News

‘എന്റെ ജീവന്‍ നിനക്കുള്ളതാണ്, നന്ദി മോളെ’, ഇരുവൃക്കകളും തകരാറിലായ പിതാവിന് ജീവന്‍ തിരികെ നല്‍കിമകള്‍; ഹൃദയം തൊടും കുറിപ്പ്

ജന്മം നല്‍കിയ പിതാവിന് ജീവിതം തിരികെപിടിക്കാന്‍ കരുത്തായി മകളുടെ ത്യാഗം. സോഷ്യല്‍മീഡിയയെ കീഴടക്കുകയാണ് ഈ അച്ഛന്റേയും മകളുടേയും സ്നേഹത്തിന്റെ അനുഭവകഥ. കോവിഡാനന്തരം ഇരുവൃക്കകളും തകരാറിലായി ജീവന്‍ അപകടത്തിലായ പിതാവിന് സ്വന്തം വൃക്ക ദാനം ചെയ്താണ് മകള്‍ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പെണ്‍കുട്ടി ഹൃദയഹാരിയായ കുറിപ്പ് പുറംലോകമറിഞ്ഞത്.

പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ: ഞാന്‍ എപ്പോഴും അച്ഛന്റെ കുട്ടിയായിരുന്നു. ഒരു അച്ഛന്‍ എന്നതിലുപരി അദ്ദേഹമെന്റെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു. .പപ്പ കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞപ്പോഴേ ഭയന്നെങ്കിലും ഭാഗ്യവശാല്‍ അദ്ദേഹം മൂന്നാഴ്ചയ്ക്കകം തന്നെ കോവിഡ് മുക്തനായി. പക്ഷേ, പിന്നീടും അദ്ദേഹത്തിനു വലിയ ക്ഷീണമായിരുന്നു. കോവിഡാനന്തര പ്രശ്നങ്ങളെന്ന് കരുതിയെങ്കിലും ദിനം പ്രതി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ആ വിവരം അറിഞ്ഞത്. പപ്പയുടെ ഇരു വൃക്കകളും തകരാറിലാണ്. എത്രയും പെട്ടന്ന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണം.

ഡോക്ടര്‍ ഇക്കാര്യം പറഞ്ഞതോടെ ആകെ തകര്‍ന്നു പോയി. പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല. പപ്പയ്ക്ക് വൃക്ക നല്‍കാന്‍ തയ്യാറാണെന്ന് ഞാന്‍ ഡോക്ടറെ അറിയിച്ചു. എന്നാല്‍, നീ എന്താണീ പറയുന്നത്? എന്റെ ജീവന്‍ നിലനിര്‍ത്താന്‍ നിന്റെ വൃക്ക കളയരുത്. എനിക്കുവേണ്ടി നീ വേദനിക്കരുത്. നിനക്ക് എന്തെങ്കിലും സംഭവിച്ചാലോ? എന്നായിരുന്നു പപ്പയുടെ വാക്കുകള്‍.

അദ്ദേഹം എന്നോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നറിയാം. പക്ഷേ, അത് എന്റെ പപ്പയാണ്. അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തേണ്ടത് എന്റെ കടമയാണ്. എല്ലാം ശരിയാകുമെന്ന് ഞാന്‍ പപ്പയ്ക്ക് വാക്ക് നല്‍കി. പപ്പയ്ക്ക് ഏറ്റവും അനുയോജ്യം എന്റെ വൃക്കയാണെന്നു പരിശോധനയിലും വ്യക്തമായതോടെ എനിക്കും പപ്പയ്ക്കും ഒരേസമയും സന്തോഷവും സങ്കടവും തോന്നി.

പിന്നെ, ശസ്ത്രക്രിയയ്ക്കു മുന്‍പുള്ള മൂന്നുമാസം ഞങ്ങള്‍ ആരോഗ്യകരമായ ജീവിത ശൈലിയാണ് പിന്തുടര്‍ന്നത്. ദിവസേന വ്യായാമം ചെയ്തു. ആരോഗ്യകരമായ ഭക്ഷണം കഴിച്ചു. ഞങ്ങളെ രീതി കാണുമ്പോള്‍ അമ്മ പറഞ്ഞിരുന്നത് ഈ അച്ഛനും മകളുമാണ് യഥാര്‍ഥ ജോഡികള്‍ എന്നായിരുന്നു. മൂന്നുമാസം വളരെ വേഗത്തില്‍ കടന്നു പോയി. ശസ്ത്രക്രിയയ്ക്ക് തൊട്ടുമുമ്പും നീ എന്തിനാണ് ഇത്രയും റിസ്‌കെടുക്കുന്നത് എന്നായിരുന്നു പപ്പയുടെ ചോദ്യം. ഇതു കേട്ടപ്പോള്‍ ഞാന്‍ പപ്പയെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു. എല്ലാം ശരിയാകും പപ്പാ. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു മണിക്കൂറുകള്‍ക്കു ശേഷമാണ് എനിക്ക് ബോധം വന്നത്. ഡോക്ടറോട് ആദ്യം ചോദിച്ചത് പപ്പയെ കുറിച്ചായിരുന്നു. ‘നീ നിന്റെ അച്ഛന്റെ ജീവന്‍ നിലനിര്‍ത്തി’- എന്നായിരുന്നു ഡോക്ടറുടെ വാക്കുകള്‍.

അതുകേട്ടതും സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നാല്‍ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം ക്ഷീണിതരായിരുന്നു ഞങ്ങള്‍. രണ്ടു ദിവസം വിഡിയോ കോളിലൂടെയാണ് പരസ്പരം സംസാരിച്ചത്. നേരില്‍ കണ്ടപ്പോള്‍ രണ്ടുപേരും കെട്ടിപ്പിടിച്ച് കരഞ്ഞു. ‘എന്റെ ജീവന്‍ നിനക്കുള്ളതാണ്. നന്ദി മോളെ’ എന്നായിരുന്നു കണ്ണീരോടെ പപ്പ പറഞ്ഞത്. ഇപ്പോള്‍ ഞങ്ങളുടെ ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിരിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് സുഖം പ്രാപിച്ചു.- പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു.

ഈസംഭവം തന്നേയും പിതാവിനേയും പരസ്പരം കൂടുതല്‍ അടുപ്പിച്ചെന്നും യാത്രകള്‍ പുനരാരംഭിക്കാന്‍ ഇപ്പോള്‍ ഡോക്ടറുടെ അനുവാദത്തിനായി കാത്തിരിക്കുകയാണെന്നും പെണ്‍കുട്ടി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker