കുട്ടികള്‍ സ്‌കൂളുകളില്‍ നിന്നു തന്നെ കളരിയുടെ അടിസ്ഥാനപാഠങ്ങള്‍ പഠിക്കണം; കളരി അഭ്യസിച്ച് നടി ലിസി
മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്നു ലിസി. ഇപ്പോളിതാ കളരി പഠിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. മഹത്തായൊരു കലയാണ് കളരി, ശരീരത്തിനും മനസ്സിനും അത്ഭുതകരമായൊരു ഫിറ്റ്നസ് നല്‍കുന്ന ടെക്നിക് കൂടിയാണ് കളരിയെന്നും ലിസി ചിത്രം പങ്കുവെച്ച് കുറിച്ചു.
മഹത്തായൊരു കലയാണ് കളരി. ചിത്രങ്ങളില്‍ നിങ്ങള്‍ കാണും പോലെ, പ്രായം ഒന്നിനുമൊരു തടസ്സമല്ല. എന്നെ പോലെ നിങ്ങളും വളരെ കുറച്ചു മാത്രമാണ് പഠിച്ചതെങ്കിലും, ശരീരത്തിനും മനസ്സിനും അത്ഭുതകരമായൊരു ഫിറ്റ്നസ് നല്‍കുന്ന ടെക്നിക് കൂടിയാണത്. ചുവടുകളുടെയും വടിവിന്റെയും കോമ്പിനേഷനിലുള്ള സ്റ്റെപ്പുകളാണ് കളരിയുടേത്. ചിത്രത്തില്‍ എന്റെ കൂടെയുള്ളത് കളരി റാണിയും ലക്ഷ്മണ്‍ ഗുരുജിയും.
”കുട്ടിയായിരുന്നപ്പോഴോ കൗമാരക്കാലത്തോ കളരി പഠിക്കാന്‍ കഴിയാതെ പോയതില്‍ എനിക്ക് നഷ്ടബോധം തോന്നുന്നു. നമ്മുടെ കുട്ടികള്‍ സ്‌കൂളുകളില്‍ നിന്നു തന്നെ കളരിയുടെ അടിസ്ഥാനപാഠങ്ങള്‍ പഠിക്കണമെന്നാണ് എന്റെ അഭിപ്രായം. ആരോഗ്യകരമായ ഗുണങ്ങളും അച്ചടക്കവും പ്രധാനം ചെയ്യുന്നതിനൊപ്പം നമ്മുടെ പെണ്‍മക്കള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ ഉപകരിക്കും” എന്നാണ് ലിസിയുടെ കുറിപ്പ്.