EntertainmentFeaturedHome-bannerNationalNews

ശബ്ദമുണ്ടാക്കരുത്, ഒരു കോടി രൂപ എടുക്ക്’: അക്രമി ആദ്യം കയറിയത് സെയ്ഫ് അലി ഖാന്റെ കുട്ടി ഉറങ്ങുന്ന മുറിയിലേക്കെന്ന് ജോലിക്കാരി

മുംബൈ∙ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിവീഴ്ത്തിയ പ്രതി ആദ്യം കയറിയത് സെയ്ഫിന്റെ മകൻ ജഹാംഗീറിന്റെ മുറിയിലെന്നു ഫ്ലാറ്റിലെ ജോലിക്കാരി. കത്തിയുമായി കയറിയ ശേഷം ഒരു കോടി രൂപ മോചനദ്രവ്യമായി വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. താരത്തിന്റെ നാല് വയസ്സുള്ള മകൻ ജഹാംഗീറിനെ പരിചരിക്കുന്ന ജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് ആണ് അക്രമി കത്തിയുമായി പ്രവേശിച്ചതു കുട്ടിയുടെ മുറിയിലേക്കാണെന്നു വെളിപ്പെടുത്തിയത്. ആക്രമണത്തിൽ സെയ്‌ഫ് അലിഖാൻ പുറമെ വീട്ടിലെ മറ്റു ജോലിക്കാർക്കും പരുക്കേറ്റിരുന്നു.

വ്യാഴാഴ്ച പുലർച്ചെ ഒരു ശബ്ദം കേട്ടാണ് താൻ ഉണർന്നതെന്നു ഏലിയാമ്മ  ഫിലിപ്പ്‌സ് പറയുന്നു. ‘‘ജഹാംഗീറിനെ കട്ടിലിൽ കിടത്തി ഉറക്കിയ ശേഷമാണു താൻ ഉറങ്ങാൻ പോയത്. പുലർച്ചെ 2 മണിയോടു കൂടി കുളിമുറിയുടെ വാതിൽ ചാരിയിരിക്കുന്നതും ഉള്ളിൽ ലൈറ്റ് കത്തുന്നതും ഞാൻ കണ്ടു. സെയ്ഫ് അലി ഖാന്റെ ഭാര്യയും നടിയുമായ കരീന കപൂർ ഇളയ മകന്റെയടുത്ത് വന്നുവെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് ഞാൻ വീണ്ടും ഉറങ്ങാൻ പോയി. എന്നാൽ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് മനസ്സിലായി. അതിനാൽ ഞാൻ എഴുന്നേറ്റു.

അപ്പോൾ കുളിമുറിയിൽ നിന്ന് ഒരാൾ പുറത്തിറങ്ങി ജഹാംഗീറിന്റെ മുറിയിലേക്കു പോകുന്നതു കണ്ടു. ഈ സമയത്ത് ഞാൻ നിലവിളിച്ചു. അയാൾ വിരൽ ചൂണ്ടി ഹിന്ദിയിൽ ‘ശബ്ദമുണ്ടാക്കരുത്’ എന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ടു. അയാളെ നേരിടാൻ ശ്രമിച്ചപ്പോൾ എന്റെ കൈത്തണ്ടയ്ക്കും കൈകൾക്കും പരുക്കേറ്റു. പിന്നീട് ഞാൻ ഉറക്കെ നിലവിളിച്ചു. ഇതു കേട്ടാണ് സെയ്ഫ് അലി ഖാൻ ഓടി വന്നത്. തുടർന്ന് അക്രമിയുമായി സംഘട്ടനം ഉണ്ടായി. അതിനിടെ അയാൾ ആറ് തവണ ഖാനെ കുത്തി’’ – ഏലിയാമ്മ  ഫിലിപ്പ്സ് പറഞ്ഞു.

സെയ്ഫ് അലി ഖാനും എലിമയ്ക്കും പുറമെ ഗീത എന്ന മറ്റൊരു ജോലിക്കാരിയ്ക്കും അക്രമത്തിൽ പരുക്കേറ്റിട്ടുണ്ട്. കവർച്ച, അതിക്രമിച്ച് കടക്കൽ, മാരകമായ മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു പൊലീസ് അജ്ഞാതനായ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ മുംബൈ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല.

അന്വേഷണത്തിനായി പത്ത് പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ബാന്ദ്ര വെസ്റ്റിലുള്ള പന്ത്രണ്ട് നില കെട്ടിടത്തിലെ നാല് നിലകളിലായി പരന്നുകിടക്കുന്ന അപ്പാർട്ട്മെന്റിലാണ് താരദമ്പതികളുടെ കുടുംബം താമസിക്കുന്നത്. ഇവിടെ കവർച്ച നടത്താൻ പദ്ധതിയിട്ടാണ് അക്രമി വന്നതെന്നും പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker