25 കാരനായ നടൻ്റെ ജീവനെടുത്ത് ഹൃദയാഘാതം, ഞെട്ടലിൽ സിനിമാ ലോകം
സീരിയല്‍ നടൻ പവൻ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മുംബൈയില്‍ വെച്ചാണ് മരണം സംഭവിച്ചത്. കന്നഡയിലും ഹിന്ദിയിലും സജീവമായ താരമായിരുന്നു പവൻ. 25 വയസ് മാത്രമുള്ളപ്പോള്‍ ഹൃദയാഘാതത്താല്‍ താരത്തിന്റെ മരണം സംഭവിച്ചതിന്റെ സങ്കടത്തിലാണ് പവന്റെ ആരാധകര്‍.
മുംബൈയിലെ വസതിയില്‍ അഞ്ച് മണിയോടെയായിരുന്നു താരത്തിന്റെ മരണം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകക്കാരനാണെങ്കിലും പവൻ കലാലോകത്ത് സജീവമായി തുടരുന്നതിനായി മുംബൈയിലായിരുന്നു നടന്റെ താമസം. നാഗരാജുവിന്റെയം സരസ്വതിയുടെയും മകനാണ് പവൻ. പവന്റെ ഭൗതിക ശരീരം മുംബൈയില്‍ നിന്ന് സ്വദേശമായ മാണ്ഡ്യയിലേക്ക് എത്തിച്ച് സംസ്‍കാര ചടങ്ങുകള്‍ നടത്തുമെന്ന് നടന്റെ ബന്ധുക്കള്‍ അറിയിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്.
നടൻ പുനീത് രാജ്‍കുമാറിന്റെ അടക്കം മരണ കാരണം ഹൃദയാഘാതമായിരുന്നു. നാല്‍പത്തിയാറുകാരനായ പുനീത് രാജ്‍കുമാറിന്റെ അകാല മരണം ആരാധകര്‍ക്ക് ആഘാതമായിരുന്നു. ഫിറ്റ്‍നെസില്‍ അതീവ ശ്രദ്ധ നല്‍കിയിരുന്ന താരത്തിന് ഹൃദയാഘാതമുണ്ടായത് അപ്രതീക്ഷിതമായിരുന്നു.
ജിമ്മില്‍ പരിശീലനം നടത്തേവേ ആയിരുന്നു താരത്തിന് ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്ന് പുനീത് രാജ്‍കുമാറിനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിനിമയില്‍ നിറഞ്ഞുനില്‍ക്കേയായിരുന്നു പുനീത് രാജ്‍കുമാറിനെ മരണം തട്ടിയെടുത്തത്. തമിഴ് നടൻ വിവേകും ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്.
ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ധിക്കുന്ന ഹൃദയാഘാതം എന്ന വിഷയം അക്കാലത്ത് നടൻ പുനീത് രാജ്‍കുമാറിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. പുനീതിന്റെ അകാല മരണത്തിന് കാരണം എന്താണ് എന്ന് വ്യക്തതയുണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യായാമം അധികമായതാണോ മരണകാരണം എന്ന് സിനിമ ലോകത്ത് അടക്കം ചര്‍ച്ചയായിരുന്നു. ശാസ്‍ത്രീയ അവബോധമില്ലാതെ വ്യായാമം ചെയ്യുന്നതിന് എതിരെ ഡോക്ടര്‍മാര്‍ അടക്കം വിമര്‍ശനവുമായി എത്തിയിരുന്നു