കൊച്ചി: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ തീരുമാനിച്ചു. കേരളത്തില്‍ നിന്ന് ജയസാധ്യതയുള്ള സീറ്റില്‍ ജെബി മേത്തര്‍ മത്സരിക്കും. പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം. അസമില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് ബിപുന്‍ റവയെയും പ്രഖ്യാപിച്ചു. കെപിസിസി സമര്‍പ്പിച്ച അന്തിമ പട്ടികയില്‍ നിന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തര്‍.
എം ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പരിശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പട്ടികയില്‍ അവസാനം ഇടംപിടിച്ച ജെബി മേത്തര്‍ സ്ഥാനാര്‍ത്ഥിയായി വരുന്നത്. മുസ്ലിം, യുവത്വം, വനിത എന്നീ പരിഗണനകള്‍ ജെബി മേത്തറിന് അനുകൂലമായി. കെസി വേണുഗോപാല്‍ ജെബി മേത്തറിന് വേണ്ടി ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതായാണ് വിവരം.
1980 ന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഗ്രൂപ്പ് പോരിന് ഇടയാകും ഈ തീരുമാനമെന്നാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷം പാര്‍ട്ടിയെ കൈവിട്ടുവെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തില്‍ മുസ്ലിം വനിതയെന്ന പരിഗണന ജെബി മേത്തറിന് കിട്ടി.
ഹൈക്കമാന്റില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി വന്നതോടെ സംസ്ഥാന നേതൃത്വം ഇതിനോട് എങ്ങിനെ പ്രതികരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മുന്‍ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളും കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളുമാണ് ജെബി മേത്തര്‍. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്‌സണായി ജെബി മേത്തര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010 മുതല്‍ ആലുവ നഗരസഭാ കൗണ്‍സിലറാണ് ഇവര്‍. 42 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്.