കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ മുഖ്യപ്രതി ജോളിയുടെ വക്കാലത്ത് അഡ്വ. ബി.എ ആളൂര്‍ നേടിയത് പ്രതിയുടെ അറിവോടെയല്ലെന്ന് അഭിഭാഷകര്‍. പ്രഫഷനല്‍ എത്തിക്ക്സിന് നിരക്കാത്ത നടപടിയാണിതെന്നും ബാര്‍ കൗണ്‍സിലിന് പരാതി നല്‍കുമെന്നും ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. റിമാന്റ് കാലാവധി നീട്ടാനായി കൂടത്തായി കൊലക്കേസ് പ്രതികളെ താമരശ്ശേരി ജുഡീഷനല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.
ജോളിയുടെ വക്കാലത്ത് ആളൂര്‍ ഏറ്റെടുത്തത് പ്രതിയുടെ അറിവോടെയല്ലെന്ന മാധ്യമ വാര്‍ത്തകള്‍ ചൂണ്ടികാട്ടിയാണ് ഇതില്‍ വ്യക്തത വരുത്തണമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എ ടി രാജു കോടതിയില്‍ ആവശ്യപ്പെട്ടത്. വക്കാലത്ത് ഒപ്പിട്ടത് കോടതിക്ക് മുമ്പിലാണെന്നും ജോളി വിദ്യാസമ്പന്ന ആണെന്നുമായിരുന്നു കോടതിയുടെ മറുപടി. പരാതി ഉണ്ടെങ്കില്‍ പ്രതി ഉന്നയിക്കട്ടെയെന്നും കോടതി വ്യക്തമാക്കി. കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ കോടതി തയ്യാറായില്ല.
പ്രൊഫഷനല്‍ എത്തിക്സിന് യോജിക്കാത്ത നടപടിയാണ് ആളൂര്‍ നടത്തുന്നതെന്നും ഇതിനെതിരെ ബാര്‍കൗണ്‍സിലിനെ സമീപിക്കുമെന്നും കോടതി നടപടിക്കു ശേഷം ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. അതേസമയം ജോളിയുടെ ബന്ധുക്കളാണ് കേസ് ഏറ്റെടുക്കാന്‍ സമീപിച്ചതെന്ന് ആളുരിന്റെ ജൂനിയര്‍ അഭിഭാഷകന്‍ പറഞ്ഞു.