തിരുവനന്തപുരം: യൂട്യൂബറെ ആക്രമിച്ച കേസിൽ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. തമ്പാനൂർ പോലീസാണ് തിരുവനന്തപുരം അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.
യൂട്യൂബറായ വിജയ് പി.നായരെ ലോഡ്ജിൽ അതിക്രമിച്ച് കയറി മർദിച്ചെന്നും ശേഷം ദേഹത്ത് മഷിയൊഴിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. അതിക്രമിച്ചുകയറിയതിനും മർദിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, ഡിസംബർ 22-ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
2020 സെപ്റ്റംബറിലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്. യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി.നായർ സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ചാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇയാളെ മർദിച്ചത്. സംഭവം ഫെയ്സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട ഇവർ വിജയ് പി.നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.