കൊച്ചി: കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ആഴ്ചകളില്‍ പാലരുവി – വേണാട് എന്നീ ട്രെയിനുകളിലെ യാത്രാദുരിതം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വരികയും അടിയന്തിരമായി പുനലൂരിലും എറണാകുളത്തിനും ഇടയില്‍ മെമ്മു സര്‍വീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അടക്കമുള്ളവരെ ഡല്‍ഹിയില്‍ നേരിട്ട് എത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു ഉറപ്പുവാങ്ങിയിരുന്നെന്നും എംപി വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ സ്‌പെഷ്യല്‍ സര്‍വീസായിട്ടാണ് മെമു ഓടുക. പുനലൂര്‍ മുതല്‍ എറണാകുളം വരെയുള്ള റൂട്ടില്‍ പുതിയ റാക്ക് ലഭ്യമാകുന്ന മുറക്ക് സര്‍വീസ് ആരംഭിക്കുന്നതായിരിക്കും.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ വേണാട് എക്‌സ്പ്രസില്‍ നിന്ന് മൂന്ന് യാത്രികരാണ് തിരക്ക് മൂലം കുഴഞ്ഞ് വീണത്. പിന്നാലെ നിരവധിപ്പേരാണ് പുതിയ മെമു വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. വാതില്‍പ്പടികളിലും ശുചിമുറികളിലും ഉള്‍പ്പെടെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരായതായി യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ വേണാട് എക്സ്പ്രസില്‍ കൂടുതല്‍ കോച്ച് അനുവദിക്കണമെന്ന ആവശ്യവുമായി റെയില്‍വേ മന്ത്രി വി അബ്ദുറഹിമാന്‍ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തെഴുതുകയും ചെയ്തിരുന്നു.