വിവാഹം രജിസ്റ്റര്‍ ചെയ്ത് മടങ്ങവെ നവവരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം
പാലക്കാട്: വിവാഹം രജിസ്റ്റര്‍ ചെയ്ത് മടങ്ങും വഴി ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് സൈനികന് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. കല്ലടിക്കോട് കാഞ്ഞിരാനി മണിയംപാടം രാമകൃഷ്ണന്റേയും ശശികലയുടേയും മകന്‍ വി.ആര്‍.രാജീവ് (26) ആണു മരിച്ചത്. അവധി തീര്‍ന്ന് ഇന്ന് ജോലിസ്ഥലത്തേയ്ക്ക് മടങ്ങാന്‍ ഇരിക്കവെയാണ് രാജീവിനെ ദുരന്തം കവര്‍ന്നെടുത്തത്.
വളരെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ആസാമിലെ ടെസ്പൂര്‍ സ്വദേശിനിയായ ധന്‍ദാസിന്റെ മകള്‍ പ്രിയങ്കാദാസിനെ കഴിഞ്ഞ ജൂണ്‍ ഒമ്പതിന് രാജീവ് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ രജിസ്ട്രേഷനായി കരിമ്പ പഞ്ചായത്തിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രിയങ്കയോടൊപ്പം മടങ്ങുമ്പോഴായിരുന്നു അപകടം. ദേശീയപാത തുപ്പനാട് പാലത്തിനു സമീപത്ത് വച്ച് രാജീവ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച ശേഷം പിക്കപ് വാനില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ഓട്ടോയിലായിരിന്നു ഭാര്യയും അച്ഛനും സഞ്ചരിച്ചിരുന്നത്. പരുക്കേറ്റു കിടന്ന രാജീവിനെ അതേ ഓട്ടോയില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആസിമില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. അസമില്‍നിന്നു കശ്മീരിലേക്കു സ്ഥലംമാറ്റം ലഭിച്ചതോടെ രാജീവ് പ്രിയങ്കയേയും കൂട്ടി കല്ലടിക്കോട്ട് എത്തുകയായിരുന്നു. കശ്മീരിലേക്ക് പോയി തിരികെ അസമിലെത്തുമ്പോഴേക്കും പ്രിയങ്കയെ നഷ്ടമാകുമോ എന്ന ആശങ്ക കാരണമായിരുന്നു ഒപ്പം കൂട്ടിയത്.
രാജീവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. മൃതദേഹം വാലിക്കോട് വേദവ്യാസ സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം വൈകിട്ട് ഐവര്‍ മഠം ശ്മശാനത്തില്‍ സംസ്‌കരിക്കും.