മുടിവളര്‍ത്തിയപ്പോള്‍ കഞ്ചാവാണോയെന്ന് ചോദ്യം,ഭക്ഷണം കഴിയ്ക്കാതെ തളര്‍ന്നു വീണു,പഠനം പാതിവഴിയില്‍ നിലച്ചു;ആടുജീവിതത്തില്‍ പൃഥിരാജിനൊപ്പം ഹക്കീമായി കയ്യടിനേടി ഗോകുല്‍
കൊച്ചി:ഗോകുൽ എവിടെ?’ ആടുജീവിതത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ എല്ലാവരും ശ്രദ്ധിച്ചത് ഈ ചോദ്യമാണ്. പൃഥ്വിരാജ് ആരെയാണ് അന്വേഷിക്കുന്നത്?. ചോദ്യം അവസാനിച്ചത് ‘ആടുജീവിതം തീയറ്ററിൽ എത്തിയപ്പോഴാണ്. തന്നോടൊപ്പം ഏതു വേദിയിലും ചേർന്ന് നിൽക്കാൻ അവകാശമുള്ള ആളാണ് ഗോകുൽ എന്ന തുടക്കക്കാരനെന്ന് പൃഥ്വിരാജിന് പൂർണബോധ്യമുണ്ടായിരുന്നു.
ചിത്രത്തിന്റെ പോസ്റ്ററിലോ ട്രെയിലറിലോ കാണിക്കാതെ ബ്ലെസി പൊതിഞ്ഞു പിടിച്ച കഥാപാത്രമാണ് ആടുജീവിതത്തിലെ ഹക്കീം. ഓഡിഷൻ ചെയ്തെടുത്ത കോഴിക്കോടുകാരനായ പതിനെട്ടുകാരൻ പയ്യനിൽ ഹക്കീം എന്ന നിഷ്കളങ്കനായ ചെറുപ്പക്കാരന്റെ വേഷം ഭദ്രമായിരിക്കുമെന്ന് ബ്ലെസിക്ക് ഉറപ്പായിരുന്നു. നജീബ് ആകാൻ പൃഥ്വിരാജ് എടുത്ത കഠിനപ്രയത്നങ്ങൾ ഹക്കീം ആകാൻ ഗോകുലും ചെയ്തിരുന്നു. ശരീരഭാരം കൂട്ടി 64 കിലോ ആകുകയും പിന്നീട് കുറച്ച് 44 കിലോ ആക്കി. വെള്ളം മാത്രം കുടിച്ച് മരുഭൂമിയിലെ പൊള്ളുന്ന മണലിൽ കിടന്ന് അഭിനയം. ഇതൊക്കെ ചെയ്തത് ആടുജീവിതം വായിച്ച് മനസ്സിനേറ്റ പൊള്ളൽ അൽപ്പമെങ്കിലും ശമിപ്പിക്കാനായിരുന്നു എന്നാണ് ഗോകുൽ പറയുന്നത്.
ദ് മെഷിനിസ്റ്റ് എന്ന സിനിമയിലെ ക്രിസ്റ്റ്യൻ ബെയ്‌ലാണ് ഗോകുലിന്റെ പ്രചോദനം. കോഴ്സ് മുടങ്ങിയെങ്കിലെന്താ ‘ആടുജീവിത’ത്തിലേക്ക് പിന്നെയൊരിക്കൽ അവസരം കിട്ടില്ലല്ലോ എന്ന് ഗോകുൽ ചോദിക്കുമ്പോൾ മലയാളികൾക്ക് ഭാവിയിൽ അഭിമാനത്തോടെ ചേർത്തുപിടിക്കാൻ മറ്റൊരു കഴിവുറ്റ താരത്തിന്റെ നിശ്ചയദാർഢ്യമാണ് ആ കണ്ണുകളിൽ.
കോളജിൽ പഠിക്കുന്ന സമയത്ത് കലാജാഥ എന്നൊരു പരിപാടിയിൽ പങ്കെടുക്കുമായിരുന്നു. എല്ലാ യൂണിവേഴ്സിറ്റികളിലും പോയി പാട്ടും നാടകവും ഒക്കെ ചെയ്യുന്ന പരിപാടിയായിരുന്നു അത്. ഒരിക്കൽ അതിൽ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. കോഴിക്കോടുള്ള ശാന്തേട്ടന്റെ കീഴിൽ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് നിഷ്കളങ്കനായ ഒരു പയ്യനെ അഭിനയിക്കാൻ വേണം എന്ന് പറഞ്ഞ് അദ്ദേഹത്തിന് ഒരു കോൾ വരുന്നത്. അദ്ദേഹം പെട്ടെന്ന് എന്നെ ശ്രദ്ധിച്ചു, എന്നിട്ട് എന്നോട് ചോദിച്ചു, ‘‘ഈ കഥാപാത്രത്തിന് വേണ്ടി ഫോട്ടോ അയച്ചു കൊടുക്കുന്നോ’’ എന്ന്. ഞാൻ ഫോട്ടോ അയച്ചു കൊടുത്തു രണ്ടു ദിവസം കഴിഞ്ഞു ബ്ലസി സാറിന്റെ ഫ്ലാറ്റിലേക്ക് ഓഡിഷന് ചെല്ലാൻ പറഞ്ഞു വിളി വന്നു. അവിടെ ചെന്നപ്പോൾ അദ്ദേഹം കുറച്ച് സീനുകൾ ചെയ്തു കാണിക്കാൻ പറഞ്ഞു. ചെയ്തു കാണിച്ചത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു അങ്ങനെയാണ് ഞാൻ സെലക്ട് ആയത്.
എന്നോട് എന്തെങ്കിലും ചെയ്യാൻ പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഒരു അഞ്ചു മിനിറ്റ് സമയം തരാമോ. കിട്ടിയ സമയത്ത് ഞാൻ ഇങ്ങനെ ഇരുന്ന് ആലോചിച്ചപ്പോൾ അമ്മയെ കൊന്ന കുറ്റത്തിന് ജയിലിൽ കിടക്കുന്ന ജയിൽപ്പുള്ളിയുടെ സീൻ ആണ് ഓർമ വന്നത്. ചോദ്യം ചെയ്യപ്പെടുമ്പോൾ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നുള്ളതായിരുന്നു അഭിനയിക്കുന്നത്. എന്റെ അമ്മയെ ഞാൻ കൊന്നിട്ടില്ല ഞാൻ നിരപരാധിയാണ് എന്നൊക്കെ പറയുന്ന ഒരു സീൻ ഞാൻ ചെയ്തു കാണിച്ചു. അദ്ദേഹത്തിനു ഇഷ്ടപ്പെട്ടു. എന്തൊക്കെ ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു നാടകമൊക്കെ ചെയ്യാറുണ്ട്.
പിന്നീട് അദ്ദേഹം സിനിമയിലെ ഒരു പ്രധാനപ്പെട്ട ഭാഗം തന്നിട്ട് അത് ചെയ്തു കാണിക്കാൻ പറഞ്ഞു. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീൻ ആയിരുന്നു അത്. അത് അവർ ഷൂട്ട് ചെയ്തു. രണ്ടാഴ്ച കഴിഞ്ഞ് കോളജിൽ ഒരു സ്കിറ്റ് അഭിനയിച്ചിട്ട് ബസ്സിൽ തിരിച്ചുവരുമ്പോഴാണ് എനിക്ക് വിളി വരുന്നത് ആ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന് പറഞ്ഞു. ആടുജീവിതം ഞാൻ വായിച്ചിട്ടുണ്ട് ആ കഥയിൽ അഭിനയിക്കാൻ കഴിയുക എന്നുള്ളത് എന്നെപ്പോലെ ഒരാൾക്ക് ഒരു ലോട്ടറി അടിച്ച അനുഭവമായിരുന്നു.
ആടുജീവിതം വായിച്ച് ഹക്കീമിനെ പറ്റിയും നജീമിനെപ്പറ്റിയും മനസ്സിലാക്കിയിട്ടുണ്ടായിരുന്നു, കാലങ്ങൾക്ക് ശേഷം ആ കഥാപാത്രത്തെ എന്റെ കയ്യിലേക്ക് തരുമ്പോൾ അത് വളരെ ചാലഞ്ചിങ് ആയ ഒരു കാര്യമാണെന്ന് എനിക്കറിയാമായിരുന്നു. ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ ആ സമയത്ത് എന്നെ താങ്ങാനും ധൈര്യം തരാനും രാജുവേട്ടനും ബ്ലെസ്സി സാറും ബാക്കി എല്ലാവരും ഉണ്ടായിരുന്നു.
നജീബിന്റെയും ഹക്കിമിന്റെയും മാത്രം കഥയല്ല ആട് ജീവിതം. മരുഭൂമിയിൽ ജീവിച്ചു മരിച്ച എല്ലാ ആത്മാക്കൾക്കും വേണ്ടിയുള്ള ഒരു സമർപ്പണം കൂടിയാണ്. ഓഡിഷന് പിറ്റേന്നാണ് ഞാൻ ആടുജീവിതം വായിച്ചത്. ഓഡിഷന് പോയപ്പോൾ എന്റെ ഒപ്പം ഉണ്ടായിരുന്ന ഏട്ടൻ ആണ് ഹക്കീമായിരിക്കും കഥാപാത്രം എന്ന് എന്നോട് പറഞ്ഞത്. ആ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്കൊരു ദാഹം അല്ലേ അനുഭവപ്പെടുക.
ആ ഒരു വിശപ്പും ദാഹവും ഒക്കെ നമ്മളും അനുഭവിക്കണം എന്ന് എനിക്ക് തോന്നിയിരുന്നു. ഇങ്ങനെയും മനുഷ്യന്മാർ ഇവിടെ ഉണ്ടായിരുന്നു ഇവിടെ ജീവിച്ചിരുന്നു അങ്ങനെയുള്ള കുറെ കാര്യങ്ങൾ കൂടി ഒരു മനുഷ്യൻ എന്ന രീതിയിൽ നമുക്ക് തോന്നും. ആടുജീവിതം വായിച്ചു തുടങ്ങിയിട്ട് നിർത്താൻ തോന്നിയില്ല. വീട്ടിലിരുന്ന് പുസ്തകം വായിച്ചു തീരാറായപ്പോൾ അമ്മ വിളിച്ചു, അമ്മ പറഞ്ഞ കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോഴും നജീബിനും ഹക്കീമിനും എന്താണ് സംഭവിച്ചത് എന്നായിരുന്നു മനസ്സിൽ. അത് വായിച്ചു തീർക്കാതെ സമാധാനം ഇല്ലായിരുന്നു. വായിച്ചു തീർന്നപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ, ഈ കഥാപാത്രമാണല്ലോ ഞാൻ ചെയ്യേണ്ടത് എന്നെക്കൊണ്ട് സാധിക്കുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു.
ഒരുപാട് പേരുടെ കണ്ണുനനയിച്ച കഥാപാത്രമാണ്, അത് അത്ര തീവ്രമായി എന്നെപ്പോലെ ഒരു പുതുമുഖത്തിനു കഴിയുമോ എന്ന പേടി. ഞങ്ങളുടെ നാട്ടിൽ ഒരു മധുവേട്ടൻ ഉണ്ട്. അദ്ദേഹം ഇതുപോലെ മരുഭൂമിയിൽ ഒരു ഫാമിൽ പെട്ടുപോയിട്ടുണ്ട്. അദ്ദേഹം രക്ഷപ്പെട്ട കഥകൾ കേട്ടിട്ടുണ്ട്. കുബ്ബൂസ് മാത്രം കഴിച്ച് ചാട്ടവാർ കൊണ്ടുള്ള അടികൊണ്ട കഥയൊക്കെ മധുവേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. ഹക്കീം എന്ന കഥാപാത്രം ചെയ്യണ്ട വലിയ ഉത്തരവാദിത്തമാണ് ഞാൻ ഏറ്റെടുത്തത്. ആദ്യത്തെ ഷെഡ്യൂൾ കഴിഞ്ഞപ്പോ ആ പേടി മാറി. ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേദിവസം രാജുവേട്ടൻ എന്നെ റൂമിലേക്ക് വിളിച്ചു.
ബ്ലെസ്സി സാറിനോട് അതിനു മുൻപ് തന്നെ നല്ല പരിചയം ആയിരുന്നു. രാജുവേട്ടനെ ആദ്യം കണ്ടപ്പോ എക്സ്സൈറ്റ്മെന്റ് ആയിരുന്നു. കുട്ടികാലം മുതൽ ആരാധിച്ച ആൾ എന്റെ മുന്നിൽ നിൽക്കുകയാണ്. ഒരു ഫാൻ ബോയ് നിമിഷം. പക്ഷേ രാജുവേട്ടൻ എന്നോട് ഒരു ഏട്ടനെപ്പോലെ പെരുമാറി. ഞങ്ങൾ ഒരു കാപ്പി ഒക്കെ കുടിച്ച് ഇരുന്നു സംസാരിച്ചു. കുറച്ചു കഴിഞ്ഞപ്പോ എന്റെ പേടിയും ടെൻഷനും എല്ലാം മാറി. ഞങ്ങൾ ഡയറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ എന്റെ ഫോട്ടോ ബ്ലെസ്സി സർ രാജുവേട്ടന് അയച്ചുകൊടുക്കും. എന്നിട്ട് ഏട്ടനോട് പറയും കണ്ടോ പയ്യൻ അവിടെ തകർക്കുവാണ്, എന്നിട്ട് രാജുവേട്ടന്റെ ഫോട്ടോ എനിക്ക് അയച്ചിട്ട് എന്നോട് പറയും കണ്ടോ രാജു അവിടെ നല്ല പണി എടുക്കുകയാണ് അത് കാണുമ്പോ ഞങ്ങൾക്ക് രണ്ടുപേർക്കും പ്രചോദനമായിരുന്നു.
18 വയസ്സ് മുതൽ ആട് ജീവിതത്തോടൊപ്പം വളർന്നുവന്ന ഒരു വ്യക്തിയാണ് ഞാൻ. ഇപ്പോൾ എനിക്ക് 24 വയസ്സുണ്ട്. ഈ ആറുവർഷവും ഞാൻ സിനിമയ്ക്കൊപ്പം വളരുകയായിരുന്നു. ഒരു കുട്ടി ഒരു യുവാവായി മാറുന്ന ആ ഒരു സമയത്ത് ഞാൻ ബ്ലെസ്സി സാറിനോടും രാജുവേട്ടനോടും ജിമ്മിച്ചായനോടും ഒപ്പം ചേർന്ന് വളരുകയായിരുന്നു.
ലോകത്തെപ്പറ്റിയും സിനിമയെപ്പറ്റിയും ജീവിതത്തെപ്പറ്റിയും ഉള്ള കാഴ്ചപ്പാടുകൾ എല്ലാം എനിക്ക് ഇവരിൽനിന്ന് കിട്ടിയതാണ്. അത് വലിയൊരു എക്സൈറ്റ്മെന്റ് ആണ് എനിക്ക് തരുന്നത്. കോളജിൽ പഠിക്കുന്ന സമയത്താണ് ഷൂട്ടിങ്ങിന് പോയത്, മൂന്നാമത്തെ സെമസ്റ്ററിൽ തന്നെ ഞാൻ ഔട്ട് ആയിപ്പോയി. പിന്നെ അത് എഴുതിയെടുക്കാൻ പറ്റിയില്ല. ഡിഗ്രി കഴിഞ്ഞ് ഇറങ്ങുന്ന ലക്ഷക്കണക്കിന് യുവാക്കൾ ഉണ്ടാകും. പക്ഷേ ആട് ജീവിതം എന്ന സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടുന്നത് എല്ലാവർക്കും കിട്ടുന്ന കാര്യമല്ല. ഞാൻ അതിനെയാണ് ഏറ്റവും മഹത്വമായി കാണുന്നത്. സാധാരണ ചുറ്റുപാടിൽ ജീവിച്ച, സിനിമയെ സ്വപ്നം കണ്ട് വളർന്ന എനിക്ക് ഇത്രയും വലിയൊരു ക്ലാസിക്കിൽ ഒരു പ്രധാന കഥാപാത്രമായി അവസരം കിട്ടുന്നത് സ്വപ്നം പോലുംകാണാൻ കഴിയുന്ന കാര്യമല്ലേ.
രാജുവേട്ടനും ഞാനും ഒരുമിച്ച് കുറെ സീനുകൾ ഉണ്ടല്ലോ. ഞാൻ എന്തെങ്കിലും അഭിനയിക്കുമ്പോൾ അദ്ദേഹം തിരിച്ചു തരുന്നത് അതിന്റെ ഇരട്ടിയാണ്. അപ്പോൾ അതിനനുസരിച്ച് നമുക്ക് കൊടുക്കാതിരിക്കാൻ കഴിയില്ലല്ലോ. നമ്മൾ ഓട്ടോമാറ്റിക് ആയിട്ട് ചെയ്തു പോവുകയാണ്. അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കണ്ട് ഞാൻ അതിശയിച്ചു പോയിട്ടുണ്ട്. എത്ര കഴിവുറ്റ നടനാണ് അദ്ദേഹം. അതുപോലെതന്നെ എന്നെ ഒരു സഹോദരനായിട്ട് ചേർത്തുപിടിച്ച അദ്ദേഹത്തിന്റെ സ്നേഹം ഒരിക്കലും മറക്കാൻ കഴിയില്ല.
അവിടെ കഴിഞ്ഞ സമയത്ത് ഞങ്ങളെല്ലാം ഒരു കുടുംബം പോലെ ആയിരുന്നു. രാജുവേട്ടൻ എന്നെ ഒരു കുടുംബാംഗത്തെ പോലെയാണ് കരുതിയിരുന്നത്. രാജുവേട്ടൻ എപ്പോഴും എന്നോട് നല്ല കരുതൽ കാണിച്ചിട്ടുണ്ട്. അതുപോലെ ഇപ്പോൾ ആയാലും ഇന്റർവ്യൂവിനും മ്യൂസിക് ലോഞ്ചിനും ഒക്കെ പോകുമ്പോൾ എന്നെ അദ്ദേഹം കൂടെ ചേർത്തുനിർത്താൻ ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഒരു വാക്കിലൂടെയാണ് മലയാളികൾ എന്നെ തിരിച്ചറിഞ്ഞത്. ‘‘ഗോകുൽ എവിടെ’’ എന്ന് അദ്ദേഹം ചോദിച്ച ആ ചോദ്യം അതാണ് മലയാളികൾക്ക് ഞാനാണ് ഹക്കീം എന്ന കഥാപാത്രം ചെയ്യുന്നത് എന്ന് മനസ്സിലാക്കി കൊടുത്തത്.
ചെയ്യുന്ന ജോലിയോട് ആത്മാർഥതയുള്ള ആളാണ് അദ്ദേഹം. ഒപ്പം ജോലി ചെയ്യുന്ന എല്ലാവരെയും ചേർത്തുപിടിക്കുന്ന വ്യക്തിയാണ്. സിനിമ എന്ന മാധ്യമത്തോട് അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തിന്. സിനിമ ശ്വസിക്കുന്ന ആൾ എന്നൊക്കെ പറയില്ലേ അത്തരമൊരു ആള്. രാജുവേട്ടനോട് എനിക്ക് ഒരുപാട് നന്ദി പറയാനുണ്ട് കാരണം അദ്ദേഹം എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്.
ഒരിക്കൽ മരുഭൂമിയിൽ ഒരു ഷോട്ട് എടുക്കുന്ന സമയത്ത് ഏകദേശം 12 മണിക്ക് ഞാൻ ഇങ്ങനെ തറയിൽ കിടക്കുകയാണ്. നട്ടുച്ചയാണ് ഭയങ്കര വെയിലും. അപ്പോഴാണ് രാജുവേട്ടൻ വരുന്നത് അദ്ദേഹം വരുമ്പോൾ കാണുന്നത് ഞാൻ ഇങ്ങനെ വെയിലത്ത് കിടക്കുകയാണ്. അത് കണ്ടപ്പോൾ രാജുവേട്ടന് ദേഷ്യം വന്നു. ഇവന് ഒരു കുട കൊടുക്കാത്തതെന്താണ് എന്ന് ചോദിച്ചു. ‘‘എന്നെപ്പോലെ തന്നെയാണ് അവനും, ഞാൻ ചെയ്യുന്ന അതേ ജോലി തന്നെയാണ് അവനും ചെയ്യുന്നത്, അവന് കുട കൊടുക്കാതെ ഞാനിനി അഭിനയിക്കില്ല’’ എന്ന് പറഞ്ഞിട്ട് അദ്ദേഹം തിരിച്ചു പോയി.
അതിനുശേഷം എപ്പോഴും ഞാൻ അഭിനയിക്കാൻ നിൽക്കുമ്പോൾ എനിക്ക് കുട പിടിക്കാൻ ആളുണ്ടായിരുന്നു. ഒരു സഹതാരത്തോട് കാണിക്കുന്ന പരിഗണനയിൽ ഉപരി എന്നോട് ഒരു സഹോദര തുല്യമായ സ്നേഹമാണ് അദ്ദേഹം കാണിച്ചിരുന്നത്. ഇത്രയും വലിയ നടൻ ആയിട്ടും എന്നോട് ഒരു പുതുമുഖം എന്ന് കരുതാതെ വലിപ്പച്ചെറുപ്പം ഇല്ലാത്ത ഒരു പെരുമാറ്റം ആയിരുന്നു അദ്ദേഹം കാണിച്ചത്.
ബ്ലെസ്സി സര്‍ എന്നെ ഒരു മകനെ പോലെയാണ് കരുതിയിരുന്നത്. അദ്ദേഹത്തിന്റെ ഇളയ മകന് എന്റെ പ്രായമാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ അച്ഛൻ ആവശ്യപ്പെടുന്നതായിട്ടേ ഞാൻ കരുതിയിട്ടുള്ളൂ. ഓരോ ഷോട്ട് കഴിയുമ്പോഴും നന്നായിട്ടുണ്ട് എന്ന് അദ്ദേഹം പറയുമ്പോൾ എനിക്ക് കിട്ടുന്ന ഒരു ആത്മവിശ്വാസം വളരെ വലുതായിരുന്നു. പത്മരാജൻ, ഭരതൻ തുടങ്ങിയ ഇതിഹാസങ്ങളുടെ സഹായിയായി വന്ന സംവിധായകനാണ് ബ്ലെസി സാർ. അദ്ദേഹത്തിന് അസിസ്റ്റ് ചെയ്യാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്.
എന്റെ ഷൂട്ട് കഴിഞ്ഞ് വെറുതെ ഇരിക്കുന്ന സമയത്ത് ഞാൻ അദ്ദേഹത്തിന്റെ കൂടെ നിൽക്കും അദ്ദേഹം ഷോട്ട് എങ്ങനെയാണ് നിൽക്കുന്നത് എന്നൊക്കെ നോക്കി പഠിക്കും, അദ്ദേഹത്തിന് ചെയ്തുകൊടുക്കാൻ കഴിയുന്നതൊക്കെ ചെയ്തുകൊടുക്കും. അദ്ദേഹം നമുക്ക് സീനുകൾ ചെയ്തു കാണിച്ചുതരുന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്. ഉള്ളിൽ തട്ടി അദ്ദേഹം അഭിനയിച്ച് കാണിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ മനസ്സിൽ എങ്ങനെയാണ് ആ സീൻ എന്ന് അദ്ദേഹം കാണിച്ചു തരും പിന്നെ നമ്മുടേതായ രീതിയിൽ അത് ചെയ്തു കാണിച്ചു കൊടുക്കാനുള്ള സ്വാതന്ത്ര്യം തരും. അദ്ദേഹം തന്നെ പറയാറുണ്ട് കഥാപാത്രത്തെ കൂടുതൽ അറിയുന്നത് എന്നെക്കാൾ നിങ്ങൾക്കായിരിക്കും അപ്പോൾ നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾ എന്നോട് പറയണം അത് സിനിമയ്ക്ക് മൊത്തത്തിൽ ഗുണം ചെയ്യുകയുള്ളൂ എന്ന്. ഞാൻ പറയുന്ന ഒരു ചെറിയ അഭിപ്രായം പോലും അദ്ദേഹം കേട്ടിട്ട് അത് ശരിയാണല്ലോ എന്ന് പറയും.
അങ്ങനെ പറയാനുള്ള ഒരു സ്വാതന്ത്ര്യം എനിക്ക് അദ്ദേഹം തന്നിരുന്നു വലിപ്പ ചെറുപ്പങ്ങളൊന്നും നോക്കാത്ത വലിയൊരു മനുഷ്യനാണ് അദ്ദേഹം. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ എനിക്ക് പുറത്തുപോകണമെങ്കിൽ കയ്യിൽ പണം ഉണ്ടാകില്ല. ഞാൻ ബ്ലെസ്സി സാറിന്റെ അടുത്ത് പോയി പറയും സർ എനിക്കൊന്നു പുറത്തുപോകണം, സർ ഉടനെ അസിസ്റ്റന്റിനെ വിളിച്ചു പറയും എടോ നമ്മുടെ പയ്യന് വേണ്ടത് ചെയ്തു കൊടുക്കൂ. ഞാൻ അദ്ദേഹത്തെ അച്ഛനെപ്പോലെ ആണ് കണ്ടിരുന്നത്.
ജിമ്മിച്ചായൻ ഒരു ഹോളിവുഡ് താരമാണ്. ഹെയ്തിയൻ നടനും നിർമാതാവുമാണ് അദ്ദേഹം. ബ്രൂസ് വില്ലിസിന്റെ അവസാന സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ആളാണ് അദ്ദേഹം. ജിമ്മിച്ചായന്റെ തോളിൽ ആണ് ഞാൻ വളർന്നത്. എല്ലാദിവസവും വൈകുന്നേരം ഞങ്ങൾ ഇരുന്നു സംസാരിക്കും. അദ്ദേഹം ഹോളിവുഡ് അനുഭവങ്ങളൊക്കെ പറയും. ഏറെ വിനയമുള്ള ഒരു മനുഷ്യൻ. സെറ്റിൽ ഞാൻ ആണ് ഏറ്റവും ചെറിയ ആള്, അതുകൊണ്ടു എല്ലാവർക്കും എന്നോട് വലിയ വാത്സല്യമായിരുന്നു. ജിമ്മിച്ചൻ എന്നെ എടുത്ത് തോളിലേറ്റി കൊണ്ട് നടക്കും. ഇന്നലെയും കൂടി രാത്രി ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. എന്നെ അദ്ദേഹം “ഗോ കൂൾ” എന്നാണു വിളിക്കുക
രാജുവേട്ടനെ പോലെ ഞാനും ഒരുപാട് ശാരീരികമായുള്ള മാറ്റങ്ങളിലൂടെ കടന്നുപോയി. ഞങ്ങൾ രണ്ടുപേരും ആദ്യം ഒരുപാട് ഭാരം കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്യുകയായിരുന്നു. കുറച്ചു കൂടുതൽ തടിയുള്ളവരായിട്ടാണ് ഞങ്ങളെ ആദ്യം കാണിക്കുന്നത്. അപ്പോൾ ഞാൻ എന്റെ സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ തടി കൂട്ടി. ഒരുപാട് ആഹാരം കഴിച്ച് 64 കിലോയിലേക്ക് എത്തിച്ചുക്കും. ആദ്യമായിട്ടാണ് എന്റെ കുംഭ ചാടുന്നത്. ആ സമയത്ത് എല്ലാം കഴിക്കാം.
അവിടെ നിന്ന് 2020ലെ ഷെഡ്യൂളിലേക്ക് എത്തിയപ്പോഴേക്കും തടി കുറച്ച് മെലിഞ്ഞ അവസ്ഥയിൽ എത്തി. 44.6 കിലോയാണ് അവസാനം റെക്കോർഡ് ചെയ്തത്. രാജുവേട്ടന്റെ ട്രെയിനർ അജിത്തേട്ടനും പിന്നെ എന്റെ അമ്മയുടെ കുറച്ചു സുഹൃത്തുക്കളും ഒക്കെ ഡയറ്റ് നോക്കാൻ ഉപദേശം തന്നിരുന്നു. കഴിക്കാൻ പറ്റുന്ന കാലറിയുടെ അളവ് കുറച്ചു കുറച്ചു കൊണ്ടുവന്ന് ഒടുവിൽ ആയപ്പോഴേക്കും മൂന്നുനേരം വെള്ളവും കാപ്പിയും മാത്രം കഴിച്ചു. മൂന്നാമത്തെ ദിവസം ആയപ്പോഴേക്കും ഞാൻ ബോധരഹിതനായി വീണു.
അതിനു ശേഷം പഴ ചാറുകളാണ് കഴിച്ചുകൊണ്ടിരുന്നത്. ഹക്കീം കഴിക്കുന്നത് പോലെ തന്നെ ഒരു കുബ്ബൂസ് വെള്ളത്തിൽ മുക്കി കഴിക്കുമായിരുന്നു. അവൻ അനുഭവിച്ച കാര്യങ്ങൾ കുറച്ചെങ്കിലും ഞാനും അനുഭവിച്ചാൽ മാത്രമല്ലേ അവനെ എനിക്ക് സ്ക്രീനിൽ കാണിക്കുമ്പോൾ നീതിപുലർത്താൻ കഴിയൂ.
ദ് മെഷിനിസ്റ്റ് എന്ന സിനിമയിൽ അഭിനയിച്ച ക്രിസ്റ്റ്യൻ ബെയ്ൽ എന്ന താരമുണ്ട്. അദ്ദേഹം ആ സിനിമയ്ക്ക് വേണ്ടി ആപ്പിൾ ട്യൂണ ഡയറ്റ് എടുത്താണ് മെലിഞ്ഞത്. ഒത്തിരി മസിൽ ഒക്കെ ഉള്ള സുന്ദരനായ ഒരു താരമാണ് അദ്ദേഹം. ഈ സിനിമയിൽ ഒരു ഇൻസോമാനിയാക് ആയി അഭിനയിക്കാൻ അദ്ദേഹം മെലിഞ്ഞ ഒരു മെലിച്ചിൽ ഉണ്ട്. രാജുവേട്ടനെ പോലെ തന്നെ മുപ്പത് കിലോയിൽ കൂടുതൽ അദ്ദേഹം കുറച്ചു.
പിന്നെ അത് കഴിഞ്ഞിട്ട് ഒരു വാർ ഫിലിമിന് വേണ്ടിയും അദ്ദേഹം തടി കുറിച്ചു. ഇങ്ങനെ ഓരോ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തടി കുറക്കുകയും കൂട്ടുകയും ചെയ്യും. “ഹോളിവുഡിലെ ഓന്ത്” എന്നാണു അദ്ദേഹത്തെ വിളിക്കുക. അദ്ദേഹത്തിന്റെ ഒരു ഫോട്ടോ ആണ് എന്റെ പ്രചോദനം. ഇതെല്ലം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ചെറിയ ആരോഗ്യപ്രശനങ്ങൾ ഒക്കെ ഉണ്ടായി. ഭക്ഷണം കഴിച്ച് വർക്ക് ഔട്ട് ഒക്കെ ചെയ്താണ് ആരോഗ്യം വീണ്ടെടുത്തത്. കഥാപാത്രത്തിന് വേണ്ടി എന്ത് ചെയ്യാനും എനിക്ക് മടിയില്ല. നല്ല കഥാപാത്രങ്ങൾ ചെയ്തു സിനിമയിൽ തന്നെ തുടരണം എന്നാണ് ആഗ്രഹം.
ആദ്യമൊക്കെ ശരീരഭാരം കുറച്ചത് വീട്ടിൽ വച്ചായിരുന്നു. ഇത് കാണുമ്പോൾ അമ്മയ്ക്ക് സങ്കടമാണ്. ഒരു സമയം കഴിഞ്ഞപ്പോൾ അമ്മ ബ്ലെസി സാറിനോട് വിളിച്ചുപറഞ്ഞു എന്റെ മകൻ മെലിഞ്ഞുകൊണ്ടിരിക്കുകയാണ് എന്തെങ്കിലും ചെയ്യണം അവന് എന്തെങ്കിലും സംഭവിക്കുമോ എന്ന് തനിക്ക് പേടിയുണ്ടെന്ന്. ഇടയ്ക്കിടെ ഞാൻ എനിക്ക് സുഖമില്ല എന്ന് പറഞ്ഞ് കുഴഞ്ഞുവീണ് അമ്മയെ പറ്റിക്കും. അപ്പോൾ അമ്മ ഓടി വന്ന് എന്താ മോനെ എന്ന് ചോദിക്കുമ്പോൾ ഞാൻ കണ്ണടച്ച് കാണിച്ച് ചിരിക്കും.
ആകെ മെലിഞ്ഞ മുടിയൊക്കെ വളർത്തിയ എന്നെ കണ്ട് നാട്ടുകാർ ഇവന് എന്തുപറ്റി എന്ന് ചോദിക്കാൻ തുടങ്ങി. അത്തരത്തിലുള്ള ആളുകളെ കാണുമ്പോൾ നാട്ടുകാർ എന്തായിരിക്കും കരുതുക എന്ന് അറിയാമല്ലോ. കഞ്ചാവാണെന്നും മറ്റും പറഞ്ഞിട്ടുണ്ട്. ഒരുവട്ടം ഹെൽമെറ്റ് വയ്ക്കാത്ത കേസിന് പൊലീസ് പിടിച്ചു. അപ്പോൾ നിന്റെ ബാഗിൽ എന്തൊക്കെയുണ്ടെന്ന് നോക്കട്ടെ എന്നൊക്കെ പറഞ്ഞു. അന്നു പിന്നെ ഞാൻ അവരോട് സിനിമയ്ക്ക് വേണ്ടിയിട്ടാണ് ഈ ഒരു രൂപത്തിൽ നടക്കുന്നത് എന്ന് പറഞ്ഞു. അപ്പോൾ അത് ഒക്കെയായി.
ബ്ലെസി സാർ ഒരിക്കൽ ഒരു സദസിൽ വച്ച് പറഞ്ഞു, ഹക്കിം ആയിട്ട് അഭിനയിച്ചിരിക്കുന്ന പയ്യനെ ഞാൻ പൊതിഞ്ഞു വച്ചിരിക്കുകയാണ് എന്ന്. ഒരുപക്ഷേ കൃത്യമായ സമയത്ത് എന്നെ അവതരിപ്പിക്കാൻ ആയിരിക്കും. കാരണം ഗോകുൽ എന്ന ഒരാളെ ആർക്കും അറിയില്ല. പക്ഷേ ഹക്കീം എന്ന കഥാപാത്രത്തെ പുസ്തകം വായിച്ചിട്ടുള്ളവർക്ക് എല്ലാവർക്കും അറിയാവുന്നതാണ്. സിനിമ ഇറങ്ങുന്നതിന് മുൻപ് എന്നെ പ്രസന്റ് ചെയ്താൽ ഒരുപക്ഷേ ആരും അത്ര വില കൊടുക്കില്ല.
പക്ഷേ സിനിമ ഇറങ്ങി കഴിഞ്ഞിട്ട് ഞാനാണ് അത് ചെയ്തത് എന്ന് പറഞ്ഞാൽ എനിക്ക് അതിന്റെ പരിഗണന കിട്ടുമെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടാകും. അതുപോലെ തന്നെയാണ് ഇപ്പോൾ സംഭവിക്കുന്നത്. സിനിമ ഇറങ്ങിക്കഴിഞ്ഞിട്ട് മണിക്കൂറുകൾ കഴിഞ്ഞതേയുള്ളൂ. ഇപ്പോൾ എന്നെ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴാണ് അദ്ദേഹത്തിന്റെ വാക്കുകൾ ശരിയാണ് എന്ന് എനിക്ക് തോന്നുന്നത്.
ഇത് അദ്ദേഹത്തിന്റെ വിഷൻ ആയിരുന്നു. ഈ സിനിമ കഴിഞ്ഞതിനുശേഷം ആയിരിക്കും ഗോകുലിനെ ആൾക്കാർ അംഗീകരിക്കാൻ പോകുന്നത്, ഒരു നടൻ എന്ന നിലയിൽ പരിഗണിക്കപ്പെടാൻ പോകുന്നത് എന്ന് അദ്ദേഹത്തിന് അറിയാമായിരിക്കും. അത് ഇത്രയും അനുഭവ പരിചയമുള്ള ഒരു സംവിധായകന്റെ വിഷൻ ആണ്. ഈ കാത്തിരിപ്പിന്റെ കാലഘട്ടത്തിൽ മൂന്ന് നാല് സിനിമകൾക്ക് വേണ്ടി എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ഒന്ന് റസൂൽ പൂക്കുട്ടി സാറിന്റെ ഒരു സിനിമയായിരുന്നു.
ഞാൻ ഉടനെ ബ്ലെസി സാറിനെ വിളിച്ചു ചോദിക്കും, അദ്ദേഹം പറയും നീ കാത്തിരിക്കു നിന്റെ കഠിനാധ്വാനത്തിനുള്ള ഫലം നിനക്ക് കിട്ടും, ഞാനല്ലേ പറയുന്നത് എന്ന്. ബ്ലെസി സാർ എന്ന മനുഷ്യൻ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോഴാണ് ആടുജീവിതം എന്ന സിനിമ ചെയ്യുന്നതും ഇത്രയും കാലം കാത്തിരിക്കുന്നതും. അദ്ദേഹം ഒരു റോൾ മോഡൽ ആയി എന്റെ മുന്നിൽ നിൽക്കുകയാണ് അപ്പോൾ എന്നെപ്പോലെ ഒരാൾക്ക് എന്തുകൊണ്ട് വെയിറ്റ് ചെയ്തുകൂടാ.
നജീബ് എന്ന മനുഷ്യൻ ജീവിതത്തിൽ അനുഭവിച്ചതിന്റെ ഒരു ശതമാനം എങ്കിലും കാര്യങ്ങളിലൂടെ ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഞങ്ങളെല്ലാം കടന്നുപോയി. കോവിഡ് കാലത്ത് ഞങ്ങൾ മരുഭൂമിയിൽ പെട്ടു പോവുകയായിരുന്നു. ഞാൻ 60 നജീബുമാരെയാണ് അന്ന് അവിടെ കണ്ടത്. എനിക്ക് വലിയ കുഴപ്പങ്ങളൊന്നുമില്ല എന്റെ വീട്ടിൽ അച്ഛനും അമ്മയും അവരുടെ കാര്യം നോക്കിക്കൊള്ളും. പക്ഷേ അവിടെയുള്ള ബാക്കിയുള്ളവരെല്ലാം കുടുംബം നോക്കുന്നവരാണ്. അവരെക്കാത്ത് നാട്ടിൽ കുടുംബമുണ്ട്.
അതില് ക്യാമറ ടീമിലെ സുരേഷ് എന്നൊരേട്ടൻ ബ്ലെസ്സി സാറിനോട് ചോദിച്ചു “എനിക്ക് അമാനിൽ നിന്ന് ഹൈദരാബാദിലേക്ക് ഒരു ടിക്കറ്റ് എടുത്ത് തരുമോ ഈ മരുഭൂമിയിൽ നിന്ന് ഞാൻ അമാൻ വരെ നടന്നു പോയി കൊള്ളാം.” അവിടെ നിന്ന് അമാൻ വരെ പോകാൻ 350 കിലോമീറ്റർ ദൂരമുണ്ട്. ഞാൻ അവിടെ വരെ നടന്നു പോകാം എന്ന് ആ മനുഷ്യൻ പറയുമ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ മനസ്സിലാകുമല്ലോ.
ആ ഒരു അവസ്ഥയിൽ എത്തുന്ന മനുഷ്യന്റെ മനസ്സ് എങ്ങനെയായിരിക്കും. ലോകം മുഴുവനും ഒരു മഹാമാരിയിൽ പെട്ട് കിടക്കുകയാണ്. ഇനി എന്താണെന്ന് അറിയില്ല. ആ സമയത്ത് നമുക്ക് വർക്ക് ചെയ്യാനും പറ്റാതെ ഇരിക്കുകയാണ്. ഈ പ്രതിസന്ധി തരണം ചെയ്യാൻ ബ്ലെസ്സി സാർ എല്ലാവരെയും ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞങ്ങളെല്ലാവരും എന്തെങ്കിലുമൊക്കെ കളികളിലും മറ്റും ഏർപ്പെടും. അവിടെ ഉള്ള ആർട്ടിലെ ചേട്ടന്മാർ ക്രിക്കറ്റ് ബാറ്റും ബോളും ഒക്കെ ഉണ്ടാക്കി ഞങ്ങൾ അവിടെ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അതുപോലെ ലൂഡോ കളിക്കും രാത്രിയാകുമ്പോൾ പാട്ട് വച്ച് ഡാൻസ് ചെയ്യും. മറ്റു പല വിനോദങ്ങളിലും ഏർപ്പെട്ടു.
എല്ലാവർക്കും നന്നായി ഫുഡ് കഴിക്കാം. പക്ഷേ എനിക്കും രാജുവേട്ടനും ഭക്ഷണം കഴിക്കാൻ പറ്റില്ല. കാരണം ഞങ്ങൾ കാത്തിരിക്കുകയാണ് എപ്പോഴെങ്കിലും ഈ അവസ്ഥ മാറും, ഞങ്ങൾക്ക് ഷൂട്ടിങ് തുടരാം. ആ സമയത്ത് വീണ്ടും ശരീരം മാറിപ്പോയാൽ കണ്ടിന്യുവിറ്റി പോകുമല്ലോ. അതുകൊണ്ട് ഞങ്ങൾ ഭക്ഷണം കഴിക്കാതെ ആ സമയം എല്ലാം തരണം ചെയ്യുകയായിരുന്നു. പ്രതീക്ഷ ആണല്ലോ ഏറ്റവും വലുത് എന്തായാലും ഞങ്ങൾ പ്രതീക്ഷിച്ചത് പോലെ തന്നെ അവിടെനിന്ന് പോരുന്നതിനു മുന്നേ ഷൂട്ട് ചെയ്യാൻ കഴിഞ്ഞു.
എന്റെ അമ്മയും അച്ഛനും എന്നും വിളിക്കുമായിരുന്നു. അവർ അവിടെ സുരക്ഷിതർ ആയിരുന്നു. പക്ഷേ ഞാൻ എങ്ങനെയാണ് ഇരിക്കുന്നത് ഭക്ഷണം കഴിക്കുന്നുണ്ടോ എന്നൊക്കെ അമ്മയ്ക്ക് പേടിയായിരുന്നു. ഞാൻ പറയും ഇവിടെ ഒരു കുഴപ്പവും ഇല്ല ഞങ്ങൾ സേഫ് ആണ്. ഹക്കീമിനെ ശരീരത്തിലേക്ക് ആവാഹിക്കുന്ന ഞാൻ ഒരിക്കലെങ്കിലും അവന്റെ പട്ടിണി അറിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് കാര്യം.
ശരിക്കും നജീബും ഹക്കീമും രണ്ട് വ്യത്യസ്ത ലക്ഷ്യങ്ങളോടെ അന്യരാജ്യത്ത് പോയവരാണ്. പക്ഷേ എന്നെപ്പോലെയാണ് ഹക്കിം. ഒരു കളിപ്രായത്തിൽ ആദ്യ ജോലിക്ക് പോകുന്ന ആവേശത്തിലാണ് വിദേശത്തേക്ക് പോകുന്നത്. അവന്റെ വീട്ടിലേക്കു പൈസ തേടി കൊടുക്കേണ്ട കാര്യമില്ല. പക്ഷേ നജീബ് അങ്ങനെയല്ല ഒരു കുടുംബത്തിന്റെ പ്രാരാബ്ദം മുഴുവൻ തോളിലേറ്റിയാണ് അദ്ദേഹം വിദേശത്തേക്ക് പോയത്. ഞാൻ ഷൂട്ടിങ്ങിനിടെ ഒരുപാട് നജീബുമാരെ കണ്ടു.
അവർ ഷൂട്ടിങ്ങിനു പോയി പ്രതിഫലം കിട്ടിയിട്ട് വേണം നാട്ടിൽ കുടുംബത്തിന് ജീവിക്കാൻ. കോവിഡ് സമയത്ത് അവർക്കെല്ലാം ഉണ്ടായ ഒരു ടെൻഷൻ ഉണ്ട്. ആ ഒരു ടെൻഷൻ എനിക്കില്ലയിരുന്നു. നാട്ടിൽ ഞാൻ പണം അയച്ചു കൊടുത്തിട്ട് വേണ്ട എന്റെ അച്ഛനും അമ്മയ്ക്കും കഴിയാൻ. അതുപോലെതന്നെയാണ് ഹക്കീമും. അവന്റെ നാട്ടിൽ അവന്റെ ഉമ്മയ്ക്ക് വലിയ കുഴപ്പങ്ങളൊന്നുമില്ല.
പക്ഷേ ഹക്കീം ഒരു പുതിയ ജോലി തേടി പോകുന്നു. എന്നെ സംബന്ധിച്ചായാലും ഞാൻ ആദ്യമായിട്ടാണ് വിദേശ രാജ്യത്ത് പോകുന്നത്, പ്ലെയിനിൽ കയറുന്നത്, എയർപോർട്ട് കാണുന്നത്. അതുപോലെതന്നെ ആദ്യമായിട്ട് പാസ്പോർട്ട് എടുക്കുന്നത് ഇതിനുവേണ്ടിയിട്ടാണ്, ആ ഒരു സമയത്ത് ഹക്കീമിന് ഉണ്ടായ അതേ ആവേശം ആയിരുന്നു എനിക്കും. ഹക്കീം പോയ സമയത്ത് ഇന്നത്തെ പോലെയല്ല ഒരു എയർപോർട്ട് കാണാൻ, പ്ലെയിൻ കാണാൻ പോലും ബുദ്ധിമുട്ടുണ്ടായിരുന്ന കാലമായിരുന്നു അത് എനിക്ക് മനസ്സിലാകും.
