മുംബൈ: ക്യാബിനില്‍ നിന്ന് കരിഞ്ഞ മണം പരന്നതിന് പിന്നാലെ ആകാശ എയറിന്റെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേയ്ക്കുള്ള യാത്രാമധ്യേയാണ് ആകാശ എയര്‍ എ.കെ.ജെ. 1103 ന്റെ ക്യാബിനില്‍ നിന്ന് കരിഞ്ഞ മണം പരന്നത്. വേഗത കൂടുന്തോറും ഗന്ധവും വര്‍ധിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. മുംബൈയില്‍ സുരക്ഷിതമായി തിരിച്ചിറക്കിയ ശേഷം വിമാനത്തില്‍ നിന്ന് യാത്രക്കാരെയെല്ലാം പുറത്തിറക്കി.
വിമാനത്തില്‍ പക്ഷി ഇടിച്ചതാണ് കരിഞ്ഞ മണം ഉയരാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം താഴെയിറക്കിയതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ എന്‍ജിന്റെ ഭാഗത്ത് നിന്നും പക്ഷിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ് ഏഴ് മുതലാണ് ആകാശ എയര്‍ സര്‍വീസ് ആരംഭിച്ചത്.
ഗോവയില്‍ നിന്ന് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ക്യാബിനില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ അടിയന്തിരമായി ഇറക്കിയിരുന്നു. ബുധനാഴ്ച രാത്രിയാണ് ഹൈദരാബാദ് വിമാനത്താവളത്തില്‍ വിമാനം ഇറക്കിയത്. സംഭവത്തെക്കുറിച്ച് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ അന്വേഷണമാരംഭിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം എമര്‍ജന്‍സി എക്‌സിറ്റ് വഴി യാത്രക്കാരെ ഇറക്കി. വിമാനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ യാത്രക്കാരന്റെ കാലില്‍ ചെറിയ പോറലേറ്റതായി ഡിജിസിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിമാനത്തില്‍ 86 യാത്രക്കാരുണ്ടായിരുന്നുവെന്നും അടിയന്തിര ലാന്‍ഡിങ്ങിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി 11 മണിയോടെ ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിരന്തരമായ പ്രശ്‌നത്തെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിരീക്ഷണത്തിലാണ്. ഒക്ടോബര്‍ 29 വരെ മൊത്തം വിമാനങ്ങളുടെ 50 ശതമാനം മാത്രമേ സര്‍വീസ് നടത്താവൂവെന്നും എയര്‍ലൈന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് റെഗുലേറ്റര്‍ അന്വേഷിക്കുകയാണെന്ന് വ്യാഴാഴ്ച ഡിജിസിഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോക്പിറ്റില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന് ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാജ്യത്തെ സ്വകാര്യ എയര്‍ലൈന്‍സ് കമ്പനിയായ സ്‌പെസ്‌ജെറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ വിമാനാപകടങ്ങള്‍ കണക്കിലെടുത്ത് വിമാന കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ സ്വകാര്യ വ്യക്തി ഹര്‍ജി നല്‍കിയിരുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഫലപ്രദമായ സംവിധാനം ഒരുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലിയിലെ ഒരു അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ തകരാറുകള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഡി ജി സി എ നേരത്തെ കമ്പനിയോട് വിശദീകരണം തേടിയിരുന്നു.
സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും നിയമപ്രകാരം സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ഡിജിസിഎ സ്‌പൈസ് ജെറ്റിന് നല്‍കിയ നോട്ടീസില്‍ പറയുന്നു. 18 ദിവസത്തിനിടെ 8 സ്‌പൈസ് ജെറ്റ് വിമാനങ്ങളില്‍ തകരാറുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഡിജിസിഎ നടപടി തുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും, സുരക്ഷയെ ബാധിക്കുന്ന ചെറിയ സംഭവങ്ങളിലും കര്‍ശനമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വ്യക്തമാക്കിയിരുന്നു.