മുംബൈ:എയര്‍ ഹോസ്റ്റസുമാര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരുടെയും മനസില്‍ ഇവരുടെ വസ്ത്രധാരണരീതി തന്നെയാണ് വരിക. വര്‍ഷങ്ങളായി നമ്മള്‍ കണ്ടുപരിചയിച്ചിട്ടുള്ള അവരുടെ പ്രത്യേകമായ വസ്ത്രധാരണ രീതിയുണ്ട്.
കാല്‍ മുട്ടിനൊപ്പമോ, മുട്ടിന് മുകളിലോ ആയി നില്‍ക്കുന്ന- ശരീരാകൃതിയോട് ചേര്‍ന്നുകിടക്കുന്ന സ്കര്‍ട്ട്, ഷര്‍ട്ടിന്‍റെ മാതൃകയിലുള്ള ടോപ്പ്, ക്യാപ്പ് എന്നിവയാണ് കൂടുതലും എയര്‍ ഹോസ്റ്റസുമാരുടെ യൂണിഫോമായി കാണാറ്. ഒപ്പം തന്നെ ഹൈ ഹീല്‍സ് ചെരുപ്പും ഇവരുടെ പ്രത്യേകതയാണ്.
എന്നാല്‍ ഇതൊന്നുമല്ലാതെ വളരെ ‘കംഫര്‍ട്ടബിള്‍’ ആയ വസ്ത്രം എയര്‍ഹോസ്റ്റസുമാര്‍ക്ക് നല്‍കി വലിയ രീതിയില്‍ അഭിനന്ദനം പിടിച്ചുപറ്റുകയാണ് പുതിയൊരു എയര്‍ലൈൻസ്.
‘ആകാശ എയര്‍’ ആണ് വിപ്ലവകരമായ ചുവടുവയ്പ് നടത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് വളരെ ‘കംഫര്‍ട്ടബിള്‍’ ആയി അണിയാവുന്ന ഷര്‍ട്ടും പാന്‍റ്സുമാണ് കമ്പനി തങ്ങളുടെ എയര്‍ ഹോസ്റ്റസുമാര്‍ക്ക് നല്‍കിയിരിക്കുന്ന വേഷം. ഹീല്‍സ് ഒഴിവാക്കി സ്നീക്കര്‍ ആക്കിയെന്നതും ശ്രദ്ധേയമായ മാറ്റം തന്നെയാണ്.
ദിക്ഷ മിശ്ര എന്നൊരു യുവതി ‘ആകാശ എയര്‍ലൈനി’ല്‍ യാത്ര ചെയ്തതിന് ശേഷം ഇക്കാര്യം ലിങ്കിഡിനിലൂടെ പങ്കുവച്ചതോടെയാണ് ഏറെ പേരിലേക്കും ഇക്കാര്യമെത്തിയത്. വേഷവിധാനത്തിലുള്ള മാറ്റം ചിത്രം സഹിതമാണ് ദിക്ഷ പങ്കുവച്ചത്.
ഇതോടെ നിരവധി പേരാണ് വിഷയത്തില്‍ ചര്‍ച്ചയുമായി സജീവമായത്. മിക്കവരും കമ്പനിയെ അഭിനന്ദിക്കുക തന്നെയാണ്. തൊഴിലാളികളുടെ ‘കംഫര്‍ട്ട്’ ആണ് തങ്ങള്‍ക്ക് മുഖ്യമെന്നും അങ്ങനെയെങ്കില്‍ മാത്രമേ അവര്‍ക്ക് ഫലപ്രദമായി അവരുടെ ജോലി ചെയ്യാൻ സാധിക്കൂവെന്നുമാണ് കമ്പനി ഇതിന് നല്‍കുന്ന മറുപടി. തങ്ങളുടെ ഈ ചുവടുവയ്പ് ശ്രദ്ധിച്ചുവെന്നതില്‍ നന്ദിയും സന്തോഷവുമുണ്ടെന്നും കമ്പനി അറിയിക്കുന്നു.
തൊഴിലാളികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ വേഷവിധാനത്തില്‍ സുഖകരമല്ലാത്ത പല ഘടകങ്ങളും കമ്പനികള്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്, ഈ രീതി മാറ്റാൻ ആരും ധൈര്യപ്പെടാറില്ലെന്നും ഇവിടെയാണ് ‘ആകാശ എയര്ലൈൻ’ വ്യത്യസ്തമാകുന്നതെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരിക്കുന്നു.