‘എനിക്ക് എന്റെ സിനിമകള്‍ കണ്ടപ്പോള്‍ കുറച്ച് കൂടി സെലക്ടീവ് ആകണമെന്ന് തോന്നി’, അങ്ങനെയാണ് മാറി നിന്നത്, അല്ലാതെ അഭിനയം നിര്‍ത്തിയതായിരുന്നില്ല; കഥ പറയാന്‍ വിളിക്കുന്നവര്‍ ആദ്യം ചോദിച്ചിരുന്നത് ഇപ്പോള്‍ അഭിനയിക്കുന്നുണ്ടോ എന്നായിരുന്നുവെന്നും അനന്യ
കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയ താരമാണ് അനന്യ എന്ന ആയില്യ നായര്‍. സിനിമയില്‍ സജീവമായി നില്‍ക്കെയാണ് ഇടയ്ക്ക് വെച്ച് താരം ഇടവേളയെടുത്തത്. എന്നാല്‍ അടുത്തിടെ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയില്‍ അഭിനയിച്ച ശേഷം പിന്നീട് ആരും അനന്യയെ മലയാളത്തില്‍ കണ്ടിട്ടില്ല.
ഇപ്പോഴിതാ അതിനുള്ള കാരണവും വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് അനന്യ. ‘എനിക്ക് എന്റെ സിനിമകള്‍ കണ്ടപ്പോള്‍ കുറച്ച് കൂടി സെലക്ടീവ് ആകണമെന്ന് തോന്നി. അങ്ങനെയാണ് മാറി നിന്നത്. ക്ലീഷേ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു. മലയാളത്തില്‍ അഭിനയിച്ചിരുന്നില്ലെങ്കിലും മറ്റ് ഭാഷകളില്‍ സിനിമ ചെയ്തിരുന്നു. അല്ലാതെ അഭിനയം നിര്‍ത്തിയിരുന്നില്ല.
ഒരിടക്ക് കഥ പറയാന്‍ വിളിക്കുന്നവര്‍ ആദ്യം ചോദിച്ചിരുന്നത് ഇപ്പോള്‍ അഭിനയിക്കുന്നുണ്ടോ എന്നായിരുന്നു. ഭ്രമം ഇഷ്ടപ്പെട്ടത് കൊണ്ടാണ് കഥാപാത്രത്തിന്റെ വലിപ്പം പോലും നോക്കാതെ അഭിനയിച്ചത്. പിന്നെ ഇനി ഇങ്ങനൊരു കഥാപാത്രം കിട്ടുമോ എന്ന് സംശയമായിരുന്നുവെന്നതും ഭ്രമം ചെയ്യാന്‍ പ്രേരിപ്പിച്ചു’ എന്നും അനന്യ പറയുന്നു.
1995ല്‍ പുറത്തെത്തിയ പൈ ബ്രദേഴ്സ് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് അനന്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2008ല്‍ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ വീണ്ടും നടി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തി. 2009ല്‍ നാടോടികള്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു. നാടോടി എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ അനന്യ തന്റെ പേരായി നടി സ്വീകരിക്കുകയായിരുന്നു.