പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നു പറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല ഇത്; പരിഹാസവുമായി എ.പി അബ്ദുള്ളക്കുട്ടി
കോഴിക്കോട്: ദേശീയ പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്നു പറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല ഇതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ലോക്‌സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണത്. അതു നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ പഴയ പാര്‍ട്ടി സെക്രട്ടറി പണിക്കു പോകാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കോഴിക്കോട് മുക്കത്തു സംഘടിപ്പിച്ച ദേശഭക്തി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍ മതേതരത്വം തകരുമെന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരുന്നിടത്തോളം കാലം രാജ്യത്തെ മതേതരത്വം നിലനില്‍ക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അയല്‍ രാജ്യങ്ങളില്‍ ഭൂരിപക്ഷ സമുദായത്തിന്റെ പീഡനങ്ങളേറ്റ് ഇന്ത്യയിലെത്തി പുഴുക്കളെപ്പോലെ ജീവിക്കുന്നവരോടുള്ള കാരുണ്യമാണ് പൗരത്വ നിയമ ഭേദഗതി. ഇന്ത്യയെപ്പോലെ മത സ്വാതന്ത്ര്യമുള്ള രാജ്യം ലോകത്ത് വേറെയില്ല.
യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ച് സംസ്ഥാനത്തെ വികസനം മുരടിപ്പിച്ചു. ഇതു മാറണമെങ്കില്‍ പുതിയ ഒരു ഭരണം കേരളത്തിലുണ്ടാകണം. വിഎസ് അച്യുതാനന്ദനെപ്പോലെ മുസ്ലിം വിരോധമുള്ള രാഷ്ട്രീയക്കാരന്‍ കേരളത്തിലില്ല. സംസ്ഥാനത്തെ മുസ്ലിം പള്ളികളില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള പച്ചയായ രാഷ്ട്രീയമാണ് ഇമാം പറയുന്നതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം രാജ്യത്തെ കോണ്‍ഗ്രസിന്റെ ഭാവി തുലയ്ക്കും. നിയമത്തിനെതിരേ നടക്കുന്നത് രാജ്യദ്രോഹ സമരമാണെന്നും കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റിന്റെയും ഭരണത്തിന്റെ സംഭാവന ദാരിദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.