കൊച്ചി: ഹിന്ദു ആണെന്ന് പറയുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നുവെന്ന് പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കാരണം ഹിന്ദുക്കള്‍ മറ്റു മതങ്ങളെ തള്ളി പറയാറില്ല. ഒറ്റ മതം മാത്രം മതി എന്നു പറയുന്നത് സങ്കുചിതമായ രീതിയാണെന്നും അടൂര്‍ പറഞ്ഞു. കൊച്ചിയില്‍ കൃതി പുസ്തകോത്സവത്തില്‍ കലയും ചെറുത്തു നില്‍പ്പും വര്‍ത്തമാന കാല ഇന്ത്യയില്‍ എന്ന വിഷയത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. മാവോയിസ്റ്റ് വേട്ടയും യുഎപിഎ പോലെയുള്ള വകുപ്പുകള്‍ ചമുത്തുന്നതും സര്‍ക്കാര്‍ കുറച്ചുകൂടി ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യങ്ങള്‍ ആണെന്ന് അടൂര്‍ അഭിപ്രായപ്പെട്ടു. ഉണര്‍ന്നിരിക്കുന്ന ജനതയാണ് നമുക്ക് വേണ്ടത്. എന്നാല്‍,ഉറങ്ങുന്നവരെ ആണ് ഭരണാധികാരികള്‍ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ അക്രമത്തില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും പ്രധാന പ്രതിക്ക് ഒപ്പമുള്ള ശിക്ഷ നല്‍കണം. ഭരണത്തിലെത്തുന്നവരില്‍ കൂടുതല്‍ പേരും അഴിമതി നടത്തുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണം ഉണ്ടാക്കാനാണ്. സെന്‍സര്‍ ബോര്‍ഡിന്റെ നിയന്ത്രണങ്ങള്‍ മൂലം പഥേര്‍ പാഞ്ചാലി പോലുള്ള സിനിമ ഇന്ന് ചെയ്യാന്‍ കഴിയില്ല. അങ്ങനെയൊരു സിനിമ ചെയ്താല്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരുമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.