KeralaNews

ആരുമായും ഇടപഴകാത്ത പ്രകൃതം,അടുക്കളയില്‍ കൂട്ടിയിട്ട് കത്തിച്ച നിലയില്‍ കടലാസുകള്‍,അമ്മയുടെ മൃതദേഹത്തില്‍ പൂക്കള്‍; അഡീഷണല്‍ കസ്റ്റംസ് കമീഷണറുടെയും കുടുംബത്തിന്റെയും മരണങ്ങളില്‍ ദുരൂഹത

കൊച്ചി: സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ കേന്ദ്ര ജി.എസ്.ടി. വകുപ്പ് ഉന്നത ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതകള്‍ മാത്രം. വിവാദങ്ങള്‍ അപ്പുറത്തേക്ക് ജോലി നോക്കിയ അന്തര്‍മുഖനായിരുന്നു ഐആര്‍എസുകാരനായ മനീഷ് വിജയ്. മനീഷ് വിജയ് നാട്ടിലേക്ക് യാത്ര പോയെന്നാണ് സഹപ്രവര്‍ത്തകര്‍ കരുതിയിരുന്നത്. അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന സഹപ്രവര്‍ത്തകരും സംശയമാണ് നടുക്കുന്ന മരണങ്ങള്‍ പുറം ലകത്ത് എത്തിച്ചത്.

ജാര്‍ഖണ്ഡ് സ്വദേശിയായ അഡീഷണല്‍ കസ്റ്റംസ് കമീഷണറെയും സഹോദരിയെയും അമ്മയെയും കാക്കനാട് ദൂരദര്‍ശന്‍ ടിവി സെന്ററിലെ സെന്‍ട്രല്‍ കസ്റ്റംസ് ക്വാര്‍ട്ടേഴ്സിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സെന്‍ട്രല്‍ എക്സൈസ് അഡീഷണല്‍ കമീഷണര്‍ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗര്‍വാള്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മനീഷും ശാലിനിയും കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു. ശകുന്തളയുടെ മൃതദേഹം കട്ടിലിലായിരുന്നു. മൃതദേഹങ്ങള്‍ പൂര്‍ണമായും അഴുകിയിരുന്നു. ഹിന്ദിയിലുള്ള കുറിപ്പ് പൊലീസ് കണ്ടെടുത്തു. അഞ്ചുവര്‍ഷംമുമ്പാണ് മനീഷ് കേരളത്തില്‍ ജോലിക്ക് എത്തിയത്.

ഉദ്യോഗസ്ഥനും കുടുംബവും അയല്‍വാസികളോട് അടുപ്പം വെച്ചുപുലര്‍ത്തിയിരുന്നില്ല. മുന്‍പ് കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീവില്‍ ജോലിചെയ്തിരുന്ന മനീഷ് വിജയ് ഒന്നര വര്‍ഷം മുന്‍പാണ് കൊച്ചിയിലേക്കെത്തുന്നത്. കാക്കനാട് താണപാടം – പടമുകള്‍ റോഡിലെ സെന്‍ട്രല്‍ എക്സൈസ് ക്വാര്‍ട്ടേഴ്സില്‍ മനീഷ് ഒറ്റയ്ക്കായിരുന്നു താമസം. മാസങ്ങള്‍ക്കു മുന്‍പാണ് അമ്മയും സഹോദരിയും എത്തിയത്. തൊട്ടടുത്തുള്ള ഗ്രൗണ്ടില്‍ കളിക്കാനെത്തിയ കുട്ടികള്‍ പ്രദേശത്തുനിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി തിരിച്ചറിഞ്ഞിരുന്നു.

ഈ വീട്ടിലും വന്നു നോക്കി. എന്നാല്‍ അടച്ചിട്ട വീടായിരുന്നു. സെപ്റ്റിക് ടാങ്കില്‍ നിന്നാണ് ദുര്‍ഗന്ധം വരുന്നതെന്ന് വിചാരിച്ച് കുട്ടികള്‍ മടങ്ങി. മനീഷ് വിജയിയും കുടുംബവും ആരുമായും കാര്യമായി ബന്ധംപുലര്‍ത്തിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഓഫീസിലും കാര്യമായ സൗഹൃദം പുലര്‍ത്താത്ത ഉദ്യോഗസ്ഥനായിരുന്നു മനീഷ്. അതുകൊണ്ട് തന്നെ ഇവരെ എന്തെങ്കിലും അലട്ടിയിരുന്നോ എന്ന് ആര്‍ക്കും അറിയില്ല.

മനീഷ് വിജയ് സ്വദേശമായ ഝാര്‍ഖണ്ഡിലേക്ക് പോകുന്നു എന്നു പറഞ്ഞാണ് അവധി എടുത്തത്. സഹോദരിയുടെ എന്തോ കാര്യങ്ങള്‍ തീര്‍ക്കാനായി പോകുന്നു എന്നാണ് ഓഫീസില്‍ ഒപ്പം ജോലി ചെയ്യുന്നവരോട് പറഞ്ഞത്. ആരോടും ഇടപഴകാത്ത, ഒതുങ്ങിയ പ്രകൃതമായിരുന്നു മനീഷിന്. ജാര്‍ഖണ്ഡ് സിവില്‍ സര്‍വീസില്‍ റാങ്ക് ജേതാവായ സഹോദരി ശാലിനി അവിടെ തന്നെയാണ് ജോലി ചെയ്തിരുന്നത്. വിജയിന്റെ അമ്മയ്ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഇടയ്ക്ക് അദ്ദേഹം സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ആത്മീയ കാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്നു.

തീര്‍ഥയാത്രകള്‍ പതിവായിരുന്നു. കുടുംബത്തിന് സാമ്പത്തികമായി പ്രശ്‌നങ്ങളില്ല എന്നാണ് സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. അതേസമയം മനീഷിന് മറ്റൊരു സഹോദരി കൂടിയുള്ളതായാണ് വിവരം. കൂടാതെ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിനു സമീപത്ത് പേപ്പറുകള്‍ കൂട്ടിയിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനയിലൂടെ മാത്രമേ കത്തിച്ച പേപ്പറുകള്‍ക്ക് മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയാന്‍ കഴിയൂ.

മാതാവ് കോളജ് അധ്യാപികയും ശാലിനി ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മിഷനില്‍ നിന്ന് ഉയര്‍ന്ന റാങ്കില്‍ വിജയിച്ച ആളുമാണ് എന്നും സൂചനയുണ്ട്. സഹോദരിയുടെ ജാര്‍ഖണ്ഡ് പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സാമ്പത്തികമായ പ്രശ്‌നങ്ങളൊന്നും ഈ കുടുംബത്തെ അലട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ ആത്മഹത്യയാണെങ്കില്‍ എന്താണ് അവരെ ഇതിലേക്കു നയിച്ചത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. സഹോദരിയുടെ ആവശ്യാര്‍ഥം മനീഷ് ജാര്‍ഖണ്ഡിലേക്ക് പോയിരുന്നില്ല എന്നും സൂചനയുണ്ട്. ഇതില്‍ അടക്കം വിശദ പരിശോധനകള്‍ നടത്തും.

സമീപത്ത് കളിക്കാന്‍ എത്തിയ കുട്ടികള്‍ വീടിനു സമീപത്തു നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് ഇവിടെ വന്നു നോക്കിയിരുന്നു. എന്നാല്‍ പൂര്‍ണമായും അടച്ചിട്ട നിലയിലായിരുന്നു വീട്. അതിനാല്‍ തന്നെ ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള മാലിന്യക്കൂനയില്‍ നിന്നുള്ള ദുര്‍ഗന്ധമായിരിക്കും എന്നാണ് ഇവര്‍ കരുതിയത്. വിദേശത്തുള്ള സഹോദരിയെ മരണം അറിയിക്കണമെന്ന കുറിപ്പ് പോലീസിന് കിട്ടിയിട്ടുണ്ട്. 4-5 ദിവസത്തെയെങ്കിലും പഴക്കം മൃതദേഹത്തിന് ഉണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഒന്നരവര്‍ഷമായി ഈ ക്വാര്‍ട്ടേഴ്സിലാണ് താമസം. നാലുമാസംമുമ്പാണ് സഹോദരിയും അമ്മയും ഇവിടെ എത്തിയത്. ക്വാര്‍ട്ടേഴ്സിന് സമീപത്തുള്ളവരുമായി മനീഷിന് കാര്യമായ അടുപ്പമില്ലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പരിസരവാസികള്‍ കുടുംബത്തെ അവസാനമായി കാണുന്നത്.

ഫ്‌ലാറ്റ് അടഞ്ഞുകിടന്നതിനാല്‍ പൊലീസ് ജനലുകള്‍ കുത്തിത്തുറന്നപ്പോള്‍ മനീഷിനെയും സഹോദരി ശാലിനിയെയും കിടപ്പുമുറികളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൂടെതാമസിക്കുന്ന അമ്മ ശകുന്തള അഗര്‍വാളിനെ പൊലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മുന്‍വശത്തെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറി നടത്തിയ പരിശോധനയില്‍ ശാലിനിയെ മരിച്ചനിലയില്‍ക്കണ്ട മുറിയിലെ കട്ടിലില്‍ അമ്മ ശകുന്തളയുടെ മൃതദേഹവും കണ്ടു. ശകുന്തള അഗര്‍വാളിന്റെ മൃതദേഹം കട്ടിലില്‍ പുതപ്പിട്ട് മൂടിയനിലയിലായിരുന്നു. മൃതദേഹത്തില്‍ പൂക്കളും മറ്റുംവിതറി പൂജകള്‍ നടത്തിയിട്ടുണ്ട്. തലഭാഗത്ത് മൂവരുമൊത്തുള്ള ചിത്രവും വച്ചിരുന്നു. അടുക്കളയിലെ ഗ്യാസ് അടുപ്പില്‍ കടലാസുകള്‍ കൂട്ടിയിട്ട് കത്തിച്ചതായും കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker