മുംബൈ:ഇന്ത്യയിലെ ജനപ്രിയ യുപിഐ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ (PhonePe) ഉപയോഗിച്ച് തുടങ്ങാൻ ഇനി ആധാർ കാർഡ് മതിയാകും. യുപിഐ ആക്ടിവേഷൻ ആധാർ കാർഡ് വഴിയും സാധ്യമാകുന്ന പുതിയ ഫീച്ചർ ഫോൺപേ അടുത്തിടെയാണ് അവതരിപ്പിച്ചത്. ഇതാദ്യമായിട്ടാണ് ഒരു തേർഡ് പാർട്ടി പേയ്മെന്റ് പ്ലാറ്റ്ഫോം ആധാർ കാർഡ് ഉപയോഗിച്ച് യുപിഐ ആക്ടിവേറ്റ് ചെയ്യുന്ന ഫീച്ചർ കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകിയാൽ മാത്രമേ ഫോൺപേ ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളു.
പുതിയ ഫീച്ചർ അവതരിപ്പിച്ചതോടെ ഇ-കെവൈസി സംവിധാനം ആധാർ കാർഡിലൂടെയും നടത്താൻ സാധിക്കുമെന്ന് ഫോൺപേ അറിയിച്ചു. ആധാർ അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷൻ നൽകുന്ന ആദ്യത്തെ ഫിൻടെക് പ്ലാറ്റ്ഫോണാണ് ഫോൺപേ എന്നും ഇത് യുപിഐ ഓൺബോർഡിങ് കൂടുതൽ എളുപ്പത്തിലാക്കുമെന്നും ഫോൺപേയുടെ പേയ്മെന്റ്സ് മേധാവി ദീപ് അഗർവാൾ പറഞ്ഞു. ആർബിഐ, എൻപിസിഐ, യുഐഡിഎഐ എന്നിവയുടെ വളരെ പുരോഗമനപരമായ നീക്കമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങൾക്ക് ആധാർ കാർഡ് ഉപയോഗിച്ച് ഫോൺപേയിൽ യുപിഐ ആക്ടിവേറ്റ് ചെയ്യണം എന്നുണ്ടെങ്കിൽ ഓൺബോർഡിങ് പ്രക്രിയയക്കായി ആധാർ നമ്പറിലെ അവസാന ആറ് അക്കങ്ങൾ നൽകിയാൽ മതിയെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മൊത്തത്തിലുള്ള യുപിഐ ഇക്കോസിസ്റ്റം വികസിപ്പിക്കാനും പുതിയ ഉപഭോക്താക്കളെ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാനും ഈ സംവിധാനം സഹായിക്കും. ഫോൺപേയിൽ ആധാർ ഉപയോഗിച്ച് യുപിഐ എനേബിൾ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.
ആധാർ ഉപയോഗിച്ച് ഫോൺപേ യുപിഐ ആക്ടിവേറ്റ് ചെയ്യാം
- നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഫോൺപേ ആപ്പ് ഓപ്പൺ ചെയ്യുക
- ഫോൺപേ ആപ്പിലെ പ്രൊഫൈൽ പേജ് ഓപ്പൺ ചെയ്യുക
- പേയ്‌മെന്റ് ഇൻസ്ട്രുമെന്റ്സ് ടാബിലേക്ക് പോയി ആഡ് ബാങ്ക് അക്കൗണ്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ബാങ്കും ബാങ്കും തിരഞ്ഞെടുക്കുക, തുടർന്ന് ഒടിപി ഓതന്റിക്കേഷൻ വഴി കണക്റ്റ് ചെയ്ത മൊബൈൽ നമ്പർ വെരിഫൈ ചെയ്യുക
- ഇത്രയും ചെയ്താൽ ഫോൺപേയ്ക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കും
- ഫോൺപേ ഓട്ടോമാറ്റിക്കായി ഈ ബാങ്ക് വിവരങ്ങൾ യുപിഐയിലേക്ക് ലിങ്ക് ചെയ്യും
- ഇനി യുപിഐ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
- ഇതിൽ ഡെബിറ്റ് കാർഡ്, ആധാർ കാർഡ് ഓപ്‌ഷനുകൾ കാണാം, ആധാർ കാർഡ് തിരഞ്ഞെടുക്കുക
- നിങ്ങളുടെ ആധാർ നമ്പറിന്റെ അവസാന ആറ് അക്കങ്ങൾ ടൈപ്പ് ചെയ്ത് നൽകുക.
- ആധാർ കാർഡ് നമ്പർ നൽകിയാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കും
- രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച നൽകി വേരിഫിക്കേഷൻ പൂർത്തിയാക്കുക
- ഇനി യുപിഐ പിൻ സെറ്റ് ചെയ്യാം.
ആധാർ കാർഡ് നമ്പർ നൽകി ഫോൺപേയിലെ യുപിഐ ആക്ടിവേറ്റ് ചെയ്യുന്ന സംവിധാനത്തിലൂടെ കൂടുതൽ ലളിതമായി ആളുകൾക്ക് പ്ലാറ്റ്ഫോം ഉപയോഗിച്ച് തുടങ്ങാം. ഇ-കെവൈസിയും ഇതിനൊപ്പം തന്നെ നടക്കുന്നു എന്നതിനാൽ തന്നെ ഉപയോക്താക്കൾക്ക് കൂടുതൽ സൌകര്യമാണ്. ഇന്ത്യയിൽ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകൾ കൂടുതൽ സജീവമാകുന്ന കാലത്ത് ഫോൺപേ ഇത്തരം ഫീച്ചറുകളിലൂടെ കൂടുതൽ ആളുകളെ ആകർഷിക്കാനാണ് ശ്രമിക്കുന്നത്.