
കോട്ടയം: എരുമേലിയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. എരുമേലി കൂവപ്പള്ളി സ്വദേശി അനീഷ് (44), ഓട്ടോ ഡ്രൈവര്‍ എരുമേലി സ്വദേശി ആറ്റുകാല്‍പുരയിടം ഗോപകുമാര്‍ (ബിജു 50) എന്നിവരാണ് മരിച്ചത്. ആദ്യം കിണറ്റില്‍ ഇറങ്ങിയാള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാതെ വന്നതോടെ, രക്ഷിക്കാനായി രണ്ടാമത്തെയാളും കിണറ്റിലിറങ്ങുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെയാളും മരിച്ചു. മരിച്ച രണ്ട് പേരുടെയും മൃതദേഹം എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
35 അടിയോളം താഴ്ചയുള്ള കിണറില്‍ ആദ്യം അനീഷ് ആണ് കുടുങ്ങിയത്. പിന്നീട് രക്ഷിക്കാനായി ബിജുവും ഇറങ്ങി. ഇന്ന് രാവിലെ 12.30്‌ന് എരുമേലി ടൗണിന് സമീപമാണ് സംഭവം. ഷൈബുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിക്കുന്ന സന്തോഷിനൊപ്പം പെയിന്റിംഗ് തൊഴിലാളിയാണ് അനീഷ്.
വീടിന്റെ പിന്‍ഭാഗത്തുള്ള കിണര്‍ തേകി വൃത്തിയാക്കുന്നതിനായി സന്തോഷിന്റെ അവശ്യം പ്രകാരം രാവിലെ എത്തിയതാണ് അനീഷ്. ആദ്യം കിണറ്റില്‍ ഇറങ്ങി കാട് പറിച്ചു വൃത്തിയാക്കി. പിന്നീട് വീണ്ടും ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ വിറയല്‍ അനുഭവപ്പെടുന്നതായി സന്തോഷിനെ അറിയിച്ചു.
സന്തോഷ് ബന്ധുവായ ബിജുവിനെ വിളിച്ചു വരുത്തി. ബിജു വന്നയുടന്‍ കിണറ്റില്‍ ഇറങ്ങി. ശ്വാസം കിട്ടാതെ രണ്ട് പേരും 2 അടിയോളം വെള്ളമുള്ള കിണറ്റില് ബോധരഹിതരായി കിടന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്നുമെത്തിയ അഗ്‌നിശമന സേനയാണ് ഇരുവരെയും കരക്കെത്തിച്ചത്. മൃതദേഹങ്ങള്‍ എരുമേലി സി എച് സിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കിണറിനുള്ളില്‍ വായു ലഭിക്കാതെ വന്നതാണ് അപകടത്തില്‍പ്പെടാന്‍ കാരണം.
ആദ്യം ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ ശ്വാസം കിട്ടാതെ തിരിച്ചു കയറേണ്ടി വന്നു. കിണറ്റില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ഇറക്കി വായു ലഭ്യമാക്കിയതിന് ശേഷമാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കിണറ്റില്‍ ഇറങ്ങിയത്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല