്കി പെണ്‍കുട്ടിയെ അവളുടെ വല്യമ്മ കൈപിടിച്ച് ഡംബ്ബിംഗ് തിയേറ്ററിലേക്ക് കൊണ്ടുവരുന്നത് ഞാനിന്നും ഓര്‍ക്കുന്നു… സിനിമയിലെ കുട്ടികള്‍ക്ക് ശബ്ദം നല്കാനായിരുന്നു അവളെ അവിടെ കൊണ്ടുവന്നിരുന്നത് .
പിന്നീടവള്‍ വളര്‍ന്ന് പാവടയും ഹാഫ് സാരിയുമായി അപ്പോഴും വല്യമ്മ അവളെ ചേര്‍ത്ത് പിടിച്ചിരുന്നു.
അന്നത്തെ കാലത്ത് ഒരു സിനിമയില്‍ സബ്ബിംഗ് സമയത്ത് നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കാന്‍ വേണ്ടി ഒരു കൂട്ടം ആള്‍ക്കാര്‍ തിയേറ്ററില്‍ ഉണ്ടാകും.. സിനിമയിലെ എല്ലാ നല്ലതും ചീത്തയുമായ ന്യൂസുകളും ആ കൂട്ടം അവിടെ ചര്‍ച്ച ചെയ്യപ്പെടാറുണ്ടു്. എന്നാല്‍ അവരില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറി ആ വല്യമ്മയും ആ കുട്ടിയും മാറിയിരിക്കുന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
വളരെ അച്ചടക്കത്തോടെയും മാന്യമായ പെരുമാറ്റത്തിലൂടെയും എന്നെ അന്ന് ആകര്‍ഷിച്ച ആ പെണ്‍കുട്ടിയാണ് പിന്നിട് ഫുള്‍ സാരിയില്‍ വന്ന് ശബ്ദ കലയില്‍ വിസ്മയം തീര്‍ത്ത ഭാഗ്യലക്ഷമി.
സിനിമാരംഗത്ത് വലിയ തറവാടുകളില്‍ നിന്നെത്തിയ നിരവധി പെണ്‍കുട്ടികള്‍ വഴി തെറ്റി യാത്ര ചെയ്യുന്ന കാലത്തും അനാഥയായി കഷ്ടപ്പാടിലൂടെ വളര്‍ന്ന ആ കുട്ടി വളരെ അച്ചടക്കത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും ഒരു പേരുദോഷവും കേള്‍പ്പിക്കാതെ ജിവിക്കുന്നത് നേരില്‍കണ്ടിട്ടുള്ള സത്യം ഞാനിവിടെ സാക്ഷ്യപ്പെടുത്തുന്നു.
ഭാഗ്യലക്ഷമിയെക്കുറിച്ച് ഒരു മോശമായ അഭിപ്രായവും എവിടെയും കേട്ടിട്ടില്ല എന്നത് സത്യമാണ്.
പിന്നീട് അവരുടെ ദാമ്ബത്യം തകര്‍ന്നപ്പോള്‍… അവരില്‍ പല സ്വാഭാവിക മാറ്റങ്ങളും സംഭവിച്ചതായ് അറിഞ്ഞു, അതവരുടെ സ്വകാര്യത.
കഴുത കരഞ്ഞു തീര്‍ക്കുന്നത് പോലെ ഇവിടെ സോഷ്യല്‍ മീഡിയയില്‍ ഭാഗ്യലക്ഷമിക്കെതിരെ രണ്ടു പേരെത്തി… സോഷ്യല്‍ മീഡിയയിലുടെ സ്ത്രീകളെ അപമാനിക്കുന്നവര്‍.
ആദ്യം സഹപ്രവര്‍ത്തകയെ വാക്കുകള്‍ കൊണ്ടു് വായ് മൂടിക്കെട്ടി അപമാനിക്കാന്‍ ശ്രമിക്കുന്ന ശാന്തി വിള.
വ്യക്തിപരമായ് ജീവിതത്തിലെ വിഴിപ്പ് പൊതുവേദിയില്‍ അലക്കാന്‍ ശ്രമിച്ചു അവരെ അപമാനിക്കാന്‍ നോക്കുന്നു..
പരസ്പര ബഹുമാനമെന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് ശാന്തിവിള ദിനേഷനും എനിക്കും ഒരുപോലെ ബാധകമാണ്.
ശാന്തിവിള ദിനേശ് അവരെ പറ്റി പറഞ്ഞതൊക്കെ ഒരിക്കലും ആര്‍ക്കും യോജിക്കാന്‍ പറ്റാത്ത ആരോപണങ്ങളാണ്.
അദ്ദേഹത്തെ ചൊടിപ്പിച്ചത് രാമലീല എന്ന സിനിമ തിയേറ്ററില്‍ പോയി കാണില്ല എന്നു ഒരു ചാനലില്‍ പറഞ്ഞതാണ്, ആ സിനിമയില്‍ രാധികക്ക് ശബ്ദം നല്കിയതാണ് അവര്‍ ചെയ്ത അപരാധം.. അതവരുടെ തൊഴിലാണ് രാധികയുടെ സ്ഥിരമായ ശബ്ദം അവവരുടെതുമാണ് . തിയേറ്ററില്‍ പോയി പടം കാണുന്നത് അവരുടെ സ്വാതന്ത്ര്യവുമാണ്. അത് പോലെ തന്നെ അവരുടെ കുടുബജിവിതവും അവരുടെ സ്വകാര്യതയാണ്. അവര്‍ വേര്‍പിരിഞ്ഞ ഭര്‍ത്താവിനെ കുറിച്ച് ഒന്നും പറയാന്‍ പാടില്ലായിരുന്നു എഴുതാന്‍ പാടില്ലായിരുന്നു, കണ്ടു പഠിക്കാന്‍ ഉദാഹരണവും നിര്‍ദ്ദേശവും ശാന്തിവിള നല്കി.
എന്നാല്‍ ആ നിര്‍ദ്ദേശത്തിലുമുണ്ടു് പക്ഷാപാതം. കുടുബമുള്ളവരെപ്രേമിക്കുന്നതിനെ പറ്റിയുള്ള പരാമര്‍ശത്തില്‍ ഈ ഉദാഹരണം ഒരിക്കലും യോജിക്കില്ലല്ലോ.
വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ പിന്നെ സ്ത്രീ ശബ്ദിക്കരുത് ..
അവളുടെ മുന്‍ ഭര്‍ത്താവ് മറുപടി പറയാത്തത് അവളുടെ കുറ്റമല്ലല്ലോ..
ഇനി അങ്ങിനെയെങ്കില്‍ മുന്‍ ചലച്ചിത്ര നായിക അവതരിപ്പിക്കുന്ന ‘കഥയല്ലിത് ജിവിതം’ നിരോധിക്കേണ്ടി വരുമല്ലോ സുഹൃത്തേ.
ശാന്തി വിളയില്‍ നിന്നും പ്രചോദനം കൊണ്ടു് ഡോസ് കൂട്ടി ഇല്ലാകഥയുമായ് മറ്റൊരുത്തന്‍…. ഒരു വിധത്തിലും സഹിക്കാന്‍ പറ്റാത്ത വാക്കുകള്‍… അവിടെയും ഒരിര ഭാഗ്യലക്ഷമി. ഇതിങ്ങിനെ പോയാല്‍ ആര്‍ക്കും കേറിമേയാവുന്ന പേരായ് മാറിയേനെ ഭാഗ്യലക്ഷ്മി …
അവിടെയാണ് പെണ്ണ് എന്താണന്ന് കാട്ടി ഭാഗ്യലഷ്മി രംഗത്ത് വന്നത്. നിയമവും നീതിയും നോക്കുകുത്തിയായിടത്ത് ഒരു പെണ്ണ് എങ്ങിനെയായിരിക്കണമെന്ന് നമുക്കവള്‍ കാട്ടി തന്നു..
പിന്നീട് കണ്ടത്. മനശാസ്ത്രജ്ഞന്‍ മനസ്സു തുറന്നു …. കവിളില്‍ അടിയുടെ അടയാളവുമായ് കൈകൂപ്പി അവളോട് കെഞ്ചേണ്ടി വന്നു..
ഇനി ഏതായാലും തമിഴ്‌നാട്ടിലെ ഡോക്ടറേറ്റിനെ കുറിച്ചും അന്വേഷണം കഴിഞ്ഞറിയാം അയാളുടെ കാര്യം കട്ടപ്പുകയാകുമോ എന്ന്.
യൂടൂബില്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന ചാനലുകള്‍, മതങ്ങളെ അക്ഷേപിക്കുന്ന ചാനലുകള്‍ അസഹനീയമായ് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു.. ഇവിടെ നിയമം വെറും നോക്കുകുത്തി. ഒരു കര്‍ശന ശുദ്ധികരണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട സമയം എന്നേ കഴിഞ്ഞു.
ഭാഗ്യലക്ഷ്മിയോട് ഒരു വാക്ക് സംഭവത്തിലെ എല്ലാ രീതിയോടും നിങ്ങളോട് യോജിപ്പുണ്ടെന്നു ഞാന്‍ പറയുന്നില്ല ..
എന്നാല്‍ നിങ്ങള്‍ കാണിച്ച ആ തന്റേടം… നട്ടെല്ലുള്ള ഒരാണിനും വിയോജിക്കാന്‍ പറ്റില്ല … അവന് അമ്മയും സഹോദരിയും ഭാര്യയും മകളും ഉണ്ടെങ്കില്‍…
ഇവിടെ ഭാഗ്യലഷ്മിയുടെ സ്ഥാനത്ത്, നമ്മുടെ സ്വന്തം സഹോദരി ആണ് എന്ന് വിചാരിച്ചാല്‍ മതി… ഇതൊക്കെ തന്നെയാണ് ശരി എന്നും തോന്നും. അങ്ങിനെയാകുമ്‌ബോള്‍…. ‘സ്വന്തം സഹോദരിയോടെപ്പം ‘ അതേ… ഭാഗ്യലഷ്മി മാരോടൊപ്പം നമുക്ക് അണിചേരാം…
ആലപ്പി അഷറഫ്