എന്റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ട ആവശ്യമില്ല, വിമര്‍ശകര്‍ക്ക് മറുപടിയുമായി സനൂഷ സന്തോഷ്

കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സനൂഷ സന്തോഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ തടിയെക്കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സനൂഷ.

എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്ന് സനൂഷ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സനൂഷയുടെ പ്രതികരണം.

യെസ് എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്…പ്രിയപ്പെട്ടവരെ, ശരീരഭാരം കുറഞ്ഞും സുന്ദരമായും ഒരാളും നിലനില്‍ക്കില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്യുവാന്‍ നിങ്ങള്‍ ചൊറിയുന്നവരാണെങ്കില്‍ ഓര്‍ക്കുക നിങ്ങള്‍ രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നിങ്ങളിലേക്ക് ചൂണ്ടുന്നു. ആരും എല്ലാം തികഞ്ഞവരല്ല എന്ന കാര്യം ഓര്‍ക്കുക എന്നും താരം പറഞ്ഞു.

ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് സനൂഷ. തന്റെ അഞ്ചാം വയസ്സില്‍ ദാദാസാഹിബ് എന്ന സിനിമയിലാണ് സനൂഷ ആദ്യം അഭിനയിച്ചത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.

മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമയിലൂടെയാണ് ആദ്യമായി നായികയാവുന്നത്. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയിലൂടെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നാനി നായകനായ ജേഴ്സി എന്ന സിനിമയിലാണ് സനൂഷ അവസാനമായി അഭിനയിച്ചത്.