‘അവര്‍ എന്റെ അച്ഛനെ കൊന്നതാണ്, എല്ലാ ഡോക്ടര്‍മാരും ദൈവത്തിന് സമമല്ല’; ആശുപത്രിക്ക് എതിരെ നിയമനടപടിയുമായി നടി സംഭാവന
ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കൊണ്ടാണ് തന്റെ അച്ഛന്‍ മരിച്ചതെന്ന ആരോപണവുമായി നടി സംഭാവന സേഠ്. മെയ് 8ന് ആണ് സംഭാവനയുടെ പിതാവ് മരിച്ചത്. ഇതേ ഫതുടര്‍ന്ന് ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിക്കെതിരെ നിയമ നടപടികളുമായി നീങ്ങുകയാണ് നടി ഇപ്പോള്‍.
ചില നഴ്സുമാര്‍ പിതാവിനോട് അപമര്യാദയായി പെരുമാറിയെന്നും ഓക്സിജന്‍ ലെവല്‍ 55 ആയപ്പോഴും നല്ലതാണ് കുഴപ്പമില്ലെന്ന് പറഞ്ഞതായും നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. പിതാവ് എസ്.കെ സേഠ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള വീഡിയോ പങ്കുവച്ചാണ് സംഭാവനയുടെ പോസ്റ്റ്. നഴ്സുമാര്‍ അപമര്യാദയായി പെരുമാറിയെന്നും വീഡിയോയില്‍ സംഭാവന പറയുന്നുണ്ട്.
സംഭാവനയുടെ വാക്കുകള്‍ ഇങ്ങനെ…
എന്റെ അച്ഛനെ അവര്‍ കൊന്നതാണ്, എല്ലാ ഡോക്ടര്‍മാര്‍ക്കും ദൈവത്തിന് സമമെന്ന് പറയാന്‍ കഴിയില്ല. അക്കൂട്ടത്തില്‍ വെളുത്ത കോട്ട് ധരിച്ച് നമ്മുടെ പ്രിയപ്പെട്ടവരെ കൊല്ലുന്നവരുമുണ്ട്. ഈ വീഡിയോ റെക്കോര്‍ഡ് ചെയ്ത് രണ്ടു മണിക്കൂറിന് ശേഷം എന്റെ അച്ഛന്‍ മരിച്ചു അല്ലെങ്കില്‍ വൈദ്യശാസ്ത്രപരമായി കൊല്ലപ്പെട്ടു.
പിതാവിനെ നഷ്ടപ്പെടുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭയമായിരുന്നു, അത് നേരില്‍ കണ്ടു.എന്റെ പിതാവ് പഠിപ്പിച്ചതു പോലെ ഇനി സത്യത്തിന് വേണ്ടി പോരാടാന്‍ ഒരുങ്ങുകയാണ്. ഈ പോരാട്ടത്തില്‍ പരാജയപ്പെട്ടാലും ഇല്ലെങ്കിലും പല വമ്പന്‍ സ്രാവുകളുടെയും ദൈവമെന്ന മുഖം മൂടി വലിച്ചു കീറും.
അച്ഛന്റെ അന്തിമ ചടങ്ങുകള്‍ കഴിയാന്‍ കാത്തിരിക്കുകയാണ്. ഈ പോരാട്ടത്തില്‍ നിങ്ങളുടെ പിന്തുണയും വേണം. ഈ ദുഷ്‌ക്കര സമയത്ത് ആശുപത്രികളില്‍ പോകേണ്ടി വന്നവര്‍ക്ക് സമാനമായ അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ടാകുമെന്ന് അറിയാം. ഒരുമിച്ച് പോരാടാം.