നടിക്ക് സാമൂഹ്യ മാധ്യമത്തിലൂടെ നിരന്തരം ബലാത്സംഗ ഭീഷണി; അന്വേഷണം ചെന്നെത്തിയത് സമപ്രായക്കാരിയായ പെണ്‍കുട്ടിയില്‍
മുംബൈ: ബോളിവുഡ് നടിക്ക് സാമൂഹ്യ മാധ്യമത്തിലൂടെ നിരന്തരം ബലാത്സംഗ ഭീഷണി ഉയര്‍ന്ന കേസില്‍ പോലീസ് അന്വേഷണം ചെന്നെത്തിയത് സമപ്രായക്കാരിയായ പെണ്‍കുട്ടിയിലേക്ക്. കഴിഞ്ഞകാല നടി സല്‍മാ ആഗയുടെ മകളും പാട്ടുകരിയും 23 കാരിയുമായ ബോളിവുഡ് സിനിമകളിലെ നായികയുമായ സറാ ഖാനെതിരേയാണ് ഭീഷണി ഉയര്‍ന്നത്.
നടിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് പിന്നില്‍ എംബിഎ മോഹവുമായി നടക്കുന്ന 23 കാരിയാണെന്ന് കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ പുരുഷപ്പേരില്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ചായിരുന്നു ഭീഷണി. ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (ഐപി) അടിസ്ഥാനമാക്കി നടത്തിയ അന്വേഷണമാണ് യുവതിയെ കുടുക്കിയത്. ഐടി ആക്ട് പ്രകാരം പെണ്‍കുട്ടിക്കെതിരേ കേസെടുത്തു. ഔറംഗസേബ് അടക്കമുളള സിനിമയില്‍ നായികയായിരുന്ന സറാ ഖാന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഒക്ടോബര്‍ 28 നും നവംബര്‍ 3 നും ഇടയില്‍ പല തവണ ബലാത്സംഗം ചെയ്യുമെന്ന ഭീഷണി ഉയരുകയായിരുന്നു.
ഇതേതുര്‍ന്ന് നടി ഒഷിവാര പോലീസില്‍ പരാതി നല്‍കുകയും അജ്ഞാത യുവാവിനെതിരേ കേസെടുക്കുകയും ചെയ്തു. അന്വേഷണത്തിനിടയില്‍ ഐപി അഡ്രസ്സുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സന്ദേശത്തിന്റെ കേന്ദ്രം ഹൈദരാബാദ് ആണെന്ന് മനസ്സിലാക്കിയെടുത്തു. ഉടന്‍ തന്നെ ഇവിടെ എത്തിയ പോലീസ് നൂറാ സറാവര്‍ എന്ന പെണ്‍കുട്ടിയെ കയ്യോടെ പിടികൂടുകയും ചെയ്തു. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ അജണ്ഡയുടെ ഭാഗമായിട്ട് സറാ ഖാനെ തങ്ങള്‍ ലക്ഷ്യമിട്ടതെന്നാണ് പെണ്‍കുട്ടി പോലീസിന്റെ ചോദ്യം ചെയ്യലില്‍പറഞ്ഞത്.
ഇവര്‍ക്കൊപ്പം ഒരു സഹായി കൂടി ഉണ്ടായിരുന്നതായി ഇവര്‍ വ്യക്തമാക്കി. ഇവര്‍ മാനസീകമായി പ്രശ്നമുള്ള ആളാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം കൂടെ ഉണ്ടായിരുന്ന ആളെ ഇതുവരെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. ബലാത്സംഗ ഭീഷണി മുഴക്കാനുള്ള കാരണം സൂഷ്മമായി പഠിച്ചു വരികയാണ്. സംഭവത്തില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടരുന്നു.