കൊച്ചി: ഉദയംപേരൂര്‍ കൊലപാതകത്തില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ ഡിസംബര്‍ 24 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിനായി പോലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ അംഗീകരിച്ചാണ് കോടതി നടപടി. ഇരുവരെയും കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച തെളിവെടുപ്പിന് എത്തിക്കും. പിന്നാലെ കൊലപാതകം നടന്ന പേയാടും മൃതദേഹം ഉപേക്ഷിച്ച തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലും എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും. ഉദയംപേരൂര്‍ ആമേട അമ്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന ചങ്ങനാശേരി ഇത്തിത്താനം മലകുന്നം കൊല്ലമറ്റത്തില്‍ പ്രേംനിവാസില്‍ പ്രേംകുമാര്‍ (40), കാമുകി തിരുവനന്തപുരം വെള്ളറട വാലന്‍വിള സുനിതാ ബേബി (39) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പ്രേംകുമാറിന്റെ ഭാര്യ ചേര്‍ത്തല സ്വദേശി വിദ്യ (48) ആണ് കൊല്ലപ്പെട്ടത്.
കേസില്‍ പ്രേംകുമാറിന്റെ സഹപാഠിയെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രേംകുമാറിനും സുനിതയ്ക്കുമൊപ്പം സ്‌കൂളില്‍ സഹപാഠിയായിരുന്ന തിരുവനന്തപുരം സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാള്‍ തിരുവനന്തപുരത്തെ മാര്‍ക്കറ്റില്‍ തൊഴിലാളിയാണ്. അടിപിടികേസുകളിലായി തലസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. കൊലയ്ക്കുശേഷം മൃതദേഹം എന്തു ചെയ്യണമെന്ന് ഉപദേശത്തിനായി പ്രേംകുമാര്‍ ആദ്യം വിളിച്ചത് ഈ സുഹൃത്തിനെയാണ്. ഇയാളുടെ നിര്‍ദേശപ്രകാരമാണ് വിദ്യയുടെ മൃതദേഹം തിരുനെല്‍വേലിയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതെന്ന് പോലീസിന് വ്യക്തമായി.