ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെ സിസ്റ്റര്‍ അഭയക്കേസ് മാറ്റിവെച്ചു
കോട്ടയം: ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെ സിസ്റ്റര്‍ അഭയ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി ഹാജരാകാത്തതിനെ തുടര്‍ന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായില്ല. കേസിലെ എല്ലാ പ്രതികളും അടുത്ത മാസം അഞ്ചിന് ഹാജരാകണമെന്ന് കോടതി അറിയിച്ചു. സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഒന്നാംപ്രതി ഫാദര്‍ തോമസ് കോട്ടൂര്‍ മാത്രമാണ് ഇന്ന് ഹാജരായത്.
15 വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്സാമിനേഷന്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതായി റിപ്പോര്‍ട്ടു വന്നതോടെയാണ് കേസ് വീണ്ടും സജീവമായത്. 2008 ഒക്ടോബര്‍ 18, 19 തീയതികളിലാണ് തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നീ മൂന്നു പേരെ സിബിഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തത്.
1993 മാര്‍ച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താല്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കില്ലെന്ന നിലപാടിനെ തുടര്‍ന്ന് 1996ല്‍ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തവിടുകയായിരുന്നു.