BusinessKeralaNews

കെ.പി.പി.എൽ കെഎസ്ഇബിയുമായി പുതിയ കരാർ ഉണ്ടാക്കും

കോട്ടയം:വെള്ളൂർ കേരള പേപ്പർ പ്രൊഡക്‌ട്‌സിനാവശ്യമായ വൈദുതി ലഭ്യമാക്കുന്നതിനായി
കെ എസ്.ഇ.ബിയുമായി പുതിയ കരാർ ഉണ്ടാക്കും. വ്യവസായ മന്ത്രി പി.രാജീവ്, വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന മന്ത്രി തലയോഗത്തിലാണ് തീരുമാനം. കേരള പേപ്പർ പ്രൊഡക്‌സിന്റെ പ്രവർത്തനങ്ങൾക്കായി എക്‌സ്‌ട്രാ ഹൈ ടെൻഷൻ (ഇഎച്ച്‌ടി) കണക്ഷനാണ് ആവശ്യമുള്ളത്.

പേപ്പർ കമ്പനിയെ കേരള സർക്കാർ ഏറ്റെടുത്ത് കേരള പേപ്പർ പ്രോഡക്‌ട്‌സ് ലിമിറ്റഡിന് രൂപം നൽകിയ സാഹചര്യത്തിൽ, പഴയ കമ്പനിയായ എച്ച്.എൻ.എലും കെ.എസ്‌.ഇ.ബിയുമായുള്ള മുൻ കരാർ അവസാനിച്ചു. പുതിയ കമ്പനിയുടെ പ്രവർത്തനത്തിനാണ് പുതിയ കരാർ. കെ.പി.പി.എല്ലും കെ.എസ്.ഇ.ബി.യും തമ്മിൽ രണ്ട് ഘട്ട കരാറുകളാണ് ഒപ്പു വക്കുക. പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്ന നിലവിലെ ഘട്ടം ഉൾക്കൊള്ളുന്ന ഒരു ഇടക്കാല കരാറിൽ ആദ്യം ഏർപ്പെടും. പിന്നീട്, പ്ലാന്റ് വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിന് തയ്യാറാകുമ്പോൾ, പരമാവധി ആവശ്യം പരിഗണിച്ച് പുതുക്കിയ കരാറിലും ഏർപ്പെടും.

കെപിപിഎല്ലിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ മരവും അസംസ്‌കൃത വസ്തുക്കളും മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിന് വനം വകുപ്പുമായി തത്ത്വത്തിൽ ധാരണയായതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ഇതു സംബന്ധിച്ച നിർദേശം ഉടൻ മന്ത്രി സഭയിൽ സമർപ്പിക്കും. സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ പാഴ്‌പേപ്പറും പൾപ്പ് ഉൽപ്പാദിപ്പിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായി മാറും. ഇതിനുള്ള നിർദ്ദേശം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

കെപിപിഎൽ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കി. പേപ്പർ മെഷീൻ പ്ലാന്റ്, ഡി-ഇൻകിംഗ് പ്ലാന്റ്, പവർ ബോയിലർ പ്ലാന്റുകൾ എന്നിവ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കാവുന്ന നിലയിലെത്തി. വുഡ് പൾപ്പിംഗ് സ്ട്രീമുകൾ വീണ്ടും കമ്മീഷൻ ചെയ്യുന്നതിനുള്ള രണ്ടാം ഘട്ടം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ മെക്കാനിക്കൽ പൾപ്പിംഗ് പ്ലാന്റ്, കെമിക്കൽ പൾപ്പിംഗ് പ്ലാന്റ്, കെമിക്കൽ റിക്കവറി പ്ലാന്റുകൾ എന്നിവ ഉൽപാദനത്തിന് തയ്യാറാകും. ഈ വർഷം ഒക്‌ടോബറോടെ പൂർണ്ണ തോതിലുള്ള വാണിജ്യ ഉൽപ്പാദനം ആരംഭിക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. 154.4 കോടി രൂപയാണ് ആദ്യ രണ്ട് ഘട്ടങ്ങൾക്കായി ചെലവഴിക്കുന്നത്.

യോഗത്തിൽ വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോക്, , കെപിപിഎൽ സ്പെഷ്യൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button