ആരെങ്കിലും ടിക്കറ്റ് എടുത്തു തന്നാല്‍ ചന്ദ്രനിലേക്ക് പോകാം; ബി. ഗോപാലകൃഷ്ണന് മറുപടിയുമായി അടൂര്‍
തിരുവനന്തപുരം: ജയ്ശ്രീറാം വിളിയുടെ പേരില്‍ തന്നോട് ചന്ദ്രനിലേക്ക് പോകാന്‍ പറഞ്ഞ ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന് മറുപടിയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ചന്ദ്രനിലേക്ക് ആരെങ്കിലും ടിക്കറ്റ് എടുത്ത് നല്‍കിയാല്‍ താന്‍ പോകാമെന്നായിരിന്നു അടൂരിന്റെ പ്രതികരണം. എല്ലാ വിഷയങ്ങളിലും പ്രതികരിക്കാന്‍ തങ്ങള്‍ പ്രതരികരണ തൊഴിലാളികളല്ല. അതിനു വേണ്ടിയുള്ള ഗ്രൂപ്പുമല്ല. പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കുമുണ്ട്. അതിനെതിരെയുള്ള കടന്നുകയറ്റം വന്നപ്പോഴാണ് പ്രതികരിച്ചത്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ സമുദായ ലഹളയിലേക്കാണ് പോകുന്നത്. മുന്‍പും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. തങ്ങള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആരെയും വിമര്‍ശിച്ചിട്ടില്ലെന്നും അടൂര്‍ പറഞ്ഞു.
സംവിധായകനെന്ന നിലയില്‍ തനിക്ക് ഈ രാജ്യത്ത് കിട്ടാവുന്ന എല്ലാ അവാര്‍ഡുകളും ലഭിച്ചുകഴിഞ്ഞു. അത് അദ്ദേഹത്തിന് അറിയാന്‍ പാടില്ലാത്ത കാര്യമാണ്. ഇനി വല്ല ഭക്ഷണസാധനങ്ങളും വേണമെങ്കില്‍ പാഴ്സലായി അയച്ചാല്‍ മതി- കേന്ദ്രസര്‍ക്കാരില്‍ നിന്നും ഒന്നും കിട്ടാത്തതിനോ കിട്ടാന്‍ വേണ്ടിയോ ആണ് അടൂര്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്ന ബി.ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.