‘100 രൂപയാണ് ഇവൻ മുടക്കുന്നത്,മോശം സിനിമ എന്ന് പറഞ്ഞ് റിവ്യൂ തുടങ്ങുകയാണ്’; തുറന്നടിച്ച് ദിലീപ്
കൊച്ചി:ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കിയ ബാന്ദ്ര കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ദീപാവലി റിലീസായി എത്തിയ ചിത്രം പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെന്നതാണ് പ്രേക്ഷക പ്രതികരണം. നിരവധി സിനിമ റിവ്യൂവേഴ്സും നെഗറ്റീവ് റിവ്യൂകളായിരുന്നു പങ്കുവെച്ചത്.
ഇപ്പോഴിതാ ഇത്തരം ചർച്ചകൾക്കിടെ സിനിമ റിവ്യൂവിനെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് നടൻ ദിലീപ്. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം.
ഇമേജ് നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരാളുടെ എത്ര വർഷത്തെ കഠിനാധ്വാനമാണത്. ചിലർ മാത്രമാണ് സർവൈവ് ചെയ്യുന്നത്. സിനിമ എടുക്കണം എന്ന മോഹവുമായി വരുന്നൊരാളിൽ ചിലർക്ക് പൈസയുണ്ടാകില്ല, അവർ പലിശയ്ക്ക് പണമെടുത്തൊക്കെ വരുന്നവരായിരിക്കും. സിനിമ രണ്ട് കൊല്ലമൊക്കെ പോയാൽ പലിശ ഇങ്ങനെ കൂടിക്കൂടി വരും. ഒരാളുടെ സ്വപ്ന സാക്ഷാത്കരിക്കാൻ നോക്കുമ്പോൾ പത്ത് രണ്ടായിരം കുടുംബങ്ങളുടെ സ്വപ്നമാണ് സാക്ഷാത്കരിക്കാൻ നോക്കുന്നത്.
ഇങ്ങനെ കഷ്ടപ്പാടൊക്കെ സഹിച്ച് ഒരു സിനിമ ഒരാൾ കൊണ്ടുവരുമ്പോൾ ഇത്ര വൃത്തികെട്ട സിനിമ എന്നൊക്കെ പറഞ്ഞ് ഒരാൾ തുടങ്ങുകയാണ്. പറയുന്നവൻ ചെലവാക്കുന്നത് നൂറ് രൂപയാണ്. ഇയാള് ചെലവാക്കുന്നത് കോടി രൂപയും. അങ്ങനെ എത്ര പ്രൊഡ്യൂസർമാരുടെ ജീവിതം പോയിട്ടുണ്ട്. ചില പ്രൊഡ്യൂസർമാർ ആത്മഹത്യ ചെയ്തിട്ടില്ലേ. റിവ്യൂവിന്റെ പേരിലല്ല, മറ്റ് പലതിന്റെ പേരിൽ.
ഡിജിറ്റൽ വിപ്ലവം വന്നപ്പോൾ എല്ലാവരും ജേണലിസ്റ്റായി. അതുകൊണ്ട് ഭയങ്കര ഡാമേജാണ് വന്നത്. കോടതി പറയുമ്പോൾ നമ്മൾ അത് പാലിക്കാൻ ബാധ്യസ്ഥരാണ്. നമ്മൾ എല്ലാവരും നന്നായാൽ നാട് നന്നാകും എന്ന് പറയുന്നത് പോലാണ്. റിവ്യൂ പറയുന്നത് ഒരാളുടെ അവകാശമാണ്.എന്റെ ടേസ്റ്റാണ് ഞാൻ പറയുന്നത്. എന്റെ ടേസ്റ്റിന്റെ പുറത്ത് ഒരാളോട് കാണരുതെന്ന് പറഞ്ഞാൽ. മോശമാണെന്ന് പറഞ്ഞൊരു സിനിമ കാണാൻ പോകുമ്പോ കളിയാക്കുമോയെന്ന് പേടിച്ചിട്ട് ചിലർ വലിയും.
എന്നെ കുറിച്ച് മോശം പറയുന്നത് നിർത്തരുതെന്ന് ഞാൻ അടുത്തിടെ പറഞ്ഞിട്ടുണ്ട്. എനിക്ക് അഞ്ചാറ് വർഷമായി പിആർ ഇല്ല. അക്കാര്യത്തിൽ എനിക്ക് ലാഭമുണ്ട്. ദിവസവും എനിക്കെതിരെ അഞ്ചോ പത്തോ വാർത്തകൾ എനിക്കെതിരെ കൊടുക്കാൻ ആളുണ്ട്. എതിരെ വാർത്ത വരുമ്പോഴും ദിലീപ് എന്ന മുഖമാണ് മനസിൽ വരുന്നത്. അതുകൊണ്ട് പറയുന്നവർ പറയട്ടെ. എനിക്ക് ഇതിൽ കൂടുതലൊന്നും വരാനില്ല. എന്റെ വിഷമം ബാന്ദ്രയുടെ നിർമ്മാതാവിനെ കുറിച്ചാണ്. ഞാനെന്ന നടനെ ജനങ്ങൾക്ക് അറിയാം.
ഇതൊരു വ്യവസായമാണ്. ഒരുപാട് പേര് ഇതിനകത്ത് ഇല്ലാണ്ടായിപ്പോയിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് ഒക്കെ സഹികെട്ടിട്ടായിരിക്കും കോടതിയെ പോകുന്നത്’,