CrimeKeralaNews

ഷാഡോ പോലീസ് ചമഞ്ഞ് പത്ത് ലക്ഷം രൂപ പിടിച്ചുപറിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവില്‍പോയ പ്രതി അറസ്റ്റിൽ

തൃശൂർ:ഷാഡോ പോലീസ് ചമഞ്ഞ് സ്‌കൂട്ടര്‍ യാത്രികനെ തടഞ്ഞുനിര്‍ത്തി 10 ലക്ഷം രൂപയോളം പിടിച്ചുപറിച്ച കേസില്‍ ജാമ്യത്തിലിറങ്ങി നാല് വര്‍ഷമായി കോടതിയില്‍ ഹാജരാവാതെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റുചെയ്തു.

മാള പൊയ്യകോളം വീട്ടില്‍ ജിബിന്‍ രാജി(48)നെയാണ് ചാവക്കാട് എസ്.എച്ച്.ഒ. കെ.എസ്.സെല്‍വരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

ചാവക്കാട് പോലീസ് സ്റ്റേഷന്റെ പിന്നിലുള്ള പോലീസ് ക്വാര്‍ട്ടേഴ്സ് റോഡിലൂടെ പണവുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന കടപ്പുറം സ്വദേശി അബ്ദുല്‍ വഹാബിനെ കാറിലെത്തിയ ജിബിന്‍രാജ് ഉള്‍പ്പെടെയുള്ള നാലുപേരും സ്‌കൂട്ടറിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി പണം പിടിച്ചുപറിച്ചെന്നാണ് കേസ്.

തങ്ങള്‍ ഷാഡോ പോലീസ് ആണെന്ന് പറഞ്ഞ് അബ്ദുള്‍ വഹാബിനെ ബലമായി കാറില്‍ പിടിച്ചുകയറ്റുകയും സ്‌കൂട്ടറിന്റെ താക്കോല്‍ കൈക്കലാക്കി അതിനകത്ത് സൂക്ഷിച്ചിരുന്ന എട്ട് ലക്ഷം രൂപയെടുത്ത് കടന്നുകളയുകയും ചെയ്തു. ഇതേ സമയം കാറിലുണ്ടായിരുന്ന മറ്റൊരാള്‍ അബ്ദുള്‍ വഹാബിന്റെ മടിക്കുത്തില്‍ സൂക്ഷിച്ചിരുന്ന 1.8 ലക്ഷം രൂപ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി കൈക്കലാക്കി. തുടര്‍ന്ന് അബ്ദുള്‍ വഹാബിനെ വഴിയില്‍ ഇറക്കിവിടുകയായിരുന്നു. 2017 ഏപ്രില്‍ 15-ന് വൈകീട്ട് നാലരയോടെയാണ് കേസിനാസ്പദമായ സംഭവം. അബ്ദുള്‍ വഹാബിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് എല്ലാ പ്രതികളെയും പിടികൂടി കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡിലാവുകയും ചെയ്തിരുന്നു.

കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളില്‍ ഒരാളായ ജിബിന്‍ രാജ് കേസിനായി കോടതിയില്‍ ഹാജരാവാതെ ഒളിവില്‍ പോകുകയായിരുന്നു.ഇയാള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി അക്ബറിന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുന്ന പ്രതികളെ പിടികൂടാനായി ”ബാക്ക് ടു ബേയ്‌സിക്” പേരില്‍ രൂപവത്ക്കരിച്ച സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.ജി. സുരേഷ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അടുത്തിടെ നാട്ടിലെത്തിയ പ്രതി രാത്രിയില്‍ വീട്ടിലെത്താറുണ്ടെന്ന വിവരം ലഭിച്ചതിനെതുടര്‍ന്ന് പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് ബുധനാഴ്ച പുലര്‍ച്ചെ ഇയാളെ വീട്ടില്‍നിന്നും അറസ്റ്റുചെയ്തത്.

എസ്.ഐ. എം.യാസിര്‍, എ.എസ്.ഐ. വിനോദ്, സി.പി.ഒ. മാരായ എസ്.ശരത്ത്, കെ.ആശിഷ്, ജെ.വി. പ്രദീപ്, സി. ജയകൃഷ്ണന്‍, എന്‍.നസല്‍, കെ.സി. ബിനീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker