ദൃശ്യം മോഡല്‍ കൊലപാതകം വീണ്ടും,ഇത്തവണ അഡൂരില്‍
അഡൂര്‍:നാടിനെ ഞെട്ടിച്ച അമ്പൂരി കൊലപാതകത്തിനുശേഷം ദൃശ്യം മോഡല്‍ കൊലപാതകം വീണ്ടും.രാഖിയെന്ന യുവതിയെ പ്രതികള്‍ വീട്ടുമുറ്റത്താണ് കുഴിച്ചിട്ടതെങ്കില്‍ കേരള കര്‍ണാടക അതിര്‍ത്തി ഗ്രാമമായ അഡൂരില്‍ വീടിന്റെ അടിത്തറയില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിയ്ക്കുന്നത്.
റൗഫ് എന്നയാളുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നു കണ്ടെത്തിയ തിരിച്ചറിയല്‍ രേഖകള്‍ പ്രകാരം ഇത് മലപ്പുറം സ്വദേശി പാറമ്മല്‍ ലത്തീഫിന്റേതാണ്. എന്നാല്‍ മൃതദേഹം ഇയാളുടെ തന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മലപ്പുറം സ്വദേശിയായ ലത്തീഫ് കേരള കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ അഡൂരില്‍ എന്തിന് എത്തി എന്ന സംശയമാണ് ഇപ്പോള്‍ പൊലീസ് ഉന്നയിക്കുന്നത്. ടൗണില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയുള്ള റൗഫിന്റെ വീട്ടിലേക്ക് എങ്ങനെ എത്തിച്ചേര്‍്ന്നു എന്നും പരിശോധിച്ചുവരുന്നു.വീട്ടില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധമുയര്‍ന്നതിനേത്തുടര്‍ന്ന്
ചുറ്റും പരിശോധിച്ചപ്പോഴാണ് വീടിന്റെ ഒന്നാം നിലയില്‍ ഒരു പുരുഷന്‍ മരിച്ചുകിടക്കുന്നതായി അയല്‍വാസികള്‍ കണ്ടത്.
മൃതദേഹം കണ്ടെത്തിയ വിവരം പുറത്തറിഞ്ഞതോടെ നൂറുകണക്കിനാളുകള്‍ ഇവിടേക്ക് എത്തി. അഡൂരിലോ സമീപത്തോ ആരെയും കാണാതായതായി പരാതികളൊന്നും തന്നെയില്ല. ആഡൂര്‍ എസ്‌ഐ പി. നളിനാക്ഷന്റെ നേതൃത്വത്തില്‍ നടത്തിയ ഇന്‍ക്വസ്റ്റില്‍ മൃതദേഹത്തില്‍ മലപ്പുറം കുറുക്കോള്‍ ഓട്ടുകരപ്പുറത്തെ അബ്ദുല്‍ ലത്തീഫിന്റെ തിരിച്ചറിയില്‍ രേഖകള്‍ ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇയാളെ കഴിഞ്ഞ 7ന് പുലര്‍ച്ചെ മുതല്‍ കാണാനില്ലെന്ന വിവരവും ലഭിച്ചു. പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി, മൊബൈല്‍ ഫോണ്‍ എന്നിവയും മൃതദേഹത്തില്‍ നിന്നും ലഭിച്ചു.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ കയര്‍ ചുറ്റിക്കിടക്കുന്നുണ്ടായിരുന്നു. സഹകരണ ബാങ്കില്‍ ദിനനിക്ഷേപ ഏജന്റായ അബ്ദുല്‍ ലത്തീഫ് എങ്ങനെ ഇവിടെ എത്തിയെന്ന് ആര്‍ക്കും അറിയില്ല. മൃതദേഹം കണ്ടെത്തിയ വീടിന്റെ 15 മീറ്റര്‍ അടുത്തായി 2 വീടുകളുണ്ട്. സംശയകരമായ ഒന്നും ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. റൗഫ് ഗള്‍ഫിലായതിനാല്‍ സഹോദരന്റെ മേല്‍നോട്ടത്തിലാണു നിര്‍മ്മാണം.ഒരാഴ്ച മുന്‍പ് തറ കോണ്‍ക്രീറ്റ് ചെയ്തതിനു ശേഷം ആരും ഇവിടേക്ക് വന്നിട്ടില്ലെന്ന് ഇവര്‍ പറയുന്നു. മൃതദേഹം പൂര്‍ണമായും അഴുകിയതിനാല്‍ പരുക്കും കാണാന്‍ കഴിയുന്നില്ല. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മാത്രമെ മരണകാരണം കണ്ടെത്താന്‍ കഴിയൂ എന്നു പൊലീസ് പറഞ്ഞു. പൊലീസ് നായ വീടിന്റെ മുറികളിലും താഴത്തെ നിലയിലും എത്തിയിരുന്നു. പ്രത്യേകിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.