33.4 C
Kottayam
Monday, May 6, 2024

ഭൂമിയോട് വിട പറയാനൊരുങ്ങി ആദിത്യ എൽ 1,സൂര്യനിലേക്കുള്ള യാത്രയ്ക്കിടെ പര്യവേഷണവും തുടങ്ങി

Must read

ബെംഗളൂരു: ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്‍റിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ പര്യവേക്ഷണം ആരംഭിച്ച് ഇന്ത്യയുടെ പ്രഥമ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ1.  ഭൂമിയില്‍നിന്ന് 50,000 കിലോമീറ്റര്‍ അകലെയായുള്ള സൂക്ഷ്മ കണങ്ങളെക്കുറിച്ചും വൈദ്യുതചാര്‍ജുള്ള കണികകളെക്കുറിച്ചും ശാസ്ത്രീയ വിവരങ്ങളാണ് പേടകം ശേഖരിച്ചുതുടങ്ങിയത്.

പേടകത്തിലെ സുപ്ര തെര്‍മല്‍ ആന്‍ഡ് എനര്‍ജെറ്റിക് പാര്‍ട്ടിക്കിള്‍ സ്പെക്ട്രോമീറ്റര്‍ (സ്റ്റെപ്സ്)  എന്ന പര്യവേക്ഷണ ഉപകരണം ഐ.എസ്.ആര്‍.ഒ പ്രവര്‍ത്തിപ്പിച്ചതോടെയാണ് പേടകം പര്യവേക്ഷണം ആരംഭിച്ചത്. പര്യവേക്ഷണ ഉപകരണത്തിലെ ആറു സെന്‍സറുകള്‍ വിവിധ ദിശകളിലായി തിരിഞ്ഞാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഭൂമിയുടെ ചുറ്റുപാടുമുള്ള സൂക്ഷ്മ കണങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.

സെപ്റ്റംബര്‍ പത്തിനാണ് ഈ പര്യവേക്ഷണ ഉപകരണം പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത്. ഭൂമിയില്‍നിന്ന് 50000 കിലോമീറ്ററും കടന്ന് പേടകം യാത്ര ചെയ്യാന്‍ തുടങ്ങുന്നതുവരെയാണ് പര്യവേക്ഷണം നടന്നതെന്നും സൂര്യപഠന ദൗത്യത്തിന് ഏറെ നിര്‍ണായകമാണിതെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ഇന്ത്യയുടെ സൂര്യ പഠന ദൗത്യം ആദിത്യ എൽ വണ്ണിന്‍റെ നാലാമത്തെ ഭ്രമണപഥം ഉയർത്തൽ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15ന് വിജയകരമായി പൂർത്തിയാക്കിയിരുന്നു, ഇതിനുശേഷം ഭൂമിയില്‍നിന്ന് 256 കി.മീ. അടുത്ത ദൂരവും 121973 കി.മീ. അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്. ഭൂമിയില്‍നിന്ന് പേടകത്തെ യാത്രയാക്കുന്നതിനുള്ള 
നിര്‍ണായകമായ ദൗത്യമാണ് ഇനി ബാക്കിയുള്ളത്.

ഇന്ന് ഒരു രാത്രി കൂടിയായിരിക്കും ആദിത്യ എല്‍ വണ്‍ ഭൂമിയുടെ നിയന്ത്രണത്തിലുള്ള ഭ്രമണപഥത്തിലുണ്ടാകുക. 
സെപ്റ്റംബര്‍ 19ന് (ചൊവ്വാഴ്ച) പുലര്‍ച്ചെ രണ്ടിനായിരിക്കും ഭൂമിയില്‍നിന്ന് പേടകത്തെ യാത്രയാക്കുന്നതിനുള്ള ട്രാന്‍സ് ലഗ്രാഞ്ച് പോയന്‍റ് ഒന്നിലേക്കുള്ള ഭ്രമണപഥം ഉയര്‍ത്തല്‍ നടക്കുക. ലഗ്രാഞ്ച് പോയന്‍റ് ഒന്നിലേക്ക് പോകുന്നതിന് മുന്നോടിയായിട്ടുള്ള ഭ്രമണപഥത്തിലേക്കായിരിക്കും പേടകത്തെ മാറ്റുക.

തുടര്‍ന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്‍റിലേക്കുള്ള 110 ദിവസത്തോളം നീളുന്ന പേടകത്തിന്‍റെ യാത്ര  ആരംഭിക്കും. ഈ നീണ്ട യാത്രക്കുശേഷമായിരിക്കും പേടകം ലഗ്രാഞ്ച് ഒന്നിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലെത്തുക. പേടകം ഇവിടെ സ്ഥാനമുറപ്പിച്ചുകൊണ്ടായിരിക്കും സൂര്യ പര്യവേക്ഷണം നടത്തുക. സൂര്യനെ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ പോയന്‍റാണ് ലഗ്രാഞ്ച് ഒന്ന്.

സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യ വിജയകരമായി ആദിത്യ എല്‍1 വിക്ഷേപിച്ചത്. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1, ഇസ്രോയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്രോയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു.

സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യന്‍ ദൗത്യം. സൂര്യന്‍റെ പ്രഭാമണ്ഡലത്തെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. ആദിത്യയുടെ യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. സൗരയൂഥത്തിന്‍റെ ഊര്‍ജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാന്‍ പറ്റുന്നൊരിടമാണ് ആദിത്യയുടെ ലക്ഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week