
തംലുക്: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയ്‌ക്കെതിരേ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തംലുക് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗംഗോപാധ്യായിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കമ്മിഷന്‍ വിലക്കി.
24-മണിക്കൂര്‍ സമയമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കുള്ളത്. സ്ഥാനാര്‍ഥി മാതൃകാ പെരുമാറ്റചട്ടത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ കമ്മിഷന്‍ നടപടിയെടുത്തിരിക്കുന്നത്.
വിലക്കിനോടൊപ്പം കര്‍ശനമായ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കുന്ന കാലയിളവില്‍ പരസ്യപ്രതികരണം നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പ്. ചെറിയരീതിയില്‍ വ്യക്തിപരമായ കടന്നാക്രമണം ഗംഗോപാധ്യായ് നടത്തിയെന്നും പെരുമാറ്റചട്ടത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ചെന്നും കമ്മിഷന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിമുതല്‍ 24-മണിക്കൂര്‍ സമയമാണ് വിലക്ക്.
നേരത്തേ ഹാല്‍ഡിയയില്‍ വെച്ച് നടന്ന ഒരു പൊതുപരിപാടിയിലാണ് ഗംഗോപാധ്യായ് മമതയെ കടന്നാക്രമിച്ചത്. വ്യക്തിപരമായി കടുത്ത പ്രയോഗങ്ങളും അദ്ദേഹം നടത്തി. ഇത് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണെന്നും പ്രത്യേകിച്ച് ഭരണഘടനാപദവിയിലിരിക്കുന്ന ഒരാള്‍ക്കെതിരേയുള്ള ഇത്തരം വ്യക്തിപരമായ കടന്നാക്രമണങ്ങള്‍ അപലപനീയമാണെന്നും കമ്മിഷന്‍ വിലയിരുത്തി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗംഗോപാധ്യായ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മേയ് 20-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് മറുപടി നല്‍കാനാണ് അറിയിച്ചത്. ഗംഗോപാധ്യായ് മത്സരിക്കുന്ന തംലുക് മണ്ഡലത്തില്‍ മേയ് 25-നാണ് വോട്ടെടുപ്പ്.