അര്‍ച്ചന സുശീലന്‍ രണ്ടാമതും വിവാഹിതയായി; വിവാഹചിത്രങ്ങളും വീഡിയോയും പങ്കുവച്ച് നടി
‘എന്റെ മാനസപുത്രി’ എന്ന സീരിയലിലെ വില്ലത്തി വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അര്‍ച്ചന സുശീലന്‍ രണ്ടാമതും വിവാഹിതയായി. അമേരിക്കയില്‍ വച്ചുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കൂടി പങ്കുവച്ചത് അര്‍ച്ചന തന്നെയാണ്. കഴിഞ്ഞ കുറെ നാളുകളായി അര്‍ച്ചന രണ്ടാമത് വിവാഹിതയാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അതിനു പിന്നാലെയാണ് തന്റെ കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ അര്‍ച്ചന പങ്കുവച്ചത്.
അര്‍ച്ചനയുടെ സുഹൃത്തും ബിഗ് ബോസ് താരവുമായിരുന്ന ദിയ സന ഇക്കാര്യം അറിയിച്ച കുറിപ്പ് പങ്കുവച്ചതോടെ കാര്യം സത്യമാണെന്ന് മനസ്സിലാകുകയും വീണ്ടും ചര്‍ച്ചയാകുകയും ചെയ്തു. അവസാനം ആ സന്തോഷ വാര്‍ത്ത അറിയിച്ച് അര്‍ച്ചന തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിവാഹാഘോഷങ്ങള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെയാണ് നടി പങ്കുവെച്ചത്. ഒപ്പം വിവാഹിതയായതിനെ കുറിച്ചും നടി പറയുന്നു. ഇതിന് താഴെ മുന്‍നാത്തൂനായ ആര്യ അടക്കം നിരവധി പേരാണ് താരദമ്പതിമാര്‍ക്ക് ആശംസ അറിയിച്ചത്.
”പ്രവീണ്‍ നായരെ ഞാന്‍ വിവാഹം കഴിച്ചു. നിന്നെ പോലൊരാളെ ജീവിതത്തിലേക്ക് ലഭിച്ച ഞാന്‍ ഭാഗ്യവതിയാണ്. എനിക്ക് സന്തോഷവും സ്നേഹവും നേടി തരുന്നതിന് നിന്നോട് നന്ദി പറയുകയാണ്. വിവാഹത്തിന് വേണ്ടിയുള്ള എന്റെ ലെഹംഗ രൂപകല്‍പന ചെയ്ത് തന്നതിന് അനു നോബിയ്ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.” ഇങ്ങനെ ക്യാപ്ഷന്‍ നല്‍കിയാണ് അര്‍ച്ചന ചിത്രങ്ങള്‍ പങ്കുവച്ചത്.
വിവാഹ വേഷത്തില്‍ പ്രവീണിനൊപ്പം ഇരിക്കുന്ന ഫോട്ടോയും, വധുവരന്മാരെ എടുത്തുയര്‍ത്തി പരസ്പരം ഹാരം അണിയിക്കുന്ന വീഡിയോയും അര്‍ച്ചന പോസ്റ്റ് ചെയ്തു. അമേരിക്കയില്‍ വച്ചുള്ള വിവാഹമായതിനാല്‍ ഫ്‌ളാറ്റിനുള്ളില്‍ വച്ചാണ് നടത്തുന്നതെന്ന് വ്യക്തം. ബാക്കിയുള്ള വിശേഷങ്ങള്‍ അര്‍ച്ചന തന്നെ പങ്കുവയ്ക്കുമെന്ന് കരുതാം. അര്‍ച്ചനയുടെ സഹോദരന്റെ ഭാര്യ ആയിരുന്ന നടി ആര്യയും നാത്തൂന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ”അഭിനന്ദനങ്ങള്‍ പ്രിയപ്പെട്ടവളേ, കണ്ണ് തട്ടാതെ ഇരിക്കട്ടേ.” എന്നാണ് അര്‍ച്ചനയുടെ പോസ്റ്റിന് താഴെ ആര്യ കമന്റിട്ടത്. സാധിക വേണുഗോപാല്‍, വീണ നായര്‍, നടന്‍ ദീപന്‍ മുരളി തുടങ്ങിയവരും താരദമ്പതിമാര്‍ക്കുള്ള ആശംസ അറിയിച്ചു.
എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന വില്ലത്തി കഥാപാത്രമാണ് അര്‍ച്ചനയെ മലയാളി ടിവി പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. പിന്നീട് അര്‍ച്ചന സീരിയലുകളില്‍ സജീവമായി. ബിഗ് ബോസ് മലയാളത്തിലും അര്‍ച്ചന പങ്കെടുത്തിരുന്നു. ഇതിലൂടെയാണ് നടിയുടെ വ്യക്തി ജീവിതം സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറഇയുന്നത്.
പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ ആയിരുന്നു അവസാനമായി അര്‍ച്ചന അഭിനയിച്ചിരുന്നത്. പെട്ടെന്ന് നടി ഇതില്‍ നിന്നും പിന്മാറിയതോടെ അര്‍ച്ചന ഇതെവിടെ പോവുകയാണെന്ന് ചോദിച്ചവര്‍ക്ക് മുന്നിലേക്കാണ് പ്രിയതമനുമൊപ്പമുള്ള ഫോട്ടോയുമായി നടി എത്തിയത്. അമേരിക്കയില്‍ നിന്നുമുള്ള യാത്രകള്‍ക്കിടയിലെ ചിത്രങ്ങളില്‍ തന്റെ കാമുകനാണെന്ന് നടി സൂചിപ്പിച്ചു.