KeralaNews

‘ശ്രീനിവാസന് ആദരാഞ്ജലി’ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… താരത്തിൻ്റെ പ്രതികരണം

കൊച്ചി:ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന പ്രമുഖ വ്യക്തികള്‍ മരിച്ചു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നത് ആദ്യമായല്ല. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനാണ് (Sreenivasan) ഇത്തരം പ്രചരണങ്ങളുടെ ഒടുവിലത്തെ ഇര. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ഒട്ടേറെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നലെയും ഇന്നുമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിക്കിടക്കയില്‍ വച്ച് ഇക്കാര്യം അറിഞ്ഞ ശ്രീനിവാസന്‍ സ്വതസിദ്ധമായ ഫലിതത്തോടെയാണ് അതിനെ നേരിട്ടതെന്ന് ചലച്ചിത്ര നിര്‍മ്മാതാവും അദ്ദേഹത്തിന്‍റെ സുഹൃത്തുമായ മനോജ് രാംസിംഗ് പറയുന്നു.

ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതല്‍ ആയിപ്പോയാൽ കുറച്ചു മനോജിന് തന്നേക്കാം, മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല, മനോജ് രാംസിംഗ് ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീനിവാസനെ നായകനാക്കി താന്‍ സംവിധാനം ചെയ്‍ത അയാള്‍ ശശി എന്ന ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ സ്റ്റില്ലുകള്‍ വ്യാജ വാര്‍ത്തകളില്‍ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി സംവിധായകന്‍ സജിന്‍ ബാബുവും രംഗത്തെത്തിയിരുന്നു.

അതേസമയം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ട്. വെന്റിലേറ്റർ സംവിധാനം മാറ്റിയെന്നും തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലാണ് ശ്രീനിവാസന്‍ ചികിത്സയിൽ കഴിയുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില ഭദ്രമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. ഇന്നലെ ശ്രീനിവാസന്‍റെ 66ാം ജൻമദിനമായിരുന്നു.

അതേസമയം, ലൂയിസ് എന്ന ചിത്രമാണ് ശ്രീനിവസന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. നവാ​ഗതനായ ഷാബു ഉസ്മാൻ കോന്നിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ഇതുവരെ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വേറിട്ടൊരു വേഷമാണ് ശ്രീനിവാസൻ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ‘ലൂയിസി’ൻ്റെ ചിത്രീകരണം നടക്കുന്നത്. ശ്രീനിവാസൻ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, പ്രേക്ഷകന് പുത്തൻ അനുഭവമായിരിക്കും നൽകുകയെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker