‘തെലുങ്കര്‍ തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിലെ പരിചാരകര്‍’ വിവാദ പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയി നടി കസ്തൂരി;പ്രതിഷേധം കത്തുന്നു
ചെന്നൈ: തെലുങ്കര്‍ക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകമായതോടെ നടി കസ്തൂരി ഒളിവില്‍പോയി. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന സമന്‍സ് നല്‍കാന്‍ പൊലീസ് എത്തിയപ്പോഴേക്കും നടി വീട് പൂട്ടി കടന്നുകളഞ്ഞെന്നാണു വിവരം. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി എത്തിയ തെലുങ്കര്‍ തമിഴരാണെന്ന് അവകാശപ്പെടുന്നെന്ന് ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ചതാണ് വിവാദമായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി അനുഭാവിയായ നടിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി 4 വകുപ്പുകളിലാണ് കേസ്. ഹിന്ദു മക്കള്‍ കക്ഷി എഗ്മൂറില്‍ നടത്തിയ പ്രകടനത്തിലായിരുന്നു വിവാദ പരാമര്‍ശം.
300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം. പരാമര്‍ശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം ഉയര്‍ന്നു. അഖിലേന്ത്യാ തെലുങ്ക് സമ്മേളനം എന്ന സംഘടന നല്‍കിയ പരാതിയിലാണു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
പരാമര്‍ശത്തില്‍ മാപ്പപേക്ഷിക്കുന്നതായി നടി സമൂഹമാധ്യമത്തില്‍ കുറിച്ചു. താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നതെന്ന് കസ്തൂരി വിശദീകരിച്ചു. തെലുങ്കരെ അവഹേളിക്കുന്നരീതിയില്‍ ഒന്നും പറഞ്ഞിട്ടില്ല. തമിഴിനെയും തെലുങ്കിനെയും ഒരേപോലെ ബഹുമാനിക്കുന്നയാളാണ് താന്‍. ബ്രാഹ്‌മണ സ്ത്രീയായതുകൊണ്ടാണ് ഇത്തരം അപവാദപ്രചാരണങ്ങള്‍ നടക്കുന്നത് -കസ്തൂരി പറഞ്ഞു.
തന്റെ പരാമര്‍ശം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അനിയന്‍ ബാവ ചേട്ടന്‍ ബാവ അടക്കമുള്ള മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കസ്തൂരി ബിജെപി അനുഭാവിയാണ്. നേരത്തെ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടു പുറത്തുവന്ന വേളയിലും നടിയുടെ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
മലയാളസിനിമ വിട്ടത് ചിലരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് എന്നായിരുന്നു കസ്തൂരി പ്രതികരിച്ചത്. സംവിധായകനും പ്രൊഡക്ഷന്‍ മാനേജരും മോശമായി പെരുമാറിയെന്നും ഒരു പ്രൊഡക്ഷന്‍ മാനേജരുടെ മുഖത്തടിച്ചാണ് സെറ്റ് വിട്ടതെന്നും – സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി.
മലയാള സിനിമാ നടിമാരോട് ബഹുമാനമുണ്ട്. അവര്‍ പ്രശ്നങ്ങള്‍ തുറന്ന് പറയാന്‍ ധൈര്യം കാണിക്കുന്നു. തമിഴില്‍ ഖുഷ്ബു ഉള്‍പ്പെടെ ആരും പ്രതികരിക്കുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാന്‍ പാകത്തിയുള്ള തെളിവില്ല. മലയാളസിനിമ എല്ലാത്തിനും തുടക്കമിടുകയാണെന്നും ഇതരഭാഷാ സിനിമാ മേഖലകളിലേക്കും അത് വ്യാപിക്കണമെന്നും കസ്തൂരി പറഞ്ഞിരുന്നു.
മോഹന്‍ലാലും സുരേഷ് ഗോപിയുമെല്ലാം എന്തിനാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നതെന്നും നടി ചോദിച്ചിരുന്നു. . ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുമ്പോള്‍ ആണ് ആളുകള്‍ക്ക് സംശയമുണ്ടാകുക. സിനിമയിലെ സ്ത്രീകള്‍ക്കൊപ്പമാണെന്ന് പറയാന്‍ ധൈര്യം കാണിക്കണം. ചോദ്യങ്ങളുയരുമ്പോള്‍ സുരേഷ്‌ഗോപിയടക്കമുള്ളവര്‍ ദേഷ്യപ്പെടുന്നതിന് പകരം ഉത്തരം പറയണം. വീട്ടില്‍നിന്ന് വരുമ്പോള്‍ ഹേമ കമ്മിറ്റിയെപ്പറ്റി ചോദിക്കരുതെന്ന് എങ്ങനെ പറയാനാകുമെന്നുമായിരുന്നു അവരുടെ ചോദ്യം.