അഭിമന്യുവധം: 12ാം പ്രതി മുഹമ്മദ് ഷാഹിം കീഴടങ്ങി
കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കൊലപെടുത്തിയ കേസിലെ 12ാം പ്രതി മുഹമ്മദ് ഷാഹിം കീഴടങ്ങി. എറണാകുളം മജിസ്‌ട്രേറ്റ് കോടതി പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
26 പ്രതികളുള്ള കേസില്‍ പത്താം പ്രതി സഹലിനെയാണ് ഇനി പിടികൂടാനുള്ളത്.
എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപെടുത്തിയ കേസില്‍ 26 കാമ്പസ് ഫ്രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്.
12-ാം പ്രതിയായ ചേര്‍ത്തല സ്വദേശി മുഹമ്മദ് ഷാഹിമാണ് എറണാകുളം മജിസ്‌ടേറ്റ് കോടതിയില്‍ കീഴടങ്ങിയത്. അഭിമന്യുവിന്റെ സുഹൃത്തും കേസിലെ സാക്ഷിയുമായ അര്‍ജ്ജുനെ കുത്തി പരിക്കേല്‍പിച്ചുവെന്ന് കണ്ടെത്തിയ പ്രതിയാണ് മുഹമ്മദ് ഷാഹിം.
അഭിമന്യുവിനെ കുത്തിയെന്ന് കണ്ടെത്തിയ 10ാം പ്രതി സഹലിനെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.26 പ്രതികളുള്ള കേസില്‍ 16 പേര്‍ക്കെതിരെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഇവരുടെ വിചാരണ നടപടികള്‍ കോടതിയില്‍ ആരംഭിച്ചിരിക്കുകയാണ്. കുറ്റപത്രം സമര്‍പ്പിക്കാത്ത 10 പ്രതികള്‍ ഉള്‍പ്പെടെ എല്ലാ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്