അഭിമന്യൂ കൊലക്കത്തിയ്ക്ക് ഇരയായിട്ട് നാളെ ഒരു വര്‍ഷം; മുഖ്യപ്രതികള്‍ ഇപ്പോഴും ഇരുളില്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് നാളെ ഒരു വര്‍ഷം തികയുകയാണ്. ഒരു വര്‍ഷമായിട്ടും മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടുപേരെ ഇനിയും കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പനങ്ങാട് സ്വദേശി സഹല്‍, അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന ഷഹീം എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് അന്വേഷണ സംഘം ഇവരില്‍ നാലുപേരെ പിടികൂടുകയും ഒരാള്‍ കീഴടങ്ങുകയും ചെയ്തു.
എന്നാല്‍, ദക്ഷിണേന്ത്യ മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും കേസിലെ 10, 12 പ്രതികളായ സഹലിനെയും ഷഹീമിനെയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നത് കേരളാ പോലീസിന് അപമാനമാണ്. ഒരുവര്‍ഷം തികയുന്ന നാളെ കേസില്‍ വിചാരണ തുടങ്ങും. എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്‌ക്രിട്സ് ആന്‍ഡ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. സെപ്റ്റംബര്‍ 25 നാണ് അഭിമന്യു വധക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 16 പ്രതികളെ ഉള്‍പ്പെടുത്തിയ ആദ്യഘട്ട കുറ്റപത്രമാണ് നല്‍കിയത്. പ്രതികള്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.
2018 ജൂലായ് 2ന് രാത്രിയാണ് മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകരായ അര്‍ജുന്‍, വിനീത് എന്നിവര്‍ക്കും കുത്തേറ്റിരുന്നു. കോളേജിലെ ചുവരെഴുത്തിനെച്ചൊല്ലി എസ്.എഫ്.ഐ – ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.