
കല്പറ്റ: യു.കെ.യിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മുട്ടിൽ, എടപ്പട്ടി, കിഴക്കേപുരക്കൽ, ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്. കേസിൽ ജോൺസൺ സേവ്യറിന്റെ ഭാര്യ വയനാട് മുട്ടിൽ സ്വദേശിനിയായ നവമാധ്യമ ഇൻഫ്ലുവെൻസർ അന്ന ഗ്രേസ് ഓസ്റ്റിൻ ഒന്നാംപ്രതിയാണ്. ഇവർ മുൻകൂർജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്ടുനിന്നാണ് ജോൺസൺ സേവ്യറിനെ കല്പറ്റ പോലീസ് പിടികൂടിയത്.
യു.കെ.യിൽ കെയർടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയിൽനിന്നും ബന്ധുക്കളിൽനിന്നുമായി 44,71,675 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. 2023 ഓഗസ്റ്റ് മുതൽ 2024 മേയ് വരെയുള്ള കാലയളവിലാണ് ഇത്രയും തുക വാങ്ങിയെടുത്തത്.
ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, യുട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയാപേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു.കെ.യിൽ മികച്ച ചികിത്സാസൗകര്യം ഒരുക്കിനൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. തട്ടിപ്പിൽ പോലീസ് കേസെടുത്തതോടെ കോഴിക്കോട്ടെ ഫ്ലാറ്റിലേക്ക് മാറിത്താമസിക്കുന്നതിനിടെയാണ് ജോൺസൺ സേവ്യറിനെ പിടികൂടിയത്.
കല്പറ്റ കൂടാതെ കളമശ്ശേരി, കൂരാച്ചുണ്ട് സ്റ്റേഷനുകളിലും ഇവരുടെ പേരിൽ കേസുണ്ട്. മൂന്ന് കേസാണുള്ളതെന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്നും പോലീസ് പറഞ്ഞു. കല്പറ്റ ഡിവൈ.എസ്.പി. പി.എൽ. ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.