EntertainmentKeralaNews

ദൃശ്യം-2 എന്ന സിനിമയ്ക്ക് പിന്നില്‍ അഭയ കേസോ ?

ലണ്ടന്‍: ദൃശ്യം-2 എന്ന സിനിമയ്ക്ക് പിന്നില്‍ അഭയ കേസോ ? ചിത്രത്തിലെ ജോസ് എന്ന കഥാപ്രാത്രം അഭയാ കേസില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വ്യക്തിയെന്ന് പ്രമുഖ സിനിമാ നിരൂപകന്‍ ജോണ്‍ മുളയിങ്കല്‍. അതിശയകരമായ വിധത്തിലാണ് ഈ ചിത്രം സമൂഹചര്‍ച്ചകളില്‍ നിറയുന്നത് . ചിത്രത്തിന്റെ ക്ലൈമാക്സ് സാധാരണ പ്രേക്ഷകന്റെ പ്രായോഗിക ബുദ്ധിക്കു ചേര്‍ന്നതായില്ല എന്ന കണ്ടെത്തലിനോട് ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു തന്നെ വിശദീകരണവുമായി രംഗത്ത് വന്നു കഴിഞ്ഞു. ആദ്യ ദിവസങ്ങളില്‍ മലയാളി പ്രേക്ഷകര്‍ ഒന്നാകെ നെഞ്ചിലേറ്റിയ ചിത്രത്തെ പതിയെ പതിയെ പല ആംഗിളുകളില്‍ വീക്ഷിക്കുകയാണ് പ്രേക്ഷക സമൂഹം.

സിനിമയുടെ വഴിത്തിരിവുകള്‍ക്ക് 28 വര്‍ഷം പഴക്കമുള്ള അഭയ കേസിനോട് താരതമ്യപ്പെടുത്തുകയാണ് അഭയയുടെ നാട്ടുകാരന്‍ കൂടിയായ യുകെ മലയാളി ജോണ്‍ മുളയിങ്കല്‍.
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വിഷയങ്ങള്‍ എഴുതുന്ന ജോണ് ദൃശ്യത്തില്‍ യുവാവിന്റെ കൊലയ്ക്കു ശേഷം ഉള്ള സംഭവ പരമ്പരകളില്‍ പലതും അഭയക്കേസിനോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന നിരീക്ഷണമാണ് നടത്തുന്നത്. ഇതില്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കുന്നതിലും പിന്നീട് രണ്ടാം ഭാഗത്തില്‍ സിനിമയുടെ ഗതി നിര്‍ണ്ണയിക്കുന്ന സാക്ഷി മൊഴി നല്‍കാന്‍ എത്തുന്ന ജോസ് എന്ന കഥാപാത്രം അഭയക്കേസിലെ കള്ളന്‍ രാജുവിനോട് ഏറെ സാമ്യപ്പെടുന്നു എന്നാണ് ജോണ് മുളയിങ്കല്‍ വിലയിരുത്തുന്നത്.

അഭയ കേസില്‍ പൊലീസ് തന്നെ തെളിവ് നശിപ്പിച്ചു എന്ന് പൊതു സമൂഹം വിലയിരുത്തുമ്പോള്‍ സിനിമയില്‍ അത് കഥാനായകന്‍ തന്നെ ചെയ്യുന്നു എന്ന വ്യത്യാസമേയുള്ളൂ .

ജോണിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം താഴെ :

ലോകമെങ്ങും മലയാളികള്‍ ആകാംക്ഷയോടെ കണ്ടു കൊണ്ടിരിക്കുന്ന ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയാണ് ദൃശ്യം 2. എടുത്തു പറയുവാന്‍ തക്ക സവിശേഷതയുള്ള ചിത്രമാണിത്. തിരക്കഥയ്ക്കും സംവിധാനത്തിനും ജീത്തു ജോസഫിനെ എല്ലാവരും അംഗീകരിക്കുമ്പോള്‍ മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടിക്ക് നൂറ് മാര്‍ക്ക് നല്‍കാം .മറ്റു കഥാപാത്രങ്ങള്‍ ഒന്നും മോശമായി എന്നിതിന് അര്‍ത്ഥമില്ല. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദൃശ്യം 1 ല്‍ നിന്ന് ദൃശ്യം 2 ലേക്ക് കാമറാ ചലിക്കുമ്പോള്‍ ആദ്യം സിനിമാ കാണാത്തവര്‍ക്കും അത് മനസ്സിക്കാന്‍ തക്കവിധത്തില്‍ കഥ നീങ്ങുന്നു. ദൃശ്യ ഭംഗി ഒട്ടും ചോര്‍ന്നുപോകാതെ സീനുകള്‍ നീങ്ങുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ മാറി വരുന്നത് തീര്‍ച്ചയായും കഥാഗതിയെ ആധുനിക പുരോഗമനത്തിലേക്ക് നയിക്കുന്നുമുണ്ട്.

കേരളമാകെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയാ കേസിന്റെ ചുവടു പിടിച്ചിട്ടാകാം തൊണ്ടിമുതല്‍ മാറ്റപ്പെടുന്നതും ദൃക്‌സാക്ഷിയായി മുന്‍ കുറ്റവാളിയെ അവതരിപ്പിക്കുന്നതും. മനപ്പൂര്‍വ്വമല്ലാതെ ചെയ്തു പോയ തെറ്റിന് വര്‍ഷങ്ങളോളം ഒരു കുടുംബം നേരിടേണ്ടി വരുന്ന മാനസിക സംഘര്‍ഷം വളരെ ഭംഗിയായി ചിത്രത്തില്‍ വരച്ചുകാട്ടുന്നു. ദൃശ്യം 1 കണ്ടവരില്‍ ആ ചെറുക്കന് അത് വരേണ്ടതാണ് എന്ന് പറയുന്നവര്‍ പലരും തന്നെ ജോര്‍ജ്കുട്ടിയെ ശിക്ഷിക്കണമെന്ന് പറയുമ്പോള്‍ മാറിമറിയുന്നത് മനുഷ്യന്റെ മാനസിക ചിന്തകളാണ് എടുത്ത് കാട്ടുന്നത്.

അഭയക്കേസിലും ഇതുപോലെ തെളിവ് നശിപ്പിക്കാന്‍ മുന്നില്‍ നിന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത് . മാനസിക സംഘര്‍ഷം അത്ര വലുതായിരുന്നു എന്നാണ് സൂചിപ്പിക്കുന്നത് . ഇപ്പോള്‍ ദൃശ്യം രണ്ടിലും മീന അവതരിപ്പിക്കുന്ന റാണിയും മൂത്തമകളായ അഞ്ജുവും ഒക്കെ അത്തരം നിരവധി മുഹൂര്‍ത്തങ്ങളിലൂടെ തന്നെയാണ് കടന്നു പോകുന്നത്. ഒരു രാത്രി ഒറ്റയ്ക്ക് സ്വന്തം വീട്ടില്‍ കിടക്കാന്‍ പോലും ധൈര്യം ഇല്ലാത്ത വിധം അവരുടെ മാനസിക ശേഷി ചോര്‍ന്നുപോകുകയാണ് .

മുന്‍ കാലങ്ങളില്‍ നമ്മള്‍ കണ്ട മമ്മൂട്ടിയുടെ സിബിഐ ഡയറിക്കുറിപ്പുകള്‍ എന്ന സിനിമാ പരമ്പരയില്‍ കുറ്റങ്ങള്‍ തെളിയിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പാടുപെടുമ്പോള്‍ ദൃശ്യം സിനിമകള്‍ കുറ്റവാളി പഴുതില്ലാത്ത രീതിയില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്. ഇത് ഒരു തെറ്റായ സന്ദേശമാണ് എന്നും വ്യഖ്യാനിക്കപ്പെടും , ദൃശ്യം 2 ആകാംഷയോടെ കണ്ടിരിക്കാവുന്ന നല്ലൊരു സിനിമയാണ് എന്നുള്ളത് അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനത്തോടെ പറയാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker