‘ഇവിടെ നടക്കുന്നതൊന്നും നിങ്ങളറിയുന്നില്ലേ, നാണമില്ലേയെന്നും ചോദിച്ചു’ ധനുഷിനെതിരെ നടി രാധിക ശരത്കുമാറും
ചെന്നൈ: വിഗ്നേഷ് ശിവൻ – നയൻതാര പ്രണയ ബന്ധത്തെ കുറിച്ച് ധനുഷ് തന്നോട് വിളിച്ച് സംസാരിച്ചിരുന്നുവെന്ന് രാധിക ശരത് കുമാർ. ഇവിടെ നടക്കുന്നതൊന്നും നിങ്ങളറിയുന്നില്ലേ, നിങ്ങൾക്ക് നാണം ഇല്ലേ എന്ന് ധനുഷ് ചോദിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. നയൻ താരയും വിഗ്നേഷ് ശിവനും ഒരുമിച്ച് പുറത്ത് പോകുന്നതിലായിരുന്നു ധനുഷ് ചോദിച്ചത്. താൻ അറിഞ്ഞതേയില്ലെന്ന് ധനുഷിന് മറുപടി നൽകിയെന്നും രാധിക ശരത്കുമാർ പറഞ്ഞു.
നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഈ സംഭവമെന്നാണ് രാധിക പറഞ്ഞത്. നയൻതാര അഭിനയിച്ച സിനിമ വിഗ്നേഷ് ശിവനാണ് സംവിധാനം ചെയ്തത്. ധനുഷായിരുന്നു ചിത്രത്തിൻ്റെ നിർമ്മാതാവ്. രാധിക ശരത്കുമാറും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
അതിനിടെ നയൻതാരയെ കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി റിലീസ് ചെയ്തു. നയൻതാരയുടെ ജന്മദിനത്തിലാണ് ഡോക്യുമെൻ്ററി പുറത്തിറങ്ങിയത്. ധനുഷിന്റെ വക്കീൽ നോട്ടീസ് തള്ളിക്കൊണ്ടാണ് നെറ്റ്ഫ്ലിക്സും നയൻതാരയും ഡോക്യുമെൻ്ററിയുമായി മുന്നോട്ട് പോയത്. ‘നാനും റൗഡി താൻ‘എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് ഡോക്യുമെൻ്ററി റിലീസ് ചെയ്തത്. സിനിമയെ കുറിച്ച് വിഘ്‌നേഷും നയൻ താരയും സംസാരിക്കുന്ന ഭാഗത്താണ് ദൃശ്യങ്ങൾ ഉൾപ്പെടുത്തിയത്.
സെറ്റിൽ വിഘ്‌നേഷ് താരങ്ങൾക്ക് നിർദേശം നൽകുന്നതും നയൻ താരയോട് സംസാരിക്കുന്നതുമാണ് ഉൾപ്പെടുത്തിയത്. മൂന്ന് സെക്കൻ്റ് ദൈർഘ്യമുള്ള സിനിമയുടെ ചിത്രീകരണത്തിന് ഇടയിലെ ഭാഗങ്ങൾ ഉൾപ്പെടുത്താൻ 10 കോടി രൂപ ചോദിച്ച ധനുഷിൻ്റെ നിലപാടിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തി നയൻതാര രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നിരവധി താരങ്ങളാണ് ധനുഷിനെതിരെ വിമർശനവുമായി വന്നത്. ഈ നിരയിൽ ഒടുവിലത്തേതാണ് രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തൽ.