അവൻ എത്രത്തോളം ആഹ്ലാദത്തോടെ ആയിരിക്കും വിദേശത്തേക്ക് പോയത്. ഞങ്ങൾ ഒരു യഥാർഥ പൊടിക്കാറ്റ് ഷൂട്ട് ചെയ്തിട്ടുണ്ട്. ശരിക്കും പൊടിക്കാറ്റ് വന്ന സമയത്ത് അതിൽപെട്ട് പോയിരുന്നു. ആ പൊടിക്കാറ്റ് യഥാർഥത്തിലുള്ളതാണ്. ഞാനും രാജുവേട്ടനും ജിമ്മിച്ചായനും മാത്രമാണ് പൊടിക്കാറ്റ് അടിച്ചു നിന്നത്. ബാക്കി എല്ലാവരും ശരീരം മുഴുവൻ മൂടി ആണ് അവിടെ നിൽക്കുന്നത്. ഞങ്ങൾ കോസ്റ്റ്യൂമിലാണ്. ശാന്തമായി ഇരിക്കുന്ന മരുഭൂമിയിൽ പെട്ടന്നാണ് കാറ്റ് വരിക.
ഇതുപോലെ അവനും എല്ലാം നേരിട്ട് കാണില്ലേ, അവൻ എത്ര ബുദ്ധിമുട്ടിക്കാണും. മണലിൽ കൂടി നടക്കുന്നതും ഓടുന്നതും നല്ല ബുദ്ധിമുട്ടിട്ടാണ്. നോർമൽ ആയി നടക്കുന്നതിനേക്കാൾ കൂടുതൽ പണിപ്പെടണം. നല്ല പാടായിരുന്നു മരുഭൂമിയിലെ ഷൂട്ട്. പക്ഷേ എല്ലാറ്റിനും ഉപരിയായി ബ്ലെസ്സി സാർ എന്ന വലിയ സപ്പോർട്ട് ആണ് കൂടെയുള്ളത്. ഒന്നും മറക്കാൻ പറ്റില്ല. ഷൂട്ടിങ്ങിനു ശേഷം ശ്വാസ തടസ്സം പോലെയൊക്കെ തോന്നി, പിന്നെ അതങ്ങ് മാറി.
എന്റെ പേര് കെ.ആർ. ഗോകുൽ . കോഴിക്കോട് പെരുമൺപുറ എന്ന പഞ്ചായത്തിലെ പെരുമണ്ണ എന്ന സ്ഥലത്താണ് എന്റെ വീട്. അച്ഛനും അമ്മയും ഏട്ടനും ഏട്ടന്റെ ഭാര്യയും ചേർന്നതാണ് എന്റെ കുടുംബം. അച്ഛൻ രാമകൃഷ്ണ ഹരി നമ്പൂതിരി ജ്യോൽസ്യൻ ആണ്, അമ്മ ശ്രീജ ടീച്ചർ, ഏട്ടൻ ഗ്രാഫിക് ഡിസൈനർ ഏട്ടത്തി കണ്ടെന്റ് റൈറ്ററാണ്. എന്റെ വീട്ടിൽ എല്ലാവരും സിനിമയെ ഇഷ്ടപ്പെടുന്നവരാണ്. കുട്ടിക്കാലം മുതൽ സിനിമയ്ക്ക് കൊണ്ടുപോകും. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഡാൻസ്, മോണോ ആക്റ്റ് ഒക്കെ ചെയ്യുമായിരുന്നു.
നടൻ വിനോദ് കോവൂർ ആണ് എന്റെ ആദ്യ ഗുരു. ജില്ലാ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. ‘നഗ്നനായ തമ്പുരാൻ’ എന്ന എം. മുകുന്ദൻ സാറിന്റെ നോവലിന്റെ നാടകാവിഷ്കാരത്തിൽ അഭിനയിച്ചു. അതിനു കേരള സ്കൂൾ യുവജനോത്സവത്തിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ചു. പ്രിയദർശൻ കാൽവരി ഹിൽസ് ആയിരുന്നു സംവിധായകൻ. അതാണ് ആദ്യത്തെ മോട്ടിവേഷൻ. ഗുരുവായൂരപ്പൻ കോളജിൽ ആണ് ഡിഗ്രിക്ക് പഠിച്ചത്. അവിടെ പഠിക്കുമ്പോഴാണ് ഈ സിനിമയിലേക്ക് ഓഫർ കിട്ടിയത്.
അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തിയും പടം കണ്ടു. അച്ഛൻ ഇപ്പോൾ ഒരു അപകടംപറ്റി കാലിൽ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുകയാണ്. എന്റെ ഒപ്പം വന്നു പടം കാണാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ കഴിഞ്ഞില്ല. ഇന്നലെ ആംബുലൻസിൽ അച്ഛനെ കൊണ്ടുപോയി സിനിമ കാണിച്ചു. പടം കണ്ടിട്ട് എന്നെ വിളിച്ചിട്ട് നിന്റെ അച്ഛനും അമ്മയും ഏട്ടനും ആയതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്നാണ് പറഞ്ഞത്. കരഞ്ഞു ശബ്ദം ഇടറിയാണ് അമ്മ വിളിച്ചത്. ഭയങ്കരമായിട്ടുണ്ട് അപ്പൂട്ടാ എന്ന് പറഞ്ഞു അമ്മ. ഞങ്ങൾ അതിൽ അപ്പൂട്ടനെ കണ്ടില്ല ഹക്കീമിനെയാണ് കണ്ടത് എന്നാണു അവർ പറഞ്ഞത്.
കമല്‍ഹാസൻ സർ ഉൾപ്പടെ ഒരുപാട് വലിയ വലിയ താരങ്ങൾ നല്ല അഭിപ്രായം പറഞ്ഞു എന്ന് ബ്ലെസ്സി സാർ പറഞ്ഞു. അതുപോലെ തന്നെ റഹ്മാൻ സാറിനൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞു. ഇതൊക്കെ എന്റെ ജീവിതത്തിൽ സ്വപ്നതുല്യമായ നിമിഷങ്ങളാണ്. ഇന്നലെ മുതൽ മൊബൈൽ ഫോൺ നിലക്കാതെ ശബ്ദിക്കുകയാണ്.
എല്ലാവരോടും സംസാരിക്കാൻ കഴിയുന്നില്ല ക്ഷമിക്കണം. എല്ലാവരും തരുന്ന സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. പ്രേക്ഷകരുടെ സ്നേഹത്തിനുമപ്പുറം എന്നെപോലെ ഒരു പുതുമുഖത്തിനു എന്തുവേണം. ഇതായിരിക്കും ബ്ലെസ്സി സാർ എനിക്കായി കാത്തുവച്ച ആ അംഗീകാരത്തിന്റെ നിമിഷം.