കൊവിഡ് വീണ്ടും വരുന്നു; ആശങ്കയില്‍ ചൈന
ബെയ്ജിംഗ്: ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നു. പുതിയതായി 3,393 പേര്‍ക്കാണ് ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഇരട്ടിയിലധികമാണിത്. രണ്ടു വര്‍ഷത്തിനിടെ ഏറ്റവും ഗുരുതരമായ വൈറസ് ബാധയെ രാജ്യം അഭിമുഖീകരിക്കുകയാണെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.
ഷാംഗ്ഹായ്യും തലസ്ഥാനമായ ബെയ്ജിംഗും ഉള്‍പ്പെടെ പ്രമുഖ നഗരങ്ങളില്‍ പ്രാദേശിക ലോക്ഡൗണുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പരിശോധനകളും വ്യാപകമാക്കി. ഷാംഗ്ഹായിയില്‍ സ്‌കൂളുകള്‍ അടച്ചിടും. പഠനം ഓണ്‍ലൈനില്‍ തുടരും. ബെയ്ജിംഗില്‍ നിരവധി അപ്പാര്‍ട്ട്‌മെന്റുകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
19 പ്രവിശ്യകള്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരേ പോരാടുകയാണെന്നും ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. ജിലിന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്ചുനില്‍ 90 ലക്ഷത്തോളം ആളുകളാണുള്ളത്. ഇവരോടു വീടുകളില്‍ തുടരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. കൂട്ടപരിശോധനയ്ക്കും നിര്‍ദേശം നല്‍കി. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു രണ്ടുദിവസത്തിനുള്ളില്‍ ഒരു തവണ കുടുംബത്തിലെ ഒരാളെ അനുവദിക്കും.
2020ന്റെ തുടക്കത്തിനുശേഷം ആദ്യമായാണ് ചൈനയില്‍ പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തിനു മുകളിലാകുന്നത്. മൂന്നാഴ്ച മുന്പ് നൂറില്‍ത്താഴെയായിരുന്നു രോഗികളുടെ എണ്ണം. വെള്ളിയാഴ്ച 1369 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2019 അവസാനമാണു കോവിഡ് രാജ്യത്തു പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ ലോക്ഡൗണും വ്യാപക പരിശോധനയും ഉള്‍പ്പെടെ കര്‍ക്കശ നടപടികളിലൂടെ വ്യാപനം തടയുകയായിരുന്നു.