എ.എം ആരിഫ് മുസ്ലീം ലീഗിലേക്ക്? പ്രതികരണവുമായി എം.പി
ആലപ്പുഴ: താന്‍ മുസ്ലീം ലീഗിലേക്ക് ചേക്കേറുമെന്ന തരത്തിലുള്ള വാര്‍ത്തയ്ക്ക് മറുപടിയുമായി ആലപ്പുഴ എം.പി എംഎ ആരിഫ്. ആശയപരമായി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കെല്‍പ്പില്ലാത്ത ഒരു കൂട്ടം മാധ്യമങ്ങളുടെ ഗതികേടിനുദാഹരണമാണ് വാര്‍ത്തയെന്ന് ഫേസ്ബുക്കിലൂടെ ആരിഫ് അറിയിച്ചു. ലീഗ് നേതാക്കളുമായി ആരിഫ് രണ്ട് തവണ ചര്‍ച്ച നടത്തിയെന്നും ഏറെ താമസിയാതെ തന്നെ ആരിഫ് കൂടുമാറ്റം നടത്തുമെന്നുമായിരുന്നു ജന്‍മഭൂമി വാര്‍ത്ത നല്‍കിയത്. മനോരമ മുതല്‍ ജന്മഭൂമി വരെയുള്ള വലതുപക്ഷ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ 2006 മുതല്‍ നടത്തുന്ന പ്രചാരണത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ആരിഫ് കുറിച്ചു.
പാര്‍ട്ടിയില്‍ നടന്നിട്ടില്ലാത്ത ഒരു ചര്‍ച്ച നടന്നു എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന അത്തരം ആളുകളുടെ ഒരു ലക്ഷ്യവും വിജയിക്കുവാന്‍ പോകുന്നില്ല. ആരിഫ് പോരാട്ടപഥങ്ങളില്‍ തന്നെ ഉണ്ടാകും. എന്നെ ഇല്ലാതാക്കുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ആളുകള്‍ക്ക് ഇത്തരം ബൂര്‍ഷ്വ പത്രങ്ങളില്‍ ഉള്ള സ്വാധീനം ഇതില്‍ നിന്നും മനസ്സിലാക്കന്‍ കഴിയും. മുസ്ലിം ലീഗിലേക്ക് ആരിഫ്’ എന്നാണ് ഇപ്പോള്‍ ജന്മഭൂമി ഉയര്‍ത്തുന്ന കള്ള പ്രചാരണം. ഇന്ത്യയെന്ന മതേതര രാജ്യത്തിനു കളങ്കം ഉണ്ടാക്കുവാന്‍ തക്ക നിയമവുമായി ഇറങ്ങി തിരിച്ച ബിജെപി സര്‍ക്കാരിന് എതിരെ നിലപാട് എടുക്കുന്ന പാര്‍ട്ടിയുടെ അംഗമാണ് ഞാന്‍. എനിക്ക് എതിരെ മാത്രം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഇപ്പോള്‍ നടത്തുന്ന അപകീര്‍ത്തി പ്രചാരണത്തിന്റെ പിന്നിലെ ചേതോവികാരം മനസ്സിലാകുന്നുണ്ടെന്നും ആരിഫ് വ്യക്തമാക്കി.
സി.പി.എമ്മിന് കേരളത്തില്‍ നിന്ന് ലോക് സഭയിലുള്ള ഏക എംപിയായ എ.എം. ആരിഫ് മുസ്ലിം ലീഗിലേക്ക് ചേക്കേറാന്‍ തയ്യാറാകുവെന്നായിരിന്നു ജന്മഭൂമി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത അതൃപ്തിയും ആരിഫിനെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടുമാണ് കൂറുമാറ്റത്തിന് പിന്നിലെ കാരണമായി ജന്മഭൂമി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്.
ആ സഖാക്കള്‍ക്കും ആലപ്പുഴയിലെ ജനങ്ങള്‍ക്കും തെറ്റുപറ്റിയിട്ടില്ല എന്നതിന് തെളിവാണ് പാര്‍ലിമെന്റില്‍ കിട്ടുന്ന കുറഞ്ഞ സമയത്തു പോലും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും, ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരികയും ചെയ്യുന്നത്. ആര്‍എസ്എസ് നെ നിരവധി വിഷയങ്ങളില്‍ തുറന്നു കാണിച്ചു എതിര്‍ത്ത് കൊണ്ട് പാര്‌ലിമെന്റില്‍ ഉള്‍പ്പടെ നിലപാടുകള്‍ എടുക്കുന്നത് ആര്‍എസ്എസ് മുഖപത്രമായ ജന്മഭൂമിക്കു ദഹിക്കുന്നില്ല എന്നറിയാം. അതുകൊണ്ടാണ് ജന്മഭൂമി ഇത്തരം വ്യാജ വാര്‍ത്തകള്‍ ഉയര്‍ത്തികൊണ്ട് വരുന്നത്. അത് പ്രചരിപ്പിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടാകാം.