കോയമ്പത്തൂർ:ബലാത്സംഗത്തിനിരയായ എയർഫോഴ്സ് ഉദ്യോഗസ്ഥയെ നിരോധിക്കപ്പെട്ട രണ്ടുവിരല്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയതായി പരാതി. എയർഫോഴ്സ് ഉദ്യോഗസ്ഥനെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് സമ്മർദമുണ്ടായെന്നും കാണിച്ച് യുവതി പൊലീസിനെ സമീപിച്ചു. സെപ്റ്റംബർ 9-ന് കോയമ്പത്തൂരിലെ ഇന്ത്യന്‍ വ്യോമസേന അക്കാദമിയില്‍വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയില്‍ 29 കാരനായ എയർഫോഴ്സ് ഉദ്യോഗസ്ഥനെ കഴിഞ്ഞദിവസമാണ് കോയമ്പത്തൂർ പൊലീസ് അറസ്റ്റുചെയ്തത്.
എന്നാല്‍ തനിക്കുനേരെയുണ്ടായ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിന് മുന്‍പ് വ്യോമസേനയുടെ ഡോക്ടർമാർ തന്നെ രണ്ടു വിരല്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയെന്ന് യുവതി പരാതിയില്‍ പറയുന്നു. 2013 -ല്‍ അശാസ്ത്രീയം എന്ന് സുപ്രിംകോടതി വിധിയെഴുതി നിരോധിച്ച പരിശോധന ഡോക്ടർമാർ തന്നില്‍ നടത്തിയെന്നും തന്റെ ലെെംഗിക ചരിത്രത്തെക്കുറിച്ച് ചോദ്യം ചെയ്തെന്നുമാണ് യുവതിയുടെ പരാതി.
കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനാണ് കോയമ്പത്തൂരിലെ റെഡ് ഫീല്‍ഡ്സിലെ എയര്‍ഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജില്‍ പരിശീലനത്തിന് എത്തിയ യുവതിക്ക് സഹപ്രവർത്തകനായ ഉദ്യോഗസ്ഥനില്‍ നിന്ന് ലെെംഗികാതിക്രമം നേരിടേണ്ടി വന്നത്. യുവതിയുടെ പരാതി പ്രകാരം, മദ്യലഹരിയിലായിരുന്ന യുവതിയെ അബോധാവസ്ഥയില്‍ ഹോസ്റ്റല്‍ മുറിയില്‍വെച്ച് യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നു.
തുടർന്ന് സേനയില്‍ പരാതിപ്പെട്ട യുവതി ഐഎഎഫിന്റെ അന്വേഷണത്തില്‍ തൃപ്തയല്ലാതെ വന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. ഇന്ത്യന്‍ എയര്‍ഫോഴ്സിന് രണ്ട് തവണ കേസ് നല്കിയിരുന്നെങ്കിലും അവർ കേസ് രജിസ്റ്റർ ചെയ്യാന്‍ പോലും തയ്യാറാല്ലായിരുന്നു എന്നും പരാതി പിന്‍വലിക്കാന്‍ സമ്മർദം ചെലുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഒടുവില്‍ തന്റെ സമ്മതത്തോടെയായിരുന്നു ലെെംഗിക ബന്ധമെന്ന് എഴുതി ഒപ്പിടുവിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് വഴങ്ങിയില്ലെന്നും യുവതി ആരോപിച്ചു.
യുവതിയുടെ പരാതിയില്‍ ഗാന്ധിപ്പുരം പൊലീസിലെ വനിത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന പ്രഥാമികാന്വേഷണത്തില്‍ 376-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സെപ്റ്റംബർ എട്ടിന് സിറ്റി പൊലീസ് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യുകയും ചെയ്തു. ഇതോടെ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ കോയമ്പത്തൂര്‍ പൊലീസിന് അധികാരമില്ലെന്നും സെെനിക വിചാരണയ്ക്ക് മാത്രമാണ് നിയമമുള്ളതെന്നും പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ഇയാളം രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വ്യോമസേനക്ക് എഫ്ഐആർ കെെമാറാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നും കോയമ്പത്തൂർ പൊലീസ് തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കോയമ്പത്തൂര്‍ പോലീസ് കമ്മീഷണര്‍ ദീപക് എം ദാമര്‍ എന്‍ഡിടിവിയോട് വ്യക്തമാക്കി.