കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിനെതിരെ പുറത്തു വന്ന പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ നിര്‍ത്തിവച്ചു തുടരന്വേഷണം നടത്താനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി ഇന്നു പരിഗണിക്കും. രണ്ടാമത്തെ സ്‌പെഷല്‍ പ്രോസിക്യൂട്ടറും രാജിവച്ച സന്ദര്‍ഭത്തിലാണു തുടരന്വേഷണ ഹര്‍ജി പരിഗണിക്കുന്നത്. സാക്ഷി വിസ്താരത്തിനിടയില്‍ വിചാരണക്കോടതിയുടെ നിലപാടുകള്‍ പ്രോസിക്യൂഷനെ ദുര്‍ബലമാക്കുന്നു എന്ന ആരോപണം ഉന്നയിച്ചാണ് രണ്ടാമത്തെ സ്‌പെഷല്‍ പ്രോസിക്യൂട്ടറും രാജി വച്ചത്.
കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ പുതിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ സംസ്ഥാന അഭ്യന്തര വകുപ്പ് നിയമിച്ചിട്ടില്ല. കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് നടന്‍ ദിലീപിന്റെ കൈവശമുണ്ടെന്നാണു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.
കേസിന്റെ വിചാരണാ ഘട്ടം പൂര്‍ത്തിയാക്കാനിരിക്കെ ബാലചന്ദ്രകുമാര്‍ എന്തുകൊണ്ടാണ് ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയതെന്നു വ്യക്തമല്ല. ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി നിജസ്ഥിതി ബോധ്യപ്പെട്ടില്ലെങ്കില്‍ അതു ക്രിമിനല്‍ നടപടി ചട്ടങ്ങളുടെ ലംഘനമാകുമെന്നാണു പ്രോസിക്യൂഷന്‍ നിലപാട്.
അതേസമയം, കേസില്‍ സാക്ഷി വിസ്താരം തുടങ്ങിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തിയ യാത്രകളും ടെലിഫോണ്‍ വിളികളും പരിശോധിക്കണമെന്നാവശ്യപ്പെട്ടു നടന്‍ ദിലീപ് സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷന്‍ ആണെന്ന് ദിലീപ് ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് അഭിമുഖത്തിന് പിന്നിലെന്നും ദിലീപ് ആരോപിച്ചു. ബൈജു പൗലോസിന്റെ ഫോണ്‍ കോള്‍, വാട്‌സാപ്പ് ഡീറ്റെയ്ല്‍സ് പരിശോധിക്കണം. തുടരന്വേഷണത്തില്‍ എതിര്‍പ്പില്ല, അന്വേഷണം ബൈജു പൗലോസിനെ ഏല്‍പിക്കരുത്. ഡി.ജി.പിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഉള്‍പ്പടെ ദിലീപ് പരാതി നല്‍കി.
ക്വട്ടേഷന്‍ പ്രകാരം തന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണം നടത്തണമെന്ന് അഭ്യര്‍ഥിച്ചു കേസിലെ മുഖ്യസാക്ഷിയും അതിജീവിതയുമായ നടി മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു. നടന്‍ ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.