‘വിശ്വസിക്കുവിന്‍, ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല’; ആഷിഖ് അബു
കൊച്ചി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെവിട്ട ലക്നൗ കോടതിവിധിക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. ‘വിശ്വസിക്കുവിന്‍, ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല’-ആഷിഖ് അബു പറഞ്ഞു. പരിഹാസരൂപേണ ഫേസ്ബുക്കിലൂടെയാണ് ആഷിഖിന്റെ പ്രതികരണം. ബാബരി മസ്ജിദ് ആരും തകര്‍ത്തതല്ല എന്ന ഹാഷ്ടാഗും ആഷിഖ് അബു ഇതിനൊപ്പം കുറിച്ചിട്ടുണ്ട്.
പള്ളി തകര്‍ത്തത് ആസൂത്രിതമല്ലെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു കോടതി വിധി പുറപ്പെടുവിച്ചത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും ഗൂഢാലോചന തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞില്ല എന്നും കോടതി നിരീക്ഷിച്ചിരുന്നു.
ബാബറി മസ്ജിദ് തകര്‍ത്തിരുന്നത് 1992ലാണ്. മസ്ജിദ് തകര്‍ത്തപ്പോള്‍ സംഘര്‍ഷം ഒഴിവാക്കാന്‍ നേതാക്കള്‍ ശ്രമിച്ചിരുന്നു എന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നീ ബിജെപി നേതാക്കള്‍ ഉള്‍പ്പടെ 32 പേരായിരുന്നു പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.
നിരവധി ഫോളോവേഴ്‌സാണ് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ആഷിഖ് അബുവിന്റെ അഭിപ്രായത്തോട് യോജിച്ചും വിയോജിപ്പ് രേഖപ്പെടുത്തിയും പലരുമെത്തുന്നുണ്ട്. മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും അതുകൊണ്ടു ഞെട്ടുന്നില്ലെന്നും ശിക്ഷിച്ചു എന്ന് വിധി വന്നെങ്കില്‍ ഞെട്ടിയേനെയെന്നുമാണ് ഇക്കൂട്ടത്തിലൊരാളുടെ കമന്റ്.