EntertainmentNews

ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്, വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍, എന്റ വീട്ടിലുമുണ്ട് രണ്ടെണ്ണം; ഇന്ന് അത് ഒഴിവാക്കുകയാണെന്ന് സലീംകുമാര്‍

തൃശൂര്‍: കൊല്ലത്തെ വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. നിരവധി പേരാണ് വിഷയത്തില്‍ പ്രതികരിച്ച് സോഷ്യല്‍മീഡിയയിലൂടെയും മറ്റും രംഗത്തെത്തിയത്. മലയാളി മനസില്‍ സൂക്ഷിക്കുന്ന സ്ത്രീധനത്തിന്റെ തുലാസ് നീക്കം ചെയ്താലേ അതിന്റെ പേരിലുണ്ടാകുന്ന അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയുള്ളുവെന്ന് പറയുകയാണ് നടന്‍ സലിം കുമാര്‍.

‘സ്ത്രീധന ഭാരത്താല്‍ തൂങ്ങിയാടാനുള്ളതല്ല സ്ത്രീ ജീവിതങ്ങള്‍’ എന്ന് സന്ദേശം ഉയര്‍ത്തി ഡിവൈഎഫ്ഐ നടത്തിയ യുവജന ജാഗ്രതാ സദസില്‍ സംസാരിക്കുകയായിരുന്നു സലിം കുമാര്‍. വിസ്മയ എന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ താനും ഒരുത്തരവാദിയാണെന്നും സമൂഹത്തിന്റെ ചിന്താഗതിയാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണമെന്നും സലിം കുമാര്‍ പറഞ്ഞു.

സലിം കുമാറിന്റെ വാക്കുകള്‍:

‘ഒരു സദസിനെ അഭിമുഖീകരിച്ച് സംസാരിച്ചിട്ട് കാലം കുറേയായി. അതുകൊണ്ട് തന്നെ വിറക്കുന്ന കൈകളോടു കൂടിയാണ് ഞാന്‍ നില്‍ക്കുന്നത്. എന്ത് പറയണം എന്നറിയില്ല. ഇന്ന് കേരളം മുഴുവനും ചര്‍ച്ച ചെയ്യുന്ന സംഭവമായി മാറിയിരിക്കുകയാണ് സ്ത്രീധനം മൂലമുള്ള പീഡനങ്ങളും മരണങ്ങളും. ഓരോ പെണ്കുട്ടികളും മരിച്ച് വീഴുമ്പോള്‍ ഇത്തരം ചര്‍ച്ചകള് ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്പോള്‍ അതെല്ലാം മാഞ്ഞുപോകും. മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ അത് വറ്റിപോകും. പ്രതിഷേധമാകുന്ന ആ വെള്ളത്തെ തളം കെട്ടി നിര്‍ത്തി തിരിച്ചുവിടാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. യുവജന രാഷ്ട്രീയപാര്‍ട്ടികള്‍ ഈ പ്രശ്നം ഏറ്റെടുക്കുന്നതു കാണുമ്പോള്‍ വലിയ പ്രതീക്ഷയുണ്ട്’.

‘ക്രൈം ബ്യൂറോയുടെ കണക്ക് അനുസരിച്ച് 4 മാസത്തിനുള്ളില്‍ ആയിരത്തി എണ്‍പതോളം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളാണ് ഫയല്‍ ചെയ്യുന്നത്. കൊച്ചുകേരളത്തിലാണ് ഇതൊക്കെ നടക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ നടന്ന സ്ത്രീ മരണങ്ങള്‍ 68.’

‘ഇവിടെ സ്ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്നതിന്റെ കാരണങ്ങളില്‍ 50 ശതമാനവും സ്ത്രീധനം എന്ന് പറയുന്ന, കോവിഡിനേക്കാള്‍ മാരകമായ വിപത്തു മൂലമാണ്. കോവിഡിന് വാക്സിനേഷന്‍ ഉണ്ട്. എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്ക്കുന്ന അനാചാരത്തിനെതിരെ വാക്സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ‘വിസ്മയയുടെ മരണത്തില്‍ എനിക്കും ഉത്തരവാദിത്തം ഉണ്ട്. ഭര്‍ത്താവിന് കൊടുക്കുന്ന ശിക്ഷയ്ക്ക് അതേ ഉത്തരവാദിയാണ് സലീം കുമാറും. കോവിഡിന്റെ ഭീതിജനകമായ സാഹചര്യത്തില്‍ ആ പെണ്‍കുട്ടിക്ക് വീട്ടില്‍ വന്നു നില്ക്കാമായിരുന്നു.

ഡോക്ടറിന്റെ ഉപദേശങ്ങള്‍ തേടാമായിരുന്നു, എന്നൊക്കെ പലരും പറഞ്ഞു. 20 ാം തിയതിയാണ് ആ പെണ്‍കുട്ടി കൊല്ലപ്പെടുന്നതെങ്കില്‍ അതിന്റെ എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് ആ പെണ്‍കുട്ടി മാനസികമായി മരിച്ച് കഴിഞ്ഞിരുന്നു. അവളാകുന്ന ജഡ്ജി തൂക്കാന്‍ വിധിച്ചു കഴിഞ്ഞിരുന്നു, പിന്നീട് അവളാകുന്ന ആരാച്ചാര്‍ ആ കര്‍മം നിറവേറ്റിയെന്ന് മാത്രമേ ഒള്ളൂ.’ ‘പതിനായിരം വട്ടം അവള്‍ വീട്ടില്‍ പോകുന്ന കാര്യം ആലോചിച്ചു കാണും. ഞാന്‍ ഉള്‍പ്പെടുന്ന സമൂഹമാണ് അവളെ അതില്‍ നിന്നും പിന്‍തിരിപ്പിച്ചത്.

ആ പെണ്‍കുട്ടി സൈക്യാര്‍ടിസ്റ്റിനെ കാണാന്‍ പോകുന്നത് അറിയുന്ന ആരെങ്കിലും കണ്ടാല്‍ ഉടനെ തന്നെ പറഞ്ഞുപരത്തും, ‘അവള്‍ക്ക് ഭ്രാന്താണെന്ന്’. അല്ലാതെ മാനസികമായ ധൈര്യത്തിനു വേണ്ടി കാണാന്‍ പോയതാണെന്ന് ആരും പറയില്ല.’ ‘മലയാളി മനസില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലേ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂ. ആണ്‍കുട്ടികള്‍ ഉള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്. വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്. ആ തുലാസ് പിടിച്ചെടുക്കുക. എനിക്ക് രണ്ട് ആണ്മക്കളാണ്. എന്റെ വീട്ടിലും തുലാസ് ഉണ്ട്. ഞാന്‍ മേടിച്ചു വച്ചതാണ്. ഇന്ന് അത് ഒഴിവാക്കുകയാണ്.’- സലിം കുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker