കൊറോണക്കെതിരെ വേറിട്ട ബോധവത്കരണവുമായി അജു വര്‍ഗീസ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ലോക രാജ്യങ്ങള്‍ക്ക് തന്നെ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്ന കോവിഡ് 19 വൈറസ് ബാധക്കെതിരെ ആരോഗ്യ വകുപ്പും സര്‍ക്കാരും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ബോധവല്‍ക്കരണത്തിലും മലയാള സിനിമാ താരങ്ങളും പങ്കാളിയാകുന്നുണ്ട്.
അക്കൂട്ടത്തില്‍ വ്യത്യസ്തമായ ഒരു ബോധവല്‍ക്കരണ രീതിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. ട്രോളിന്റെ രൂപത്തില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് അജു വര്‍ഗീസ് രസകരമായ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരിട്ടുള്ള സ്പര്‍ശനം ഒഴിവാക്കുകയെന്ന സന്ദേശം പകരാന്‍ ജഗതി ശ്രീകുമാറും സിദ്ധിഖും അഭിനയിച്ച ചില ചിത്രങ്ങളിലെ ദൃശ്യങ്ങളാണ് അജു വര്‍ഗീസ് പങ്കുവച്ചിരിക്കുന്നത്.
കൈത്തോക്കിന്റെ ബാരല്‍ കൊണ്ട് കോളിംഗ് ബെല്‍ അമര്‍ത്തുന്ന ജഗതി ശ്രീകുമാറിന്റെ ചിത്രവും കോഴിയുടെ ചുണ്ടുകള്‍ കൊണ്ട് കോളിംഗ് ബെല്‍ അമര്‍ത്തുന്ന ജഗതിയുടെ തന്നെ മറ്റൊരു ചിത്രവും കൈവിരല്‍ കൊണ്ട് കോളിംഗ് ബെല്‍ അമര്‍ത്തുന്ന സിദ്ധിഖിന്റെ ചിത്രവുമാണ് അജു പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആദ്യ രണ്ടു ചിത്രങ്ങളിലേത് ശരിയായ രീതിയാണെന്നും അവസാനത്തേത് തെറ്റായ രീതിയാണെന്നും ചിത്രങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്തായാലും അജുവിന്റെ വ്യത്യസ്ത ബോധവല്‍ക്കരണ രീതി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടു കഴിഞ്ഞു.
https://www.instagram.com/p/B93YjuSDjHC/?utm_source=ig_web_copy_link