എം.സി റോഡില്‍ നീലമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു; അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാതെ ജീവനക്കാര്‍ മുങ്ങി
കോട്ടയം: ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കെ.എസ്.ആര്‍.ടി.സി ലോ ഫ്ളോര്‍ ബസ് നിര്‍ത്താതെ പോയി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് എം.സി റോഡില്‍ നീലിമംഗലം പാലത്തിനു സമീപമായിരിന്നു അപകടം. അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാനുള്ള മര്യാദ പോലും കാട്ടാതെ ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞ് ബസ് ജീവനക്കാര്‍ സ്ഥലം വിടുകയായിരിന്നു. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ അലന്‍ ആന്റണി (29) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.
കോട്ടയത്തു നിന്നും എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എ.സി ലോഫ്ളോര്‍ ബസാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രക്കാരന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ബസ് തടഞ്ഞു നിര്‍ത്തി. പരിക്കേറ്റ് കിടക്കുന്ന ആളെ ആശുപത്രിയില്‍ എത്തിക്കാന്‍ ബസ് ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍, തങ്ങളുടെ വാഹനം ഇടിച്ചിട്ടില്ലെന്നായിരുന്നു കെ.എസ്ആര്‍ടിസി ജീവനക്കാരുടെ വാദം. ഇതിനിടെ അപകടത്തിനിടയാക്കിയ ബസിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച നാട്ടുകാരോടു ബസ് ജീവനക്കാര്‍ മോശമായി പെരുമാറുകയും ചെയ്തു.
തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് സ്വകാര്യ വാഹനത്തില്‍ ബൈക്ക് യാത്രക്കാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ മെഡിക്കല്‍ കോളേജ് ആത്യാഹിത വിഭാഗത്തിലാണ്.