EntertainmentKeralaNews

ഒരു സെലിബ്രിറ്റി എന്ന നിലയില്‍ എന്റെ പെരുമാറ്റത്തിന് എനിക്ക് ഉത്തരവാദിത്തമുണ്ട്; അത് മറ്റ് മാധ്യമങ്ങൾക്കുമുണ്ട്; പരിപാടിയെ കുറിച്ച് ശ്രിന്ദ!

കൊച്ചി:കാരക്ടര്‍ റോളുകളിലൂടെയും കോമഡി കഥാപാത്രങ്ങളിലൂടെയും മലയാള പ്രേക്ഷകര്‍ക്കിടയിൽ ശ്രദ്ധേയമായ താരമാണ് ശ്രിന്ദ. കൈരളി ചാനലിലെ പരിപാടിയില്‍ നടിമാരുടെ ഫോട്ടോഷൂട്ടിനെ കുറിച്ച് പറഞ്ഞ വീഡിയോയും അതിന് ശ്രിന്ദ നല്‍കിയ മറുപടിയും ഏറെ ചർച്ചയായിരുന്നു. ഇപ്പോള്‍ സംഭവത്തോടുള്ള തന്റെ പ്രതികരണവും നിലപാടുകളും തുറന്ന് പറയുകയാണ് നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രിന്ദ.

ചാനലില്‍ ഈ പരിപാടി ആദ്യമായല്ല നടക്കുന്നതെന്നും ഒരു പ്രത്യേക വിഭാഗം പ്രേക്ഷകര്‍ക്ക് മുന്നില്‍ ടോക്‌സിക് ആയ പരിപാടി അവതരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും ശ്രിന്ദ പറഞ്ഞു. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ തന്റെ പെരുമാറ്റത്തിന് തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും എന്നാല്‍ അത് മാധ്യമങ്ങള്‍ക്കുമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

”ഒരു സെലിബ്രിറ്റി എന്ന നിലയില്‍ എന്റെ പെരുമാറ്റത്തിന് എനിക്ക് ഉത്തരവാദിത്തമുണ്ട്. അതെനിക്കറിയാം. എന്നാല്‍ അത് ടി.വി ചാനലുകള്‍ക്കും സിനിമയ്ക്കും മറ്റ് മാധ്യമങ്ങള്‍ക്കും കൂടി ബാധകമാണ്. എന്തുകൊണ്ടാണ് അവര്‍ ഈ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നത്.

ഇങ്ങനെ കുറച്ച് കുറച്ചായി അവര്‍ ആരാധകരുടെ മുന്‍പില്‍ വെച്ച് കൊടുക്കുന്ന കാര്യങ്ങള്‍ ഭാവിയില്‍ വലിയ പ്രശ്‌നമായിത്തീരും. പരിപാടിയില്‍ അവതാരകര്‍ അത്തരത്തില്‍ സംസാരിക്കുന്നതില്‍ തനിക്ക് അത്ഭുതമില്ലെന്നും എന്നാല്‍ ചാനല്‍ ആ പരിപാടി തുടര്‍ന്ന് കൊണ്ടുപോകുന്നതാണ് തന്നെ അത്ഭുതപ്പെടുത്തുന്നതെന്ന് ശ്രിന്ദ പറഞ്ഞഫോട്ടോഷൂട്ടുകള്‍ക്ക് മാധ്യമങ്ങള്‍ ഇത്ര പ്രാധാന്യം കൊടുക്കേണ്ട ആവശ്യമുണ്ടോ എന്നും അഭിമുഖത്തില്‍ ചോദിച്ചു.

കൈരളി ചാനലിലെ ലൗഡ് സ്പീക്കര്‍ എന്ന പരിപാടിയിലായിരുന്നു നടിമാരുടെ ഫോട്ടോഷൂട്ടിനെക്കുറിച്ച് സംസാരിച്ചത്. ഇതിനെതിരെ പ്രതികരിച്ച് നടി എസ്തര്‍ അനിലും ശ്രിന്ദയും രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ശ്രിന്ദ ചാനലിനേയും പരിപാടിയുടെ അവതാരകരേയും വിമര്‍ശിച്ച് സംസാരിച്ചത്

ഇതിനിടെ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് പരിപാടിയുടെ അവതാരക നടി സ്‌നേഹ ശ്രീകുമാര്‍ രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സ്നേഹ മറുപടി പറഞ്ഞത്. താന്‍ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ആ പ്രോഗ്രാമിലെ കഥാപാത്രമായ സുശീല ഒരിക്കലും ഞാന്‍ എന്ന വ്യക്തിയല്ല, ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല ആ കഥാപാത്രങ്ങള്‍ പറയുന്നത്.

ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താല്‍ അതിനടിയില്‍വന്നു മോശം കമന്റ് ഇടുകയും, ചീത്തവിളിക്കുകയും ചെയ്യുന്ന കുറെ ആളുകളുടെ പ്രതിനിധികളാണ് സുശീലയും തങ്കുവും. അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശവും എന്നാണ് സ്‌നേഹ പ്രതികരിച്ചത്.

പരിപാടിയുടെ അവസാനം ജമാലു എന്ന കഥാപാത്രം ഓരോരുത്തര്‍ക്കും ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും സോഷ്യല്‍മീഡിയയില്‍ ഇടാനുമുള്ള അവകാശമുണ്ടെന്ന് പറയുന്നുണ്ടെന്നും സ്‌നേഹ പറഞ്ഞു. പ്രോഗ്രാം മുഴുവനായി കണ്ടവര്‍ക്ക് തങ്ങള്‍ താരങ്ങളുടെ ഭാഗത്തുനിന്നാണ് സംസാരിച്ചതെന്ന് മനസിലാകുമെന്നും അവര്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. മനു വാര്യര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘കുരുതി’യാണ് ശ്രിന്ദയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ ശ്രിന്ദയുടെ സുമതി എന്ന കഥാപാത്രമായുള്ള പ്രകടനം ഏറെ പ്രേക്ഷകപ്രീതിയും നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button