എന്റെ ജീവിതത്തിലേക്ക് തിരികെ നോക്കിയപ്പോള്‍ സില്‍ക്ക് സ്മിതയോട് ചെയ്തത് തന്നെ അവര്‍ എന്നോടും ചെയ്യുമെന്ന് തോന്നി; എനിക്ക് ആ അവസ്ഥ വരാന്‍ പാടില്ല’ തുറന്നുപറഞ്ഞ് നടി സോന

ചെന്നൈ: തമിഴ് സിനിമയിലെ ഗ്ലാമര്‍ നായികയായി അറിയപ്പെട്ട സോന, ഇപ്പോള്‍ തന്റെ ജീവിതം ആസ്പദമാക്കി സ്വന്തം കഥ പറയാന്‍ ഒരുങ്ങുന്നു. നടിയും സംവിധായികയും ആയ സോന എഴുതി സംവിധാനം ചെയ്ത ‘സ്‌മോക്ക്’ എന്ന വെബ് സീരീസ് റിലീസിന് തയ്യാറായിരിക്കുകയാണ്. സോന തന്റെ യൂണിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാര്‍പ്ലെക്‌സ് ഓടിടി പ്ലാറ്റ്ഫോമിന്റെ സഹകരണത്തോടെയാണ് വെബ് സീരീസ് അവതരിപ്പിക്കുന്നത്. 2010 മുതല്‍ 2015 വരെ തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് ഇതിന്റെ പ്രമേയം.
സോനയുടെ സിനിമയിലേക്കുള്ള പ്രവേശനം 1990-കളിലായിരുന്നു. അജിത്ത് അഭിനയിച്ച ‘പൂ എല്ലാം ഉന്‍ വാസം’ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വിജയ് നായകനായ ‘ഷാജഹാന്‍’ എന്ന ചിത്രത്തിലും ശ്രദ്ധേയമായി. ‘സിവപ്പതിഗാരം’, ‘കുസേലന്‍’, ‘മിരുഗം’, ‘ആയുധം’ തുടങ്ങി നിരവധി സിനിമകളില്‍ ഗ്ലാമര്‍ റോളുകളിലൂടെയാണ് താരം പ്രശസ്തയായത്.
2001 മുതല്‍ 2024 വരെ സോന തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലും സജീവമായിരുന്നു. എന്നാല്‍, ഗ്ലാമര്‍ റോളുകളായി മാറിയ തന്റെ ചലച്ചിത്ര ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതിനെക്കുറിച്ചും താരം വെളിപ്പെടുത്തുന്നു.
ഒരു പ്രൈവറ്റ് യൂട്യൂബ് ചാനലിലേക്ക് നല്‍കിയ ഇന്റര്‍വ്യൂവില്‍ സോന പറഞ്ഞത് ഇതാണ് ‘എന്റെ ജീവിതത്തില്‍ ഞാന്‍ നിരവധി നിരാശകള്‍ അനുഭവിച്ചിട്ടുണ്ട്. ആ സമയത്ത്, എന്നെ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പോലും, ഞാന്‍ അവരെ വിശ്വസിക്കുമായിരുന്നില്ല. ‘ഞാന്‍ നിനക്ക് വേണ്ടി ഇവിടെയുണ്ട്’ എന്ന് ആരെങ്കിലും പറഞ്ഞാലും, ഞാന്‍ അവരെ വിശ്വസിക്കുമായിരുന്നില്ല.
ഇതിന് പ്രധാന കാരണം, അങ്ങനെ പറഞ്ഞ പലരും എന്നെ വഞ്ചിച്ചിട്ടുണ്ട്. ആ സമയത്ത് അഭിനയമാണ് എനിക്ക് ഒരേയൊരു ആശ്വാസമായിരുന്നത്. അതുകൊണ്ടാണ് ചിത്രം ഏതെന്ന് നോക്കാതെ കിട്ടിയ പടം ഒക്കെ അഭിനയിച്ച. പക്ഷെ എല്ലാവരും എന്നെ ഗ്ലാമറസ് ആയി മാത്രമേ കണ്ടിരുന്നുള്ളൂ. ഇതിന്റെ ഫലമായി, ഗ്ലാമറിന് വേണ്ടി മാത്രം ലഭിച്ച അവസരങ്ങള്‍ ഞാന്‍ പിന്നീട് നിരസിക്കാന്‍ തുടങ്ങി.
പിന്നീട് അഭിനയത്തോട് തന്നെ മടുപ്പായി. പിന്നീട് ഞാന്‍ തന്നെ എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കി. ഒരു ഗ്ലാമര്‍ രാജ്ഞിയായി ജീവിച്ച സില്‍ക്ക് സ്മിതയുടെ ജീവിതം അവരുടെ മരണ ശേഷം പല രീതിയിലാണ് പലരും കഥയാക്കുന്നത്. എന്നാല്‍ ആ സമയത്ത് യഥാര്‍ത്ഥ കഥ ആര്‍ക്കും അറിയില്ല. അതുപോലെ, എന്റെ മരണശേഷവും ഇത്തരം ഒരു അവസ്ഥ വരാന്‍ പാടില്ല എന്നെക്കുറിച്ച് ആരെങ്കിലും എന്തും പറയാന്‍ പാടില്ല. അതുകൊണ്ടാണ് ഞാന്‍ എന്റെ കഥ ഞാന്‍ തന്നെ പറയാന്‍ തീരുമാനിച്ചത്’ സോന പറയുന്നു.
‘എന്റെ അമ്മ മരിച്ചപ്പോള്‍, അവളുടെ ശവസംസ്‌കാരത്തിന് ശേഷം, ആരോ എന്റെ കൂടെ സെല്‍ഫി എടുക്കാമോ എന്ന് ചോദിച്ചു. ‘എന്റെ അമ്മയാണ് ഇപ്പോള്‍ മരിച്ചത് അത് സാധ്യമല്ല’ എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ അയാള്‍ മറുപടി പറഞ്ഞു, ‘എന്താണ് തെറ്റ്? ഇത് ഒരു സെല്‍ഫി മാത്രമല്ലെ .’ എന്നാണ്, ഇത് സംഭവിച്ചത് ഞാന്‍ ഒരു ഗ്ലാമറസ് നടിയായി അറിയപ്പെടുന്നതിനാലാണ്. അതുകൊണ്ടാണ് ഞാന്‍ ഗ്ലാമറസ് റോളുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിര്‍ത്തിയത്. ഇപ്പോള്‍, എല്ലാവരും എന്നെ ബഹുമാനിക്കുന്നു’ സോന പറഞ്ഞു.