മലാലയുടെ നേര്‍ക്ക് വെടിയുതിര്‍ത്ത തീവ്രവാതി ജയിലില്‍ നിന്ന് രക്ഷപ്പെട്ടു
ലാഹോര്‍: മലാല യൂസഫ്‌സായിയുടെ നേര്‍ക്ക് വെടിയുതിര്‍ത്ത താലിബാന്‍ തീവ്രവാദി പാകിസ്താനിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. 2012ല്‍ മലാലയുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയും 2014ല്‍ പെഷാവാര്‍ സ്‌കൂളില്‍ നടത്തിയ ആക്രമണത്തിലൂടെ 132 വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയുമായ എഹ്സാനുള്ള എഹ്സാനാണ് ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ താന്‍ രക്ഷപെട്ടതായി എഹ്സാന്‍ തന്നെയാണ് പറഞ്ഞിരിക്കുന്നത്.
2017ല്‍ കീഴടങ്ങിയപ്പോള്‍ പാകിസ്താന്‍ അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്. ദൈവത്തിന്റെ സഹായത്തോടെ ജനുവരി 11ന് താന്‍ വിജയകരമായി ജയിലില്‍ നിന്ന് രക്ഷപെട്ടുവെന്നും വിശദമായ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും എഹ്സാന്‍ പറയുന്നു. 2017ല്‍ കീഴടങ്ങിയപ്പോള്‍ പാകിസ്താനിലെ സുരക്ഷാ ഏജന്‍സികള്‍ തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. അതനുസരിച്ച് ആ കരാര്‍ മൂന്ന് വര്‍ഷം താന്‍ പാലിച്ചു. എന്നാല്‍, അവര്‍ ആ കരാര്‍ തെറ്റിച്ച് തന്റെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെയും ജയിലിലാക്കി. ഇതോടെയാണ് ജയില്‍ ചാടാന്‍ തീരുമാനിച്ചതെന്നാണ് അയാള്‍ പറയുന്നത്